ഏഴ് മിനിറ്റ് മാത്രമാണ് താന്‍ മാസ്റ്ററിന്റെ കഥ കേട്ടത്, പത്ത് മിനിറ്റിന് താഴെയാണ് വിക്രമിന്റേ കഥ കേട്ടത്; ലോകേഷ് കനകരാജിനെ കുറിച്ച് വിജയ് സേതുപതി

ചുരുങ്ങിയ കാലയളവ് കൊണ്ട് തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ ഇഷ്ട സംവിധായകരില്‍ ഒരാളായി മാറിയ വ്യക്തിയാണ് ലോകേഷ് കനകരാജ്. കരിയറില്‍ സംവിധാനം ചെയ്ത നാല് ചിത്രങ്ങളും പ്രേക്ഷകര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് നേടിയത്. കമല്‍ ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി, സൂര്യ തുടങ്ങി വന്‍ താരനിര അണിനിരന്ന വിക്രമാണ് ലോകേഷിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.

ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ലോകേഷ് കനകരാജിനെ കുറിച്ച് വിജയ് സേതുപതി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ലോകേഷ് തനിക്ക് ഏറെ വിശ്വാസമുള്ള സംവിധായകന്‍ ആണെന്നാണ് വിജയ് സേതുപതി പറയുന്നത്. തമിഴിലെ ഏറ്റവും കഴിവുള്ള സംവിധായകരിലൊരാളാണ് ലോകേഷ് കനകരാജ് എന്നും ഏഴ് മിനിറ്റ് മാത്രമാണ് ഞാന്‍ മാസ്റ്ററിന്റെ കഥ കേട്ടതെന്നും അദ്ദേഹം പറയുന്നു.

‘വിക്രമിന്റേ കഥ കേട്ടത് പത്ത് മിനിറ്റിന് താഴെയാണ്. ലോകേഷ് എനിക്ക് ഏറെ വിശ്വാസമുള്ള സംവിധായകനാണ്’ വിജയ് സേതുപതി പറഞ്ഞു. ‘അദ്ദേഹം എനിക്കായി നല്ലത് കരുതിവെക്കുമെന്ന വിശ്വാസമുണ്ട്. എന്റെ പ്രതീക്ഷകള്‍ തെറ്റിയില്ല. വിക്രം എന്റെ കരിയറിലെ ഏറ്റവും വലിയ ഗിഫ്റ്റായി മാറി’ എന്നും സേതുപതി വ്യക്തമാക്കി.

‘കമല്‍ സാറിനെ ദൂരെനിന്നുമാത്രം നോക്കിനിന്നയാളാണ് ഞാന്‍. അദ്ദേഹത്തിന്റെ മുഖത്തുനോക്കി ഡയലോഗ് പറയാനും തല്ലുകൂടാനുമൊക്കെ അവസരം കിട്ടിയത് വലിയ സൗഭാഗ്യമായിട്ട് കാണുന്നു. വിക്രമിനെയും അതിലെ സന്ദനം എന്ന കഥാപാത്രത്തെയും പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ ഏറെ സന്തോഷം’ എന്നും അദ്ദേഹം മനസ് തുറന്നു.

Vijayasree Vijayasree :