തമിഴ് നാട്ടില്‍ മണി ഹെയ്സ്റ്റ് മാതൃകയില്‍ ടവര്‍ മോഷണം; മോഷണം പോയത് 600 ല്‍ അധികം ടവറുകള്‍

ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച നെറ്റ്ഫഌക്‌സ് സീരീസായിരുന്നു മണി ഹെയ്സ്റ്റ്. ഇപ്പോഴിതാ തമിഴ് നാട്ടില്‍ മണി ഹെയ്സ്റ്റ് മാതൃകയില്‍ ടവര്‍ മോഷണം നടന്നിരിക്കുകയാണ്. മോഷണം പോയത് 600 ല്‍ അധികം ടവറുകളാണ്. ലോക്ക് ഡൗണ്‍ കാലത്താണ് തമിഴ്‌നാട്ടില്‍ നിന്ന് ടവറുകള്‍ അപ്രത്യക്ഷമായത്.

കവര്‍ച്ചാസംഘം മൊബൈല്‍ ടവറുകള്‍ അഴിച്ചെടുത്ത് കടത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ജി.ടി.എല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 26,000 മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് തമിഴ്‌നാട്ടിലും 6,000 ടവറുകള്‍ സ്ഥാപിച്ചത്.

എന്നാല്‍ കൊവിഡ് വന്നതോടെ ടവറുകളിലെ നിരീക്ഷണം താല്‍ക്കാലികമായി മുടങ്ങിയിരുന്നു. ഭീമമായ നഷ്ടം വന്നതോടെ ഈ കമ്പനി 2018ല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും, മൊബൈല്‍ ടവറുകളുടെ പരിപാലനവും താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു. ഈ സമയത്താണ് കവര്‍ച്ച നടന്നത്.

അടുത്തിടെ നെറ്റ് വര്‍ക്കിങ് ആവശ്യത്തിനായി പഴയ ടവര്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ കമ്പനിയുടെ ഉദ്യോഗസ്ഥര്‍ തമിഴ്‌നാട്ടിലെത്തിയപ്പോഴാണ് ടവറുകള്‍ മോഷണം പോയെന്ന് സ്ഥിരീകരിച്ചത്. മൊബൈല്‍ഫോണ്‍ കമ്പനികളുടെ ആവശ്യപ്രകാരം ടവറുകള്‍ നിര്‍മ്മിക്കുന്ന ജി.ടി.എല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനിയാണ് ടവറുകള്‍ മോഷണം പോയ വിവരം തമിഴ്‌നാട് പൊലീസിനെ അറിയിച്ചത്.

Vijayasree Vijayasree :