സമുദായത്തെ മോശമായി ചിത്രീകരിച്ചുവെന്ന പരാതി; സൂര്യയ്‌ക്കെതിരായ ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി!

സൂര്യ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം ‘ജയ്ഭീമി’നെതിരെയുള്ള കേസ് തള്ളി മദ്രാസ് ഹൈക്കോടതി. ചിത്രത്തില്‍ വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് സംവിധായകന്‍ ജ്ഞാനവേലിനും സൂര്യയ്ക്കും ജ്യോതികയ്ക്കും എതിരെയുള്ള കേസ് ആണ് കോടതി തള്ളിയത്. കേസില്‍ ജസ്റ്റിസ് എന്‍ സതീഷ് കുമാറിന്റേതാണ് വിധി.

രുദ്ര വണ്ണിയാര്‍ സേന കഴിഞ്ഞ മെയ് 6 നാണ് പരാതിയുമായി രംഗത്തെത്തിയത്. മെയ് 17 ന് ഇവര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് കെ ചന്ദ്രു നടത്തിയ കേസിനെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിച്ചതെന്ന് സൂര്യയും ജ്ഞാനവേല്‍രാജയും വാദിച്ചു. അദ്ദേഹത്തിന്റെയും മുന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പെരുമാള്‍സാമിയുടെയും ഒഴികെ മറ്റെല്ലാ കഥാപാത്രങ്ങളുടെയും പേരുകള്‍ മാറ്റിയിരുന്നെന്നും ഇരുവരും വാദിച്ചു.

തമിഴ്‌നാട്ടിലെ ഇരുളര്‍ വിഭാഗം നേരിടുന്ന ജാതീയമായ പീഡനങ്ങളും അടിച്ചമര്‍ത്തലുകളും അവകാശത്തിന് വേണ്ടിയുള്ള പോരാട്ടവുമാണ് ചിത്രത്തിന്റെ ഇതിവ്യത്തം. സൂര്യ, ലിജോ മോള്‍ ജോസ്, രജീഷ വിജയന്‍, മണികണ്ഠന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണയും നിരൂപക പ്രശംസയും ലഭിച്ചിരുന്നു. 2021 നവംബര്‍ 2 നാണ് ജയ് ഭീം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്.

AJILI ANNAJOHN :