‘കടുവ’യ്ക്ക് ഒപ്പം തീയറ്ററുകളും ഗർജിച്ചു തുടങ്ങുന്നു…മലയാളികൾ വീണ്ടും തീയറ്ററുകളെ പുണരുന്നു! ഷാജി കൈലാസിനും പൃഥ്വിരാജിനും നന്ദിയെന്ന് നിർമ്മാതാവ് ആന്റോ ജോസഫ്

ഇന്നലെ റിലീസായ പൃഥ്വിരാജ് ചിത്രം കടുവയ്ക്ക് മികച്ച പ്രതികരണമാണ് ആദ്യ ദിവസം ലഭിച്ചത്. മാസ് എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നല്‍കുന്നത് എന്നാണ് പൊതു അഭിപ്രായം.

ആദ്യ പ്രദർശനം മുതൽ മികച്ച അഭിപ്രായം നേടിയ ചിത്രം തിയറ്ററുകളിലേക്ക് വീണ്ടും പ്രേക്ഷകരെ കൂട്ടുകയാണ്. തിയറ്ററുകൾ വീണ്ടും പ്രതാപത്തിലേക്ക് ഉണരുന്ന കാഴ്ചയാണ് കടുവ സമ്മാനിക്കുന്നതെന്നാണ് നിർമാതാവ് ആന്റോ ജോസഫ് ഫെയ്സ്ബുക്കിൽ കുറിച്ചത്.

ആന്റോ ജോസഫിന്റെ കുറിപ്പ്:

മലയാളികളുടെ ആഘോഷത്തിൻ്റെ, ആഹ്ലാദത്തിൻ്റെ ഏറ്റവും വലിയ അടയാളങ്ങളിലൊന്നാണ് സിനിമാ തിയറ്ററുകൾ. ഓലക്കൊട്ടകക്കാലം മുതൽ മൾട്ടിപ്ലക്സുകൾ വരെയുളള സിനിമാശാലകളുടെ ജീവിതകഥ ആർപ്പുവിളികളും ചൂളം കുത്തലുകളും കൈയ്യടികളും കടലാസു പക്കികളുമൊക്കെ നിറഞ്ഞതാണ്. തീയറ്ററുകളിലിരുന്ന് നമ്മൾ കരഞ്ഞു, ചിരിച്ചു, രോഷം കൊണ്ടു,എല്ലാ വ്യഥകളും മാറ്റി വച്ച് രണ്ടോ രണ്ടരയോ മണിക്കൂർ സ്വയം മറന്നു. പക്ഷേ കുറച്ചു നാളുകളായി കേരളത്തിലെ തിയറ്ററുകളിൽ ആളനക്കമില്ലായിരുന്നു. ഉത്സവപ്പിറ്റേന്നത്തേതുപോലുള്ള തണുത്ത ശൂന്യത. ഒരു കാലം ആൾക്കടലുകൾ ഇരമ്പിയിരുന്ന തിയറ്റർ മുറ്റങ്ങൾ ആരോരുമില്ലാതെ ഉറങ്ങിക്കിടന്നു.

‘ഹൗസ് ഫുൾ’ എന്ന ബോർഡ് തൂങ്ങിയിരുന്നിടത്ത് ‘നോ ഷോ ‘ എന്ന ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. എന്തായിരുന്നു അതിന് കാരണമെന്ന് ആർക്കും കണ്ടെത്താനാകുന്നില്ല. കോവിഡ് കീഴ്മേൽ മറിച്ചവയുടെ കൂടെ തിയറ്ററുകളും എന്ന് ലളിതമായി പറയാമെങ്കിൽക്കൂടി. പക്ഷേ ഇപ്പോഴിതാ തീയറ്ററുകൾ വീണ്ടും പ്രതാപത്തിലേക്ക് ഉണരുന്ന കാഴ്ച. ‘കടുവ’ എന്ന സിനിമയ്ക്കൊപ്പം തീയറ്ററുകളും ഗർജിച്ചു തുടങ്ങുന്നു. മഴയെ തോൽപ്പിച്ച് ഇടിച്ചു കുത്തി കാണികൾ പെയ്യുന്നു. മലയാളികൾ വീണ്ടും തീയറ്ററുകളെ പുണരുന്നു. നന്ദി പറയാം ഷാജി കൈലാസിനും പൃഥ്വിരാജിനും സുപ്രിയയ്ക്കും ലിസ്റ്റിൻ സ്റ്റീഫനും ജിനു എബ്രഹാമിനും ‘കടുവ ‘യുടെ മറ്റെല്ലാ അണിയറ പ്രവർത്തകർക്കും… നിങ്ങൾ തിരികെത്തന്നത് ഒരു വ്യവസായത്തിൻ്റെ ഏറ്റവും ഊർജ്ജസ്വലമായ മുഹൂർത്തങ്ങളെയാണ്. ഈ ആവേശം ഇനിയെന്നും തിയറ്ററുകളിൽ നിറയട്ടെ..

Noora T Noora T :