കോവിഡ് പോസിറ്റീവെന്ന വാർത്ത നിഷേധിച്ച് ലെന

ബ്രിട്ടനിൽനിന്നു തിരിച്ചെത്തിയ ചലച്ചിത്ര താരം ലെനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നുള്ള വാർത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. കോവിഡ് പൊസിറ്റീവാണെന്ന വാര്‍ത്തകള്‍ നിഷേധിച്ചിരിക്കുകയാണ് താരം. തനിയ്ക്ക് കോവിഡ് ഇല്ലെന്നും ലണ്ടനിൽ നിന്ന് താൻ ആർടിപിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് സ്ഥിരീകരിച്ച ശേഷമാണ് ഇന്ത്യയിലേക്ക് എത്തിയതെന്ന് താരം പറയുന്നു.

‘എനിക്ക് കോവിഡ് പോസിറ്റീവാണെന്നും ബാംഗ്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ചില വാർത്തകൾ പരക്കുന്നുണ്ട്. എന്നാൽ ലണ്ടനിൽ നിന്ന് പോന്നപ്പോൾ‌ തന്നെ ആർടിപിസിആർ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു. യുകെയിൽ നിന്നുള്ള യാത്രക്കാർക്കുള്ള പ്രത്യേക കോവിഡ് മാനദണ്ഡപ്രകാരം ബാംഗ്ലൂരിലെ ആശുപത്രിയിൽ ക്വാറന്റൈനിൽ കഴിയുകയാണ് ഞാൻ. ഞാൻ സുരക്ഷിതയാണ്’ ലെന പറയുന്നു.

‍കേരളത്തിലേക്കുളള കണക്ടിങ് ഫ്ലൈറ്റിൽ കയറുന്നതിനു വേണ്ടിയായിരുന്നു താരം ബെംഗളൂരുവിൽ ഇറങ്ങിയത്. ബെംഗളൂരു മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രോമ കെയർ സെന്ററിൽ ഐസൊലേഷനിലാണ് നടി. നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ‘ഫൂട്ട്പ്രിന്‍റ്സ് ഓണ്‍ ദ് വാട്ടര്‍’ എന്ന ഇന്തോ-ബ്രിട്ടിഷ് സിനിമയുടെ ഷൂട്ടിങ്ങിനാണ് ലെന ബ്രിട്ടനിലെത്തിയത്.

നിമിഷ സജയന്‍, ആദില്‍ ഹുസൈന്‍, ഇംഗ്ലീഷ് താരം അകീല്‍ അന്റോണിയോ എവ്വിവർ ചിത്രത്തിൽ
കേന്ദ്ര കഥാപാത്രങ്ങളാണ്. ആദില്‍ ഹുസൈന്റെ രണ്ടാം ഭാര്യ ആയാണ് ലെന ചിത്രത്തില്‍ വേഷമിടുന്നത്.
കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രിട്ടനില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധന നടത്തുന്നുണ്ട്.

Noora T Noora T :