ഒരു മനുഷ്യന്‍ പോലും സിനിമയില്‍ കഥാപത്രമാവില്ല, യാതൊരു അനിമേഷനുമില്ലാതെ മൃഗങ്ങള്‍ മാത്രം കഥാപാത്രങ്ങള്‍; പുത്തന്‍ പരീക്ഷണത്തിനൊരുങ്ങി പാര്‍ത്ഥിപന്‍

വ്യത്യസ്തമായ സിനിമകളിലൂടെ നടനായും സംവിധായകനായും മികവ് തെളിയിച്ച നടനാണ് പാര്‍ത്ഥിപന്‍. അദ്ദേഹത്തിന്റെ ‘ഇരവിന്‍ നിഴല്‍’ എന്ന സിനിമ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇപ്പോഴിതാ പുതുമയാര്‍ന്ന ഒരു ആശയവുമായി പാര്‍ത്ഥിപന്‍ വീണ്ടും എത്തുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

പുതിയ സിനിമയില്‍ മൃഗങ്ങള്‍ മാത്രമായിരിക്കും കഥാപാത്രങ്ങളാവുക. ഒരു മനുഷ്യന്‍ പോലും സിനിമയില്‍ കഥാപത്രമാവില്ല. സിനിമ യാതൊരു അനിമേഷന്‍ സാധ്യതകളുമില്ലാതെയായിരിക്കും ഒരുക്കുക എന്നും സൂചനകളുണ്ട്. എന്നാല്‍ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും വന്നിട്ടില്ല.

നിലവില്‍ ‘ഇരവിന്‍ നിഴല്‍’ ഹിന്ദി റീമേക്കും പാര്‍ത്ഥിപന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അജയ് ദേവ്ഗണ്‍ ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക. ലോകത്തിലെ തന്നെ ആദ്യത്തെ നോന്‍ലീനിയര്‍ സിംഗിള്‍ ഷോട്ട് ചിത്രമാണ് ‘ഇരവിന്‍ നിഴല്‍’.

2019ല്‍ അദ്ദേഹം സംവിധാനം ചെയ്ത ‘ഒത്ത സെരുപ്പ് സൈസ് 7’ ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്ത്യ ബുക്ക്‌സ് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടിയിരുന്നു. പാര്‍ത്ഥിപന്‍ തിരക്കഥയും സംവിധാനവും നിര്‍മ്മാണവും നിര്‍വഹിച്ച സിനിമയിലെ ഏക അഭിനേതാവും അദ്ദേഹം തന്നെയാണ്. ഏക അഭിനേതാവ് മാത്രം അഭിനയിച്ച മൂന്നാമത്തെ തെന്നിന്ത്യന്‍ ചിത്രമാണ് ‘ഒത്ത സെരുപ്പ്’.

Vijayasree Vijayasree :