ആ പാട്ട് അത്ര വേഗം മറ്റാർക്കും പാടാൻ സാധിക്കുമെന്ന് താൻ കരുതുന്നില്ല, നഞ്ചിയമ്മ പുരസ്‌കാരത്തിന് അർഹയാണ് ; അപർണ്ണ ബാലമുരളി പറയുന്നു !

അറുപ്പത്തിയെട്ടാമത്‌ ദേശീയ പുരസ്കാരത്തിൽ മികച്ച പുരസ്‌കാരം നഞ്ചിയമ്മയ്ക്ക് ലഭിച്ചതിനെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി അപർണ്ണ ബാലമുരളി. നഞ്ചിയമ്മയുടെ ശബ്ദം ആ ഗാനത്തിന് യോജ്യമാണ്. ആ പാട്ട് അത്ര വേഗം മറ്റാർക്കും പാടാൻ സാധിക്കുമെന്ന് താൻ കരുതുന്നില്ല. അതിനാൽ തന്നെ നഞ്ചിയമ്മ പുരസ്‌കാരത്തിന് അർഹയാണ് എന്ന് നടി പറഞ്ഞു. തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അപർണ്ണ.’അത് അവരുടെ വിജയമായാണ് എനിക്ക് തോന്നുന്നത്. നഞ്ചിയമ്മ ഒരു ഗായിക അല്ലാത്തത് കൊണ്ട് ചിലപ്പോൾ ശ്രദ്ധിക്കാതിരിക്കാം. നഞ്ചിയമ്മയുടെ കഴിവ് തിരിച്ചറിഞ്ഞ് അണിയറ പ്രവർത്തകർ ആ പാട്ട് സിനിമയിലേക്ക് കൊണ്ടു വന്നു. ആ പാട്ട് ഭയങ്കര പെർഫെക്റ്റ് ആണ്. പാട്ടിന് വേണ്ടുന്ന ശബ്ദമാണ് നഞ്ചിയമ്മയുടേത്. അത് നമുക്ക് ആർക്കും അത്ര വേഗം പാടാൻ കഴിയുന്ന പാട്ടല്ല. ഭയങ്കരമായി തന്നെ നഞ്ചിയമ്മ അവാർഡ് അർഹിക്കുന്നു’, അപർണ്ണ വ്യക്തമാക്കി.

സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന് വേണ്ടി ആലപിച്ച ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് പുരസ്‌കാരം ലഭിച്ചത്. പിന്നാലെ നഞ്ചിയമ്മ അവാര്‍ഡിന് അര്‍ഹയല്ലെന്ന വിമര്‍ശനവുമായി സംഗീതജ്ഞന്‍ ലിനു ലാല്‍ എത്തുകയായിരുന്നു. ഒരു മാസം സമയം കൊടുത്താല്‍ പോലും ഒരു സാധാരണ ഗാനം നഞ്ചിയമ്മയ്ക്ക് പാടാന്‍ കഴിയില്ലെന്നും പുരസ്‌കാരം നല്‍കിയത് സംഗീതത്തിനായി ഉഴിഞ്ഞുവെച്ചവര്‍ക്ക് അപമാനമായി തോന്നുമെന്നുമായിരുന്നു ലിനുവിന്റെ വിമര്‍ശനം.

എന്നാല്‍ നഞ്ചിയമയ്ക്ക് പിന്തുണയുമായി സിനിമാ-സംഗീത രംഗത്തെ പലരും രംഗത്തെത്തി. നഞ്ചിയമ്മ ഹൃദയംകൊണ്ട് പാടുന്നത് നൂറ് വര്‍ഷം എടുത്താലും പാടാന്‍ സാധിക്കില്ലെന്നാണ് വിഷയത്തില്‍ അല്‍ഫോന്‍സ് ജോസഫ് പ്രതികരിച്ചത്. നഞ്ചിയമ്മ ആ ഗാനം ആലപിച്ച ശൈലി തനിക്കേറെ ഇഷ്ടമായെന്നും തന്റെ മനസ്സിൽ നഞ്ചിയമ്മയ്ക്ക് തന്നെയാണ് പുരസ്കാരമെന്നും ദുൽഖർ സൽമാൻ പറഞ്ഞു. ഹൃദയത്തില്‍ തൊടുന്നതാണ് നഞ്ചിയമ്മയുടെ പാട്ട് എന്നും ഔപചാരികമായ പരിശീലനം നടത്തിയവര്‍ക്ക് മാത്രമേ മികച്ച ഗായകരാകാന്‍ സാധിക്കുകയുള്ളു എന്നത് തെറ്റിദ്ധാരണയാണെന്നും ശ്വേതാ മേനോന്‍ പ്രതികരിച്ചിരുന്നു. ഇവരെ കൂടാതെ ഹരീഷ് ശിവരാമകൃഷ്ണന്‍, ബിജിപാല്‍, സിത്താര കൃഷ്ണ കുമാര്‍ തുടങ്ങിയവരും നഞ്ചിയമ്മയ്ക്ക് പിന്തുണയറിയിച്ചെത്തിയിരുന്നു.

AJILI ANNAJOHN :