എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഒരു സംഗതിയാണ് വിളിച്ചാല്‍ നിങ്ങള്‍ ക്യൂവിലാണെന്നുള്ള മറുപടി; ദൈവം നമുക്കായി മറ്റ് വഴികള്‍ കാണിച്ചുതന്നിട്ടുണ്ട്,അവിടേക്ക് പോകും; ബാലചന്ദ്രമേനോന്‍ പറയുന്നു !

കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍മാണവും സ്വന്തം കൈയിലൊതുക്കി സിനിമാമേഖലയില്‍ ചരിത്രം സൃഷ്ടിച്ച താരമാണ് ബാലചന്ദ്രമേനോന്‍ മലയാള സിനിമയുടെ വണ്‍ ആന്‍ഡ് ഒണ്‍ലി ബാലചന്ദ്രമേനോന്‍. തലയിലൊരു കെട്ടും കണ്ണുകളില്‍ കുറുമ്പും അതുവരെ മലയാള ആസ്വാദകലോകം കേട്ടിട്ടില്ലാത്ത സ്വാഭാവികമായ ഒരു വര്‍ത്തമാന ശൈലിയുമായി എഴുപതുകളുടെ ഒടുവില്‍ എത്തിയ താരത്തിനെ ഇരും കൈനീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത് . പുതിയൊരു ചലച്ചിത്ര സംസ്‌കാരം മലയാള സിനിമയ്ക്കു നല്കിയ ബാലചന്ദ്രമേനോന്‍ എന്നും സ്ത്രീപക്ഷത്തു നില്ക്കുന്ന സംവിധായകന്‍ കൂടിയാണ്.

ഇടക്കാലത്ത് സിനിമയില്‍ നിന്നു വിട്ടുനിന്നെങ്കിലും വെള്ളിത്തിരയിലേക്ക് അദ്ദേഹം തിരികെയെത്തിയിരുന്നു. ശക്തമായ വേഷങ്ങളില്‍ അദ്ദേഹത്തിന്റെ മടങ്ങിവരവ് കാത്തിരിക്കുകയാണ് ആരാധകരും. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വണ്‍ ആയിരുന്നു ബാലചന്ദ്രമേനോന്‍ ഒടുവില്‍ അഭിനയിച്ച ചിത്രം.ബാലചന്ദ്രമേനോന്റെ സിനിമകളില്‍ സൂപ്പര്‍ താരങ്ങളുടെ സാന്നിദ്ധ്യം വളരെ കുറവാണെന്ന നിരീക്ഷണത്തോട് പ്രതികരിക്കുകയാണ് ഇപ്പോള്‍ അദ്ദേഹം. കൈരളി ടിവിയിലെ ജെബി ജങ്ഷനില്‍ അവതാരകന്‍ ജോണ്‍ ബ്രിട്ടാസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബാലചന്ദ്രമേനോന്‍ ഇതേക്കുറിച്ച് പറഞ്ഞത്.

‘സൂപ്പര്‍ താരങ്ങള്‍ വേണ്ട എന്ന അഭിപ്രായം എനിക്കില്ല. കുറച്ചുനാള്‍ മുമ്പ് കുഞ്ഞനന്തന്റെ കട എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഞാന്‍ മമ്മൂട്ടിയോട് ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. മമ്മൂട്ടിയ്‌ക്കൊപ്പം ഒരു സിനിമ ചെയ്തിട്ട് വളരെ വര്‍ഷങ്ങളായി.

ഒരിക്കല്‍ മാത്രമേ ഞാന്‍ മമ്മൂട്ടിയോട് ഡേറ്റ് ചോദിച്ചിട്ടുള്ളൂ. നയം വ്യക്തമാക്കുന്നു എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു ഡേറ്റ് ചോദിച്ചത്. അന്ന് അത് എന്റെ ആവശ്യം കൂടിയായിരുന്നു. ഞാന്‍ ഡേറ്റ് ചോദിച്ചപ്പോള്‍ മമ്മൂട്ടി തരികയും ചെയ്തിരുന്നു.പിന്നീട് ഞാന്‍ അവരെ സമീപിച്ചിട്ടില്ല എന്നതാണ് സത്യം. അപ്പോഴേക്കും അവര്‍ക്കെല്ലാം വലിയ തിരക്കായി. പിന്നീട് അവര്‍ക്ക് ചുറ്റും വലിയൊരു സാമ്രാജ്യം തന്നെ രൂപപ്പെട്ട കാഴ്ചയാണ് കണ്ടത്.

പക്ഷെ, എന്നും ഞാന്‍ വിളിച്ചാല്‍ വിളിപ്പുറത്തുണ്ടായിരുന്നു. ഏപ്രില്‍ 18 എന്ന സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ പോലും ഞാന്‍ സ്വന്തമായി കാറോടിച്ച് പെട്രോള്‍ പമ്പില്‍ പോയി പെട്രോളടിച്ച് തനിയെ തിരികെ വന്നിട്ടുള്ളയാളാണ്.

എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഒരു സംഗതിയാണ് വിളിച്ചാല്‍ നിങ്ങള്‍ ക്യൂവിലാണെന്നുള്ള മറുപടി. ദൈവം നമുക്കായി മറ്റ് വഴികള്‍ കാണിച്ചുതന്നിട്ടുണ്ട്. അവിടേക്ക് പോകും. ദുരഭിമാനമാണോ അതിന് പിന്നിലെന്ന ചോദ്യത്തിന് പാട്ടുപാടിയാണ് ബാലചന്ദ്രമേനോന്‍ അതിന് മറുപടി കൊടുത്തത്.അതേസമയം തനിക്ക് കഥയെഴുത്താണ് ഏറ്റവും സംതൃപ്തി നല്‍കിയ കാര്യമെന്ന് ബാലചന്ദ്രമേനോന്‍ പറയുന്നു. ‘രാത്രിയില്‍ എല്ലാവരും ഉറങ്ങിക്കഴിയുമ്പോള്‍ ഞാനും പേനയും മാത്രമായ ഒരു ഒറ്റപ്പെടല്‍ ഉണ്ട്. ഒരു ചെറിയ സ്‌പോട്ട് ലൈറ്റിന്റെ വെളിച്ചത്തില്‍ ഞാനും ആ പേനയും മാത്രമാകുമ്പോള്‍ അതില്‍ മുഴുകുന്ന ഒരു സമയമുണ്ട്.

അതൊരു മാന്ത്രികമായ നിമിഷമാണ്. അതിനെ ആര്‍ക്കും സ്വാധീനിക്കാനാവില്ല. അത്തരമൊരു സ്വാതന്ത്യം മറ്റൊരു കലയിലും നമുക്ക് ലഭിക്കില്ലെന്നാണ് എന്റെ വിശ്വാസം.’ ബാലചന്ദ്രമേനോന്‍ പറയുന്നു.

AJILI ANNAJOHN :