മതവിദ്യാലയങ്ങളെക്കുറിച്ച് നടത്തിയ വിവാദ പ്രസ്താവന കാര്യമായി; തുര്‍ക്കിയില്‍ പോപ് താരത്തെ ജയലിലടച്ചു

നിരവധി ആരാധകരുള്ള പോപ് ഗായികയാണ് ഗുല്‍സന്‍ ചൊളകോളു(46). ഇപ്പോഴിതാ തുര്‍ക്കിയിലെ മതവിദ്യാലയങ്ങളെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയതിന് പിന്നാലെ ഗായികയെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു എന്നുള്ള വാര്‍ത്തയാണ് പുറത്തെത്തുന്നത്.

വെറുപ്പും ശത്രുതയും പ്രചരിപ്പിച്ചെന്ന കുറ്റംചുമത്തിയാണ് ഗായികയുടെപേരില്‍ കേസ് എടുത്തത്. ഏപ്രിലില്‍ ഈസ്താംബൂളില്‍ നടന്ന പരിപാടിക്കിടെയാണ് വിവാദ പരാമര്‍ശമുണ്ടായത്. സഹഗായകരിലൊരാളുടെ വൈകൃതസ്വഭാവം ചെറുപ്പത്തില്‍ മതവിദ്യാലയത്തില്‍ പഠിച്ചതുകൊണ്ടാണെന്നാണ് ഗുല്‍സന്‍ പറഞ്ഞത്.

സംഗീതവേദികളിലെ വേഷവിധാനത്തിന്റെയും ലൈം ഗിക ന്യൂനപക്ഷങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതിന്റെയും പേരില്‍ നേരത്തേ മുതല്‍ തന്നെ ഗുല്‍സന്‍ മൗലികവാദികളുടെ കണ്ണിലെ കരടായിരുന്നു.

ഇവരെ അറസ്റ്റുചെയ്തതിനെതിരെ സാമൂഹികമാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നു. പത്തുമാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ, യാഥാസ്ഥിതികരുടെ പിന്തുണയുറപ്പാക്കാനുള്ള പ്രസിഡന്റ് രജപ് തയ്യിബ് ഉര്‍ദുഗാന്റെ അജന്‍ഡയാണ് അറസ്റ്റിനുപിന്നിലെന്ന് ഒരുവിഭാഗം ആരോപിക്കുന്നു.

Vijayasree Vijayasree :