അവതാറിന്റെ അടുത്ത രണ്ടു സിനിമകള്‍ക്ക് ശേഷമുള്ള ഭാഗങ്ങള്‍ താന്‍ ചെയ്‌തേക്കില്ല; തുറന്ന് പറഞ്ഞ് സംവിധായകന്‍ ജെയിംസ് കാമറൂണ്‍

ലോക സിനിമാപ്രേമികള്‍ ഒരേപോലെ കാത്തിരിക്കുന്ന ചിത്രമാണ് ‘അവതാര്‍’. ജെയിംസ് കാമറൂണ്‍ സംവിധാനത്തില്‍ പുറത്തെത്തുന്ന ദൃശ്യ വിസ്മയം പല റെക്കോര്‍ഡുകളും ഭേദിക്കുമെന്നാണ് വിവരം. എന്നാല്‍ അവതാറിന്റെ അടുത്ത രണ്ടു സിനിമകള്‍ക്ക് ശേഷമുള്ള ഭാഗങ്ങള്‍ താന്‍ ചെയ്‌തേക്കില്ല എന്നാണ് കാമറൂണ്‍ പറയുന്നത്.

‘എനിക്ക് തോന്നുന്നത് കാലാനുസൃതമായി മൂന്നാം ഭാഗത്തിനോ നാലാം ഭാഗത്തിനോ ശേഷം മറ്റൊരു സംവിധായകന് ഇത് കൈമാറേണ്ടി വരും. അങ്ങനെയാകുമ്പോള്‍ എനിക്കും താല്‍പ്പര്യമുള്ള മറ്റ് ചില കാര്യങ്ങള്‍ ചെയ്യാന്‍ പോകാം’, എന്നും ജെയിംസ് കാമറൂണ്‍ പറഞ്ഞു. നിലവില്‍ അവതാര്‍ രണ്ടാം ഭാഗം ആണ് റിലീസ് കാത്തിരിക്കുന്ന കാമറൂണ്‍ ചിത്രം.

അവതാറിന്റെ ആദ്യഭാഗം കാടുകളെക്കുറിച്ചും വനനശീകരണത്തിനെതിരെയും ആയിരുന്നെങ്കില്‍ അവതാര്‍ രണ്ടും മൂന്നും പറയുന്നത് സമുദ്രവും പരിസരവുമാണ്. മെറ്റ്കയിന എന്ന പേരിലുള്ള പാറകളില്‍ വസിക്കുന്ന നവിയുടെ ഒരു പുതിയ വംശത്തെ രണ്ടാം ഭാഗത്തില്‍ അവതരിപ്പിക്കുന്നുണ്ട്. വര്‍ഷങ്ങളോളം നീണ്ട സാങ്കേതിക ഗവേഷണങ്ങളിലൂടെയും അഭിനേതാക്കളുടെ പരിശീലനവും കഴിഞ്ഞതിനു ശേഷം വെള്ളത്തിനടിയില്‍ വെച്ചായിരുന്നു അവതാര്‍ 2ന്റെ ചിത്രീകരണം.

ചിത്രത്തിന്റെ സാങ്കേതികത്വം എടുത്തു പറയേണ്ട ഒന്നാണ്. ചിത്രം ഡിസംബറില്‍ തിയേറ്ററുകളില്‍ എത്തും. സിനിമയുടെ കഥ പൂര്‍ണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് കാമറൂണ്‍ പറയുന്നത്. നെയിത്രിയെ വിവാഹം ചെയ്യുന്ന ജേക്ക് ഗോത്ര തലവനാകുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നതെന്നാണ് സൂചന. സോ സല്‍ദാന, സാം വര്‍ത്തിംഗ്ടണ്‍, കേറ്റ് വിന്‍സ്ലെറ്റ്, വിന്‍ ഡീസല്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Vijayasree Vijayasree :