കല്യാണം നടന്നില്ല, കല്യാണം നടത്താനും സമ്മതിച്ചില്ല, ഒരുപാട് ആള്‍ക്കാര്‍ പാരയാണ്, ജീവിതം തീർന്നു; നടൻ ബോബി കൊട്ടാരക്കര അവസാനം പറഞ്ഞതിനെ പറ്റി നന്ദു !

ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന താരമാണ് ബോബി കൊട്ടാരക്കര. വേറിട്ട അവതരണത്തിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുത്ത നടന്‍ 2000 ത്തിലാണ് അന്തരിച്ചത്. വക്കാലത്ത് നാരായണന്‍കുട്ടി എന്ന സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന സമയത്താണ് ഹൃദയാഘാതത്തെ തുടര്‍ന്ന് നടന്റെ മരണം. ബോബിയുടെ അവസാന ദിവസം ഒപ്പമുണ്ടായിരുന്നതിനെ പറ്റിയും അദ്ദേഹത്തിന്റെ മരണം തന്നെ ബാധിച്ചത് എങ്ങനെയാണെന്ന് പറയുകയാണ് നടന്‍ നന്ദു. ഫ്‌ളവേഴ്‌സ് ഒരു കോടി ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.

‘ബോബി ഏട്ടനുമായി സൗഹൃദം ഉണ്ടായിരുന്നെങ്കിലും അദ്ദേഹം എന്റെ അടുത്ത സുഹൃത്ത് ഒന്നും ആയിരുന്നില്ലെന്നാണ് നന്ദു പറയുന്നത്. വര്‍ക്കിന് കാണുമ്പോഴുള്ള സൗഹൃദമാണ്. കാണുമ്പോഴൊക്കെ വളരെ സ്‌നേഹത്തോടെയും സന്തോഷത്തോടെയും പെരുമാറും. അങ്ങനെ വക്കാലത്ത് നാരായണന്‍ കുട്ടി എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ പകല്‍ മുഴുവന്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു. ജയറാമിന്റെ സുഹൃത്തുക്കളുടെ വേഷമാണ് ഞങ്ങള്‍ക്ക്’.അന്ന് രാവിലെ മുതല്‍ ബേബി ചേട്ടന്‍ നെഗറ്റീവ് മാത്രമാണ് പറയുന്നത്.

‘കല്യാണം നടന്നില്ല, കല്യാണം നടത്താനും സമ്മതിച്ചില്ല. ഒരുപാട് ആള്‍ക്കാര്‍ പാരയാണ്. സിനിമാക്കാരന്‍ ആയത് കൊണ്ട് നമ്മുടെ സ്വഭാവം ശരിയില്ല. അവന് പെണ്ണ് കൊടുക്കരുതേ എന്ന് നമ്മുടെ പരിചയക്കാര് തന്നെ പറയുന്നു’ എന്നിങ്ങനെ അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. ഇനിയും കല്യാണം കഴിക്കാല്ലോ, നിരാശപ്പെടല്ലേ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ‘നമ്മുടെ ജീവിതം തീര്‍ന്നെടാ’ എന്ന് പറഞ്ഞു.ഈ കാര്യം വിട്ട് അടുത്തത് പറയുമ്പോഴും നമ്മുടെയൊക്കെ കാര്യം കഴിഞ്ഞു എന്ന് തന്നെ പറയും. ഓരോരുത്തരൊക്കെ ഭയങ്കര വല്യ ജീവിതവുമായി പോവുമ്പോള്‍ നമ്മളൊക്കെ ഇത്രയേ ആയുള്ളു. ജീവിതം തന്നെ തീര്‍ന്നു എന്നൊക്കെ ബോബി പറഞ്ഞു. ആവശ്യമില്ലാതെ നെഗറ്റീവ് പറയല്ലേ എന്ന് ഞങ്ങളൊക്കെ അദ്ദേഹത്തോട് പറഞ്ഞിരുന്നു.

അന്ന് വൈകുന്നേരം വരെ ഷൂട്ടിങ്ങിന്റെ ഇടവേള കിട്ടിയത് കൊണ്ട് എല്ലാവരും ഒരുമിച്ചിരുന്ന് പാട്ട് പാടി. അവസാനത്തെ പാട്ട് പാടിയത് ബോബിയാണ്. ‘മരണം വാതില്‍ക്കല്‍ ഒരു നാള്‍’ എന്ന പാട്ടായിരുന്നു അദ്ദേഹം പാടിയത്.

അതിന് അങ്ങനൊരു അര്‍ഥമുണ്ടെന്ന് ഞങ്ങളൊരിക്കലും കരുതിയില്ല. ശേഷം ഒരു പാട്ടിന്റെ രംഗം ഷൂട്ട് ചെയ്യാന്‍ എഴുന്നേറ്റപ്പോള്‍ പുള്ളി എന്തോ ഒരു അസ്വസ്ഥത കാണിച്ചു. ഒരു കുഴപ്പവുമില്ല ഇത്രയും നേരം ഇരുന്നതിന്റെ ആണെന്ന് പറഞ്ഞു. അങ്ങനെ ചിത്രീകരണം കഴിഞ്ഞ് ഞങ്ങള്‍ ഒരുമിച്ചാണ് തിരിച്ച് പോയത്. എന്നെ ഇറക്കിയിട്ട് പുള്ളി ഹോട്ടലിലേക്ക് പോയി. രാത്രിയിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ചിട്ട് ബോബിയേട്ടന്‍ മരിച്ച് പോയെന്ന് പറയുന്നത്.

11 മണിക്ക് പ്രൊഡക്ഷനിലുള്ളൊരാള്‍ വിളിച്ചാണ് ബോബിയേട്ടന്‍ മരിച്ചെന്ന് അറിയിച്ചത്. വെച്ചിട്ട് പോടേ, ചുമ്മാ തമാശ പറയാതെ എന്നായിരുന്നു ആദ്യം പറഞ്ഞത്. രണ്ടാമതും വിളിച്ച് ബോബിയേട്ടന്‍ പോയെന്ന് പറഞ്ഞതോടെ ഞാന്‍ ചാടിയെഴുന്നേറ്റു. മെഡിക്കല്‍ കോളേജിലേക്ക് ചെന്നപ്പോള്‍ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാനായി തള്ളിക്കൊണ്ടുവരുന്നുണ്ടായിരുന്നു. ബോഡിക്ക് നല്ല ചൂടുണ്ടായിരുന്നു. മരിച്ചു എന്ന് പറഞ്ഞത് വിശ്വസിക്കേണ്ടി വരികയായിരുന്നു. അന്ന് നടന്നതെല്ലാം സ്വപ്‌നം പോലെയായാണ് ഇന്നും എനിക്കനുഭവപ്പെടുന്നത്.
ഇത് പുറത്ത് ഇടാനേ പറ്റുള്ളൂയെന്നായിരുന്നു മോര്‍ച്ചറി സൂക്ഷിപ്പുകാരന്‍ പറഞ്ഞത്. സിനിമാനടനാണെങ്കിലും സ്ഥലം വേണ്ടേ എന്നായിരുന്നു അവന്റെ ചോദ്യം. പിന്നെ അവന് 150 രൂപ കൊടുത്താണ് ബോഡി മോര്‍ച്ചറിയിലേക്ക് കയറ്റിയത്. കുറേനേരം കഴിയുമ്പോഴേക്കും എല്ലാവരും എത്തിയിരുന്നു. ആ മരണം എനിക്കിന്നും വിശ്വസിക്കാനായിട്ടില്ല. ഞാന്‍ മരിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് നടക്കുകയായിരുന്നു അദ്ദേഹം. 24 മണിക്കൂറ് മുന്‍പേ അദ്ദേഹത്തിന് വിളി വന്നുവെന്നാണ് തോന്നുന്നത്. ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത സംഭവമാണ് ഇതെന്നും നന്ദു പറഞ്ഞിരുന്നു.

AJILI ANNAJOHN :