സരിതാ നായർ പറഞ്ഞത് സത്യമായി; കൊലപാതകമാണെന്നും ഉറപ്പാണ്; ഡ്രൈവറെ കൊണ്ട് ചെയ്യിച്ചതാണോ എന്നും അറിഞ്ഞുകൂട; മരണത്തിന് ഒരാഴ്ച മുൻപ് പറഞ്ഞു ബാങ്കിൽ 1 കോടി ഉണ്ടെന്ന്; ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ച് അച്ഛൻ ഉണ്ണിയുടെ പ്രതികരണം !

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യമില്ല എന്ന തിരുവനന്തപുരം സിജെഎം കോടതിയുടെ വിധി ഇന്നലെ വളരെ വേദനയോടെയാണ് ബാലഭാസ്കറുടെ വേണ്ടപ്പെട്ടവർ കേട്ടിരിക്കുക. ബാലഭാസ്‌കറിന്റെയും മകളുടേയും അപകട മരണം തന്നെ ആണെന്ന് സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച് കൊണ്ട് കോടതി വ്യക്തമാക്കി.

അതേസമയം, കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകാനുളള തീരുമാനത്തിലാണ് ബാലഭാസ്‌കറിന്റെ കുടുംബം. ബാലഭാസ്കറിന്റേത് സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടുളള കൊലപാതകം തന്നെ ആണെന്ന് അച്ഛൻ കെസി ഉണ്ണി പറയുന്നു. ഒരു വാർത്താ ചാനലിനോടാണ് കെസി ഉണ്ണിയുടെ പ്രതികരണം.

ബാലഭാസ്കറുടെ അച്ഛൻ പറഞ്ഞ വാക്കുകൾ വായിക്കാം… ”കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകും. മുഴുവന്‍ കാര്യങ്ങളും അന്വേഷിച്ചിട്ടില്ല. ഫോണ്‍ പരിശോധിച്ചിട്ടില്ല. പൂജാമുറിയിലെ ഫോട്ടോയ്ക്ക് പിന്നിലായിരുന്നു മൂന്ന് ഫോണ്‍. മൂന്നെണ്ണവും ഫോര്‍മാറ്റ് ചെയ്തിരുന്നു. ഒന്നുമില്ലായിരുന്നു അതില്‍. അത് ഫോറന്‍സിക് ലാബില്‍ കൊടുത്ത് റിട്രൈവ് ചെയ്യുമെന്ന് പറഞ്ഞു. പക്ഷേ ചെയ്തതായി അറിയില്ല.

കുറേ ദിവസം മുന്‍പ് സരിത തനിക്ക് രജിസ്‌ട്രേഡ് ലെറ്റര്‍ അയച്ചിരുന്നു. താനത് സ്വീകരിച്ചില്ല. അടുത്ത കാലത്ത് വിളിച്ചിട്ട് പറഞ്ഞു നിങ്ങള്‍ കേസ് തോറ്റ് പോകുമെന്ന്. ശരിയാക്കാം കയ്യില്‍ നല്ല വക്കീല്‍ ഉണ്ടെന്നും പറഞ്ഞു. ശരി ആലോചിക്കട്ടെ എന്ന് താന്‍ മറുപടി നല്‍കി. എല്ലാവരും പ്രതീക്ഷത് തങ്ങള്‍ക്ക് അനുകൂലമായ വിധി വരുമെന്നായിരുന്നു. എന്നാല്‍ വന്നപ്പോള്‍ ഇങ്ങനെയായി.

അന്വേഷണ ഏജന്‍സികള്‍ക്ക് അവരുടേതായ, നമുക്ക് അറിയാത്ത താല്‍പര്യങ്ങള്‍ കാണും. പക്ഷെ സരിത എന്ന സ്ത്രീ എന്തിനാണ് നമ്മുടെ കാര്യത്തില്‍ ഇടപെട്ടത് എന്ന് അറിയില്ല. സ്വര്‍ണ്ണക്കടത്താണ് മരണത്തിന് പിന്നിലെന്നത് നൂറ് ശതമാനം ഉറപ്പാണ്. കൊലപാതകമാണെന്നും ഉറപ്പാണ്. അത് പലരീതിയിലുമാകാം. പിറകിലൂടെ വേഗത്തില്‍ ചേസ് ചെയ്ത് വന്ന് ഇടിച്ചതാകാം. അല്ലെങ്കില്‍ മുന്നിലൂടെ വന്ന് ഇടിച്ചതാകാം.

അതോ ഡ്രൈവറെ കൊണ്ട് ചെയ്യിച്ചതാണോ എന്നും അറിഞ്ഞുകൂട. പക്ഷേ എവിടെയോ എന്തോ കുഴപ്പമുണ്ട്. അതുറപ്പാണ്. ബാലഭാസ്‌കര്‍ സ്വര്‍ണ്ണക്കടത്തില്‍ പങ്കാളിയാകേണ്ട കാര്യമില്ല. കാരണം അവന്റെ കയ്യില്‍ ഇഷ്ടം പോലെ പണമുണ്ട്. മരിക്കുന്നതിന് ഒരാഴ്ച മുന്‍പ് തന്റെ അടുത്ത് വന്ന് പറഞ്ഞു ഫെഡറല്‍ ബാങ്കിലെ എഫ്ഡിയില്‍ ഒരു കോടി രൂപ ബാലന്‍സ് ഉണ്ട് എന്ന്. അത് കൂടാതെ എഫ്ഡി ഒരുപാടുണ്ട്.

ബാലുവിന് സാമ്പത്തിക പ്രശ്‌നങ്ങളൊന്നുമില്ല. അതുകൊണ്ട് കാശിന് വേണ്ടി ഇങ്ങനെയൊന്നും ചെയ്യില്ലെന്ന് ഉറപ്പാണ്. ബാലുവിന്റെ കൂടെ ഉളള മാനേജര്‍മാര്‍ ബാലുവിനെ ഉപയോഗിച്ചു എന്ന് വേണം കരുതാന്‍. സരിത വിളിച്ചപ്പോള്‍ താന്‍ ദേഷ്യപ്പെട്ടിരുന്നു. ആവശ്യമില്ലാത്ത കാര്യത്തില്‍ എന്തിനാണ് ഇടപെടുന്നത് എന്നും കേസ് താന്‍ നടത്തിക്കൊള്ളാമെന്നും പറഞ്ഞു.. അതിന് ശേഷം അവര്‍ വിളിച്ചിട്ടില്ല.

അവന്‍ പോയി, ഇനി തിരിച്ച് കിട്ടില്ല. തനിക്ക് 76 വയസ്സായി. ഇനി എത്ര കാലം ജീവിച്ചിരിക്കാനാണ്. ഈച്ചരവാര്യര്‍ പണ്ട് നടന്നത് പോലെ സഞ്ചിയും തൂക്കി കോടതികളില്‍ നടക്കാം. സ്‌ട്രോക്ക് വന്നതിന് ശേഷം നേരെ നടക്കാന്‍ പറ്റിയിട്ടില്ല. മദ്യപിച്ച പോലിരിക്കും നടക്കുമ്പോള്‍. കൊവിഡും വന്നു. ഇപ്പോഴാണെങ്കില്‍ ഒട്ടും വയ്യ. നിയമസഹായമോ ഒരു സഹായമോ ആരുടെ കയ്യില്‍ നിന്നും കിട്ടിയില്ല”.എന്നും ഉണ്ണി പറഞ്ഞു നിർത്തി.

about balabhaskar

Safana Safu :