നമ്മുടെ സമൂഹത്തിൽ റേപ്പിസ്റ്റിനെക്കാൾ തലകുനിക്കേണ്ടി വരുന്നത് ഇരയ്ക്കാണ്; സമൂഹം ഇരയെ നോക്കി കാണുന്ന രീതിക്ക് മാറ്റം വരണം ; ടൊവിനോ തോമസ് പറയുന്നു !

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ യുവ താരങ്ങളിൽ ഒരാളാണ് ടൊവിനോ തോമസ് .ഇപ്പോഴിതാ ബലാതാസംഗം ചെയ്യുന്ന ആളേക്കാൾ ഇര തലകുനിച്ച് നടക്കേണ്ട അവസ്ഥയാണ് നമ്മുടെ സമൂഹത്തിൽ കാണുന്നതെന്ന് പറയുകയാണ് നടൻ ടൊവിനോ തോമസ്. അത് സമൂഹത്തിന്റെ മാത്രം പ്രശ്നമാണെന്നും ഇത്തരം കാര്യങ്ങളിൽ ഇപ്പോഴും തിരുത്തുകൾ ഉണ്ടാകുന്നില്ലെന്നും ടൊവിനോ പറഞ്ഞു. എറണാകുളം ലോ കോളേജ് വിദ്യാർത്ഥികളെ ഉൾപ്പെടുത്തി മനോരമ ന്യൂസ് സംഘടിപ്പിച്ച ചർച്ചയിലാണ് ടൊവിനോ തോമസിന്റെ പ്രതികരണം.

നമ്മുടെ സമൂഹത്തിൽ റേപ്പിസ്റ്റിനെക്കാൾ തലകുനിക്കേണ്ടി വരുന്നത് ഇരയ്ക്കാണ്.അതുകൊണ്ടാണല്ലോ കേസുമായി മുന്നോട്ട് വരാൻ അവർ തയ്യാറാവാത്തത്. അത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. ഈ സമൂഹത്തിന് എന്തോ പ്രശ്നം ഉള്ളത് കൊണ്ട് തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഇതൊന്നും ഇതുവരേയും തിരുത്താനും തയ്യാറായിട്ടില്ല’.പീഡനത്തിന് ഇരയാകുന്നവർ എന്ത് തെറ്റാണ് ചെയ്തത്. അവർ ഒരു തെറ്റും ചെയ്തിട്ടില്ല. അവർ ഒരിക്കലും തലകുനിച്ച് നടക്കേണ്ട കാര്യമില്ല. ജീവിതം നഷ്ടപ്പെടുന്നത് ഇരയ്ക്കാണ്.

സമൂഹം ഇരയെ നോക്കി കാണുന്ന രീതിക്ക് മാറ്റം വരിക തന്നെ വേണം.എങ്കിൽ മാത്രമേ ഇത്തരം കേസുകളിൽ നീതി നടപ്പാകുകയുള്ളൂ’.’ഭയങ്കരമായി പുരോഗമിച്ചു എന്ന് വിശ്വസിക്കുന്ന പല ഗോത്ര കൂട്ടങ്ങളിൽ ചിലർ മാത്രമാണ് നമ്മൾ എന്ന് ഞാൻ വായിച്ചിട്ടുണ്ട്.ശാസ്ത്രപരമായി നമ്മൾ ഒരുപാട് വികസിച്ചിട്ടുണ്ട്. നമ്മുടെ ചുറ്റും അറിവുകളുടെ കൂമ്പാരം തന്നെയുണ്ട്. ഇന്റർനെറ്റിൽ നമ്മുക്ക് ലഭിക്കാത്ത ഒന്നുമില്ല.ഇത്രയുമൊക്കെ പുരോഗമനം നമ്മുക്ക് ഉണ്ടായിട്ടും ചില കാര്യങ്ങളിൽ നമ്മൾ നൂറ്റാണ്ടുകൾ പുറകിലാണ് സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്’.

‘ഇതിനൊക്കെ എന്ത് പരിഹാരം എന്ന കാര്യത്തിൽ തനിക്കും പൂർണമായി മറുപടി ഇല്ല. എന്റെ വീട്ടിൽ നിന്ന് എനിക്ക് വേണമെങ്കിൽ മാറ്റം തുടങ്ങാം. അത്തരത്തിൽ മാത്രമേ ഇക്കാര്യങ്ങളിൽ എല്ലാം നമ്മുക്ക് മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുകയുള്ളൂ’, ടൊവിനോ പറഞ്ഞു.മലയാള സിനിമയിലെ തുല്യതയെ സംബന്ധിച്ച വിദ്യാർത്ഥിയുടെ ചോദ്യത്തിന് ടൊവീനോയുടെ മറുപടി ഇങ്ങനെ-‘ജെന്ററിന്റെ അടിസ്ഥാനത്തിൽ അല്ല സിനിമയിൽ പ്രതിഫലം നിശ്ചയിക്കുന്നത്. ആദ്യ സിനിമയിൽ എന്റെ ശമ്പളം പൂജ്യമായിരുന്നു. രണ്ടാമത്തെ സിനിമയിൽ ബസ് കാശ് പോലും കിട്ടിയിട്ടില്ല. മൂന്നാമത്തെ സിനിമയിൽ 20,000 രൂപയാണ് കിട്ടിയത്. അടുത്ത സിനിമയിൽ 70,000 രൂപ പറഞ്ഞിട്ട് കിട്ടിയത് വെറും 20,000 രൂപയാണ്. അതേസമയം ഈ സിനിമയിലെ നായികമാർക്കെല്ലാം അന്ന് ഒരുപാട് ശമ്പളം ലഭിച്ചിരുന്നു’.

ജെന്ററിനെക്കാൾ കൂടുതൽ സിനിമയിൽ ഒരു മാർക്കറ്റ് വാല്യു ക്രിയേറ്റ് ചെയ്തപ്പോഴാണ് എനിക്ക് ഞാൻ പറയുന്ന പ്രതിഫലം കിട്ടി തുടങ്ങിയത്. ഒരു ആണാണ് എന്ന കാരണത്താൽ ഞാൻ പറയുന്ന ശമ്പളം എനിക്ക് ഒരിക്കലും വാങ്ങിച്ചെടുക്കാൻ സാധിക്കില്ല. എന്നെക്കാൾ ശമ്പളം വാങ്ങുന്ന നായികമാർ ഇപ്പോഴും സിനിമയിൽ ഉണ്ട്’.ഒരു പുരുഷ കേന്ദ്രീകൃത സിനിമ കാണാനായി ആളുകൾ തീയറ്ററിലേക്ക് വരുന്നത് പോലെ സ്ത്രീ കേന്ദ്രീകൃത സിനിമ കാണാൻ ആളുകൾ തീയറ്ററിലേക്ക് വന്നാൽ പ്രതിഫലം സംബന്ധിച്ച പ്രശ്നങ്ങൾ മാറും’, ടൊവിനോ പറഞ്ഞു.

AJILI ANNAJOHN :