രണ്ട് വര്‍ഷം തുടര്‍ച്ചയായി സഹകരിച്ചില്ലെങ്കില്‍ നടപടി; യുവ അംഗങ്ങള്‍ക്കെതിരെ കടുത്ത നിയന്ത്രണങ്ങളുമായി അമ്മ

മലയാള സിനിമാ താര സംഘടനയായ അമ്മയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കടുത്ത നിയന്ത്രണങ്ങളിലേയ്ക്ക് കടക്കാനൊരുങ്ങുകയാണ് ഭാരവാഹികള്‍. രണ്ട് വര്‍ഷം തുടര്‍ച്ചയായി സഹകരിച്ചില്ലെങ്കില്‍ അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാനാണ് തീരുമാനം. യുവ അംഗങ്ങളുടെ പ്രാതിനിധ്യം കുറയുന്ന സാഹചര്യത്തിലാണ് തീരുമാനം.

യുവതാരങ്ങള്‍ യോഗങ്ങളില്‍ പങ്കെടുക്കാത്തതില്‍ സംഘടനയ്ക്ക് അതൃപ്തിയുണ്ട്. തുടര്‍ച്ചയായി വിട്ടു നിന്നാല്‍ വിശദീകരണം തേടും. ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്ന് ഒഴിവാക്കുകയായിരിക്കും ആദ്യ നടപടി എന്നാണ് പുറത്ത് വരുന്ന വിവരം.

ഇന്നലെ നടന്ന ‘അമ്മ’യുടെ ജനറല്‍ ബോഡി യോഗത്തിലും ആസിഫ് അലി, ടൊവിനോ തോമസ് തുടങ്ങി ചുരുക്കം ചില യുവതാരങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയ പ്രമുഖ യുവതാരങ്ങളൊന്നും ഇന്നലെ നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

യുവ നടിമാരും നടന്മാരും സംഘടനയുടെ കഴിഞ്ഞ യോഗങ്ങളില്‍ തുടര്‍ച്ചയായി പങ്കെടുക്കാതിരിക്കുന്ന സാഹചര്യത്തിലാണ് സംഘടന കടുത്ത നടപടികളിലേയ്ക്ക് കടക്കുന്നത്. അഞ്ഞൂറോളം അംഗങ്ങളുള്ള സംഘടയില്‍ ഇന്നലെ നടന്ന പ്രധാനപ്പെട്ട ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തത് ഇരുന്നൂറ്റി അന്‍പത് പേരോളം മാത്രമാണ്.

Vijayasree Vijayasree :