കാട്ടു ചെമ്പകം പൂവിട്ട പോലെ ഉള്ളു നിറയെ പൂത്തു കിടക്കുന്ന ആ സംഗീതത്തിന് ഒരു ഗുരു പാരമ്പര്യം അവകാശപ്പെടാനുണ്ടാവില്ല… പ്രകൃതിയെന്ന ഗുരുവിൽ നിന്നും സ്വായത്തമാക്കിയ അവരുടെ സംഗീതപഠനം ഈശ്വരൻ്റെ വരദാനമാണ്; കുറിപ്പ് വൈറൽ

ദേശീയ ചലച്ചത്ര പുരസ്കാരം നഞ്ചിയമ്മക്ക് ലഭിച്ചതിന് പിന്നാലെ പലവിധത്തിലുള്ള പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ നഞ്ചിയമ്മയെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ചു പാർവതി പ്രഭീഷ്. ‘ലിപി പോലുമില്ലാത്ത ഭാഷയിൽ നഞ്ചിയമ്മയുടെ ഹൃദയത്തിൽ നിന്നാണ് ആ പാട്ട്‌ യാത്ര തുടങ്ങിയത്‌. അട്ടപ്പാടിയിലെ നഞ്ചിയമ്മയുടെ നക്കുപ്പതി ഊരും വിട്ട്‌ ചുരമിറങ്ങി വന്ന പാട്ട് നേരെ കയറിയങ്ങിരുന്നത് മലയാളികളുടെ ഹൃദയത്തിലാണ്. ഹൃദയം കൊണ്ട് പാടിയ ഒരമ്മയുടെ സംഗീതത്തെ ഹൃദയം കൊണ്ട് സ്വീകരിച്ചു നമ്മൾ. റിലീസിനു മുന്നേ ഹിറ്റായി കലക്കാത്ത സന്ദനവും ദൈവമകളെയും ഒക്കെ! ഒപ്പം നഞ്ചിയമ്മയെന്ന പേരും’- എന്നും അവർ കുറിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ലിപി പോലുമില്ലാത്ത ഭാഷയിൽ നഞ്ചിയമ്മയുടെ ഹൃദയത്തിൽ നിന്നാണ് ആ പാട്ട്‌ യാത്ര തുടങ്ങിയത്‌. അട്ടപ്പാടിയിലെ നഞ്ചിയമ്മയുടെ നക്കുപ്പതി ഊരും വിട്ട്‌ ചുരമിറങ്ങി വന്ന പാട്ട് നേരെ കയറിയങ്ങിരുന്നത് മലയാളികളുടെ ഹൃദയത്തിലാണ്. ഹൃദയം കൊണ്ട് പാടിയ ഒരമ്മയുടെ സംഗീതത്തെ ഹൃദയം കൊണ്ട് സ്വീകരിച്ചു നമ്മൾ. റിലീസിനു മുന്നേ ഹിറ്റായി കലക്കാത്ത സന്ദനവും ദൈവമകളെയും ഒക്കെ! ഒപ്പം നഞ്ചിയമ്മയെന്ന പേരും!

നഞ്ചിയമ്മയ്ക്ക് കാടിന്റെ പാട്ടാണ് പഴക്കവും വഴക്കവും. പുഴയുടെയും കാറ്റിന്റെയും സംഗീതമാണ് നഞ്ചിയമ്മയുടെ സംഗീതം. കാട്ടു ചെമ്പകം പൂവിട്ട പോലെ ഉള്ളു നിറയെ പൂത്തു കിടക്കുന്ന ആ സംഗീതത്തിന് ഒരു ഗുരു പാരമ്പര്യം അവകാശപ്പെടാനുണ്ടാവില്ല .ഒരു സംഗീത കോളേജിലെയും സംഗീത ഗുരുക്കന്മാരുടെയും എൻറോൾമെന്റ് രജിസ്റ്ററിൽ നഞ്ചിയമ്മയ്ക്കോ അവരുടെ സംഗീതത്തിനോ ഹാജറും ഉണ്ടാകില്ല. പക്ഷേ പ്രകൃതിയെന്ന ഗുരുവിൽ നിന്നും സ്വായത്തമാക്കിയ അവരുടെ സംഗീതപഠനം ഈശ്വരൻ്റെ വരദാനമാണ്.

അത് വർഷങ്ങളോളം ഗുരുമുഖത്ത് നിന്ന് ശുദ്ധസംഗീതം പഠിച്ച ഒരാൾക്കൊപ്പം തന്നെ ശ്രേഷ്ഠതരമാണ്. പ്രകൃതിയേക്കാൾ വലിയ സംഗീതജ്ഞനും ഗുരുവും മറ്റാരാണ്? പ്രകൃതി മാതാവിന്റെ വരദാനം കണ്ഠനാളികളിൽ ഏറ്റുവാങ്ങിയ ഈ പാട്ടമ്മയേക്കാൾ മികച്ചവർ വേറെയില്ലെന്ന് പറയുന്നില്ല; ധാരാളമുണ്ടാകും. പക്ഷേ അവരേക്കാൾ ഒട്ടും താഴെയല്ല ഈ അമ്മയുടെ സ്ഥാനം. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ഇവർക്ക് കിട്ടിയ ആദ്യ അംഗീകാരമല്ല.

ഫോക്‌ലോർ അക്കാദമിയുടെ ഗോത്ര ഗായികയ്ക്കുള്ള ആദ്യത്തെ അവാർഡ് നഞ്ചിയമ്മയ്ക്കായിരുന്നു. സംഗീത സദസ്സുകളിൽ ശുദ്ധസംഗീതത്തിൻ്റെ കച്ചേരി നടത്തിയിട്ടില്ലെങ്കിലും ആസാദ് കലാസംഘത്തിൻ്റെ പാട്ടുകാരിൽ ഒരാളായി കലോത്സവങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ എല്ലാ ജില്ലകളിലും നഞ്ചിയമ്മ പാടിയിട്ടുണ്ട്. 2012ൽ തഞ്ചാവൂരിലെ സൗത്ത് സോൺ കൾച്ചറൽ സെന്റർ വഴി ഡൽഹിയിലെ നാഷനൽ ട്രൈബൽ ഫെസ്റ്റിൽ പങ്കെടുത്ത് പാടിയിട്ടുണ്ട്. കേരളോത്സവങ്ങളിലും ടൂറിസ്റ്റ് ഡിപാർട്ട്മെന്റിന്റെ ഗദ്ദിക പ്രോഗ്രാമുകളിലുമെല്ലാമായി ധാരാളം അവസരങ്ങൾ കിട്ടിയ പാട്ടുകാരിയാണ് നാഞ്ചിയമ്മ.

ഗോത്രസമൂഹത്തിന്റെ ശുദ്ധതാളമാണ് ഈ കലാകാരിയുടെ സംഗീത പാരമ്പര്യം. ആ പാരമ്പര്യത്തെ കുറിച്ച് നമുക്ക് അറിവില്ലാത്തത് നമ്മുടെ അജ്ഞതയാണ്. അല്ലാതെ നാഞ്ചിയമ്മയുടെ അജ്ഞതയല്ല. പുഴയുടെ താളം, കാടിന്റെ ഈണം, കാറ്റത്തെ ഇലയിരമ്പം അതൊക്കെയാണ് നാഞ്ചിയമ്മയുടെ ശ്രുതിയും താളവുമെല്ലാം. ആ ശ്രുതിയും താളവും ഈണവും നമുക്ക് പരിചിതമല്ലാത്തത് നമ്മുടെ കുറവാണ്; അല്ലാതെ അവരുടെ കുറവല്ല.

Noora T Noora T :