‘ഇതെല്ലാം കാവിലെ പാട്ടുമത്സരത്തിന്റെ ഭാഗമാണ്’ എന്ന മനോഭാവത്തോടെയാണ് ചുറ്റുമുള്ളവര്‍ കണ്ടത് ; ആദ്യ ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പ് അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളെക്കുറിച്ച് സംവിധായിക ഇന്ദു !

വിജയ് സേതുപതി, ഇന്ദ്രജിത്ത്, നിത്യ മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതയായ ഇന്ദു വി.എസ് സംവിധാനം ചെയ്ത ചിത്രമാണ് 19 (1) (a). ആദ്യ ചിത്രം ’19(1)(എ)റിലീസ് ചെയ്യുന്നതിന് മുന്‍പ് അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ് സംവിധായിക ഇന്ദു വി എസ്. സിനിമ റിലീസ് ചെയ്തപ്പോള്‍ മുതല്‍ താന്‍ അനുഭവിക്കുന്ന സന്തോഷം വലുതാണെന്നും എന്നാല്‍ അതിന് മുന്‍പ് വരെ തന്റെ ഉള്ളില്‍ കുറച്ച് ജീവനേ ബാക്കിയുണ്ടായിരുന്നുള്ളൂവെന്നും ഇന്ദു പറഞ്ഞു. പുറത്തുനിന്ന് ഒരാള്‍ നോക്കിയാല്‍ ഒരു സിനിമ ചെയ്യുന്നു അത് ഇറങ്ങാന്‍ വൈകുന്നു, എന്നാല്‍ ആ സമയത്ത് താന്‍ അനുഭവിച്ചത് വലിയ മാനസിക സംഘര്‍ഷം ആയിരുന്നുവെന്നും സംവിധായിക സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

താന്‍ ഈ ബുദ്ധിമുട്ടുകളും ആശങ്കകളും അനുഭവിക്കുമ്പോഴും ‘ഇതെല്ലാം കാവിലെ പാട്ടുമത്സരത്തിന്റെ ഭാഗമാണ്’ എന്ന മനോഭാവത്തോടെയാണ് ചുറ്റുമുള്ളവര്‍ കണ്ടതെന്നും ഇന്ദു പറഞ്ഞു. താന്‍ ഇപ്പോള്‍ ഇങ്ങനെയൊരു കുറിപ്പ് പങ്കുവയ്ക്കുന്നത് ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോകുന്നവര്‍ക്ക് വേണ്ടിയാണെന്നും ഇന്ദു കൂട്ടിച്ചേര്‍ത്തു.കുറിപ്പ്പതിവിലും വലിയ കുറിപ്പാണ്.. കഴിഞ്ഞ മാസം 29 മുതല്‍, അതായത് സിനിമയുടെ സ്ട്രീമിങ് തുടങ്ങിയ നേരം മുതല്‍, ഈ നിമിഷം വരെ, ഞാന്‍ അനുഭവിച്ചതൊക്കെ അങ്ങേയറ്റം സന്തോഷിപ്പിക്കുന്ന, എന്നും ഓര്‍ത്തിരിക്കുന്ന സ്‌പെഷ്യലായ കാര്യങ്ങളാണ്.

സിനിമയെപ്പറ്റി നല്ലതും മോശവും സമ്മിശ്രവുമൊക്കെയായി വന്നുകൊണ്ടിരിക്കുന്ന അഭിപ്രായങ്ങള്‍. ചെറുതും വലുതുമായ വായനകള്‍, പുനര്‍വായനകള്‍. എന്തൊരു അഭിമാനവും സന്തോഷവുമാണത്. നല്‍കിയ നേരത്തിന്, പങ്കുവെച്ച തോന്നലുകള്‍ക്ക്, നിങ്ങള്‍ ഓരോരുത്തരോടുമുള്ള നന്ദി ഞാന്‍ ദേ ആയിരം തവണ ആവര്‍ത്തിക്കുന്നു.ആമുഖത്തില്‍ ശുഭകരമായ വര്‍ത്താനം എഴുതാന്‍ പറ്റി എന്നുള്ളത് വലിയ കാര്യമായി കരുതുന്നു.

എങ്കിലും അത്ര ലളിതമല്ലാതിരുന്ന, കഴിഞ്ഞ ഒരു വര്‍ഷത്തെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്. എന്റെ മാത്രം കാര്യമായും അല്ലാതെയും എടുക്കാം, നിങ്ങളുടെ ഇഷ്ടം പോലെ. ജീവിതത്തെ, ജീവിക്കുന്ന കാലത്തെ, ചുറ്റുമുള്ള ലോകത്തെ ഇത്രയധികം ആഴത്തിലറിഞ്ഞ ഒരു സമയം എനിക്ക് ഏതയാലും മുന്‍പ് ഉണ്ടായിട്ടില്ല. നിരാശകളും തളര്‍ച്ചകളുമൊക്കെ ലൈഫില്‍ എല്ലാക്കാലവും അനുഭവിക്കുന്നവരാണ് നമ്മളില്‍ വലിയ ശതമാനം ആള്‍ക്കാരും.

അത്തരം പരാതികള്‍ക്ക് വലിയ സ്ഥാനമില്ലെന്ന് മുന്‍പേ ബോധ്യമെനിക്കുണ്ടെന്നാണ് തോന്നിയിട്ടുള്ളത്.പക്ഷേ, കഴിഞ്ഞ ഒരു വര്‍ഷമുണ്ടല്ലോ, ഒരിത്തിരി ജീവനേ എന്റെ ഉള്ളില്‍ ബാക്കി വച്ചിരുന്നുള്ളൂ. ഒരു സിനിമ ചെയ്യുന്നു, അതിറങ്ങാന്‍ വൈകുന്നു, കാര്യം അന്വേഷിച്ചാല്‍ ആത്രേയുള്ളൂ. പക്ഷേ ഞാന്‍ കാണുന്നത്ര ലാളിതമായല്ല ചുറ്റുമുള്ള ലോകം അത് കണ്ടത്. ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാത്ത ആളുകള്‍ക്ക് നേരെ മാത്രം വീണ്ടും ചോദ്യം ഉന്നയിക്കുന്ന, നിസ്സഹായതായായി ഉപദേശങ്ങള്‍ക്ക് മാത്രം ഇടം കണ്ടെത്തിയ, നിശബ്ദതകള്‍ക്ക് പരാജയത്തിന്റെ തലകെട്ടിട്ട ആളുകള്‍, സാഹചര്യങ്ങള്‍. മുറിയില്‍ നിന്നു പുറത്തിറങ്ങാന്‍ മടിച്ച, ഫോണ്‍ വിളികള്‍ ഓരോന്നും പേടിപ്പിച്ച സമയം.

സുഹൃത്തുക്കളെയൊക്കെ കേള്‍ക്കാന്‍, ഏത് സ്ഥലത്തേക്കും ഓടി ഇറങ്ങാന്‍ റെഡി ആയിരുന്ന ഞാന്‍, ആളുകളെ ഭയന്ന് പോയ സമയം. പതിവ് സംസാരങ്ങളും ചര്‍ച്ചയും കഥ പറച്ചിലുകളും എന്നെ കൂടുതല്‍ പ്രശ്‌നത്തിലാക്കി. കഴിഞ്ഞ കുറെ വര്‍ഷം ഞാന്‍ എന്തൊക്കെയായിരുന്നോ, അതല്ലാതായി. സ്വാഭാവികയമായും അത്തരമൊരു അവസ്ഥ, എന്നെപ്പോലെ കൂടെയുള്ളവരെയും പ്രശ്‌നത്തിലാക്കിയിട്ടുണ്ട്. എളുപ്പമല്ലല്ലോ. മനുഷ്യരെ ഹാന്‍ഡില്‍ ചെയ്യാന്‍, അതും ഇത്രയേറെ പ്രെഷറുള്ള, ആശങ്കകള്‍ മാത്രമുള്ള സമയത്ത്.. ‘ its all part of kaavile paatt malsaram’ എന്നാണ് നമ്മടെ ഒരു ആറ്റിട്യൂഡ്. ഒട്ടും ആശയക്കുഴപ്പം ഉണ്ടാക്കാതെ കാര്യങ്ങളെ കണ്ട് പോന്നിരുന്ന എന്നിക്കുമുന്നില്‍ കുഴഞ്ഞ് മറിയാത്തതായി ഒന്നും ഉണ്ടായിരുന്നില്ല.

പിന്നെ പതിയെ, ആ ടൈം പിന്നിടുമ്പോഴേക്കും ഞാന്‍ ജീവിതത്തെ തൊട്ടു. ജീവിതം എന്നെയും. കാര്യങ്ങള്‍ കലങ്ങി തെളിയുമ്പോ, തെളിച്ചം ഇരട്ടിയാണ്, നൂറിരട്ടി. അതില്‍ നിന്നുകൊണ്ട്, ഇതെഴുതുന്നത് എനിക്ക് വേണ്ടി മാത്രല്ല,. ഇങ്ങനൊരു കാലം അനുഭവിച്ച, അനുഭവിക്കുന്ന, എല്ലാവര്‍ക്കുമാണ്. സിനിമ ചെയ്യാന്‍ വൈകും.. ചിലപ്പോ എഴുതി തീരാന്‍ വൈകും. ആരുടെയെങ്കിലുമൊക്കെ പുസ്തകം പാതി വഴിയില്‍ ഉപേക്ഷിക്കപ്പെടും. ചില പാട്ടുകള്‍ ഒഴിവാക്കപ്പെടും. പടം ഇറങ്ങാന്‍ വൈകും. പക്ഷേ ചെയ്യുന്നവര്‍, എഴുതുന്നവര്‍, പാടുന്നവര്‍ അവര്‍ ഇവിടെ തന്നെയുണ്ട്… ചെയ്യട്ടെ…

അല്ലേ. ഓരോരുത്തരും അവരവരുടെ യാത്രകളിലാണ്. അവര്‍ മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കട്ടെ. കനിവോടെ, കരുണയോടെ നോക്കിയാല്‍, നമ്മുടേതല്ലാത്ത യാത്രകളും സുന്ദരമായി തോന്നും. ചിതറിപ്പോയ ചിലതിനെ ചേര്‍ത്ത് വച്ച, കൂടെ കട്ടയ്ക്ക് പിടിച്ച പ്രിയപ്പെട്ടവരേ, നിങ്ങളാട്ടോ ഇന്നത്തെ സമാധാനത്തിന്റെ സന്തോഷത്തിന്റെ അവകാശികള്‍.

AJILI ANNAJOHN :