ഈ വാർത്ത ഏതോ മാധ്യമത്തിൽ കണ്ടിട്ട്, ഞാൻ ഒക്കെ ആണോ എന്നൊക്കെ ചോദിച്ച് അർജുൻ കപൂർ മെസേജ് അയച്ചിരുന്നു; വെളിപ്പെടുത്തി ടൊവിനോ !

വലിയ സിനിമാപാരമ്പര്യമോ കൈപ്പിടിച്ചുയർത്താൻ ഗോഡ് ഫാദറോ ഒന്നുമില്ലാതെ സിനിമയിലെത്തി സ്വന്തമായൊരിടം നേടിയെടുത്ത താരമാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളിലൂടെ പടിപടിയായി ഉയർന്ന് നായകപദവിയോളം എത്താനും ടൊവിനോയ്ക്ക് സാധിച്ചു.ഇന്ന്
മലയാളത്തിലെ യുവനടന്മാരിൽ ഏറ്റവും ശ്രദ്ധേയനാണ് ടൊവിനോ തോമസ്. . വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ടൊവിനോ യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കും പ്രിയങ്കരനായി മാറുകയായിരുന്നു. ഇന്ന് പാൻ ഇന്ത്യൻ തലത്തിൽ അറിയപ്പെടുന്ന നടൻ കൂടിയാണ് ടൊവിനോ തോമസ്.

2012 ൽ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയാണ് ടൊവിനോ തോമസ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് പുറത്തിറങ്ങിയ എബിസിഡി എന്ന ചിത്രത്തിലെ വില്ലൻ വേഷം ടോവിനോയ്ക്ക് ഏറെ ശ്രദ്ധ നേടിക്കൊടുത്തു. എന്നാൽ 2015ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം എന്ന് നിന്റെ മൊയ്തീനാണ് ടൊവിനോയുടെ സിനിമ കരിയറിൽ വഴിത്തിരിവായത്. ചിത്രത്തിലെ ടൊവിനോയുടെ അപ്പു എന്ന കഥാപാത്രം മൊയ്തീനേയും കാ‍ഞ്ചനമാലയേയും പോലെ പ്രേക്ഷക മനസുകളിൽ സ്ഥാനം പിടിച്ചു.

പിന്നാലെ 2016 ൽ ഗപ്പി എന്ന ചിത്രത്തിലൂടെ ടൊവിനോ ഒരു നായക നടനായും മാറി. ഇതോടെ താരത്തിന് കൂടുതൽ ആരാധകരുണ്ടായി. പിന്നീട് ഒരു മെക്സിക്കൻ അപാരത, ഗോദ, മയാനദി തുടങ്ങിയ ചിത്രങ്ങളിലൂടെ ടൊവിനോ യുവതാരങ്ങളിൽ മുൻനിരയിലേക്ക് ഉയരുകയായിരുന്നു. അതിനിടെ തമിഴിൽ പോയി മാരി 2വിൽ ധനുഷിന് വില്ലനായും അഭിനയിച്ചു. ഒടുവിൽ കഴിഞ്ഞ വർഷം അവസാനം ഇറങ്ങിയ മിന്നൽ മുരളിയിലൂടെ ടൊവിനോ ഒരു പാൻ ഇന്ത്യൻ താരമായി മാറുകയായിരുന്നു.

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാല ആയിരുന്നു ടൊവിനോയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു അത്. പ്രേക്ഷക പ്രതീക്ഷകൾ കാത്ത സിനിമ ഇന്നും തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ റിലീസിന് മുൻപ് പ്രമോഷന്റെ ഭാഗമായി ടൊവിനോയും സംഘവും കേരളത്തിൽ ഉടനീളം സഞ്ചരിക്കുകയും ധാരാളം അഭിമുഖങ്ങൾ നൽകുകയും ചെയ്‌തിരുന്നു.

തിരുവന്തപുരത്തും കൊച്ചിയിലുമെല്ലാം ടൊവിനോനെയും സംഘത്തെയും കാണാൻ നിരവധി ആരാധകരാണ് എത്തിയത്. എന്നാൽ കോഴിക്കോട് ഹൈലൈറ്റ് മാളിൽ പരിപാടി വച്ചപ്പോൾ ജനസാഗരമാണ് ഒഴുകി എത്തിയത്. ഇതോടെ അണിയറപ്രവർത്തകർക്ക് പരിപാടി ഉപേക്ഷിച്ച് വേദി വിടേണ്ടി വന്നിരുന്നു. ജനത്തിരക്കിനിടയിൽ പെട്ട ടൊവിനോ ഉൾപ്പടെയുള്ളവർ ഏറെ ബുദ്ധിമുട്ടിയാണ് പുറത്തു കടന്നത്. അന്ന് ഈ സംഭവം വലിയ വാർത്തയായിരുന്നു.

സംഭവത്തിന് ശേഷം ഇൻസ്റ്റാഗ്രാമിലൂടെ ടൊവിനോ ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞിരുന്നു. ഇപ്പോഴിതാ ക്ലബ് എഫ് എമ്മിന് നൽകിയ ഒരു അഭിമുഖത്തിൽ ആ സംഭവത്തിന് ശേഷമുള്ള അനുഭവത്തെ കുറിച്ച് പറയുകയാണ് ടൊവിനോ. അതിന് ശേഷം ഒരുപാട് പേർ തന്നെ വിളിച്ചിരുന്നെന്നും താൻ ഒക്കെയാണോ എന്ന് അന്വേഷിച്ചിരുന്നു എന്നും ടൊവിനോ പറയുന്നു.
വലിയ സന്തോഷണമാണ് അന്നുണ്ടായത്. പലരും വന്ന് എന്നോട് ഒക്കെ ആണോന്ന് ചോദിക്കുമ്പോൾ ഞാൻ ഒക്കെയാണെന്നും സന്തോഷവാനാണെന്നുമാണ് പറഞ്ഞത്. അർജുൻ കപൂർ ഈ വാർത്ത ഏതോ മാധ്യമത്തിൽ കണ്ടിട്ട്, ഞാൻ ഒക്കെ ആണോ എന്നൊക്കെ ചോദിച്ച് മെസേജ് അയച്ചിരുന്നു.

ഞങ്ങൾ ഇടയ്ക്ക് സംസാരിക്കാറുണ്ടായിരുന്നു,’ ടൊവിനോ പറഞ്ഞു. തന്നെ കാണാൻ വന്നവർ തന്നെ ഒരുപാട് സ്നേഹിക്കുന്നവർ ആണ്. അതെല്ലാം ഒരുപാട് സന്തോഷം നൽകുന്നതാണെന്നും ടൊവിനോ പറഞ്ഞു.
അതേസമയം, തല്ലുമാല വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രം ഇതുവരെ ഏകദേശം 40 കോടിയോളം രൂപ കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ.

കല്യാണി പ്രിയദർശനാണ് നായിക വേഷത്തിൽ എത്തുന്നത്. ഷൈൻ ടോം ചാക്കോ, ബിനു പപ്പു, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍, പുതുമുഖങ്ങളായ സ്വാതി ദാസ്, അധ്രി ജോ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് തല്ലുമാല നിര്‍മിച്ചിരിക്കുന്നത്. മുഹ്സിന്‍ പരാരിയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.

AJILI ANNAJOHN :