നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു ; ഇനി അന്വേഷണ സംഘം സമയം നീട്ടിച്ചോദിക്കില്ല; കാവ്യാ മാധവൻ പ്രതിയാകില്ല!

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്നു. കേസിലെ അധിക കുറ്റപത്രം ഈ മാസം 30ന് സമർപ്പിക്കും. തുടരന്വേഷണത്തിനായി ഇനി അന്വേഷണസംഘം സമയം നീട്ടിച്ചോദിക്കില്ല. നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവൻ കേസിൽ പ്രതിയാകില്ല. കാവ്യയ്ക്കെതിരെ ഗൂഡാലോചനയ്ക്ക് തെളിവില്ലെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ദിലീപിന്റെ അഭിഭാഷകരെയും കേസിൽ നിന്ന് ഒഴിവാക്കും. അഭിഭാഷകരുടെ മൊഴിപോലും എടുക്കാതെയാണ് ക്രൈംബ്രാഞ്ചിന്റെ പിൻമാറ്റം. കേസ് അട്ടിമറിക്കാൻ അഭിഭാഷകർ ഇടപെട്ടതായി അന്വേഷണസംഘം നേരത്തെ ആരോപിച്ചിരുന്നു. അഭിഭാഷകരെ ചോദ്യം ചെയ്യണമെന്ന് ഹൈക്കോടതിയിലും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ദിലീപിന്റെ സുഹൃത്ത് ശരത് മാത്രമാണ് അധിക കുറ്റപത്രത്തിൽ പ്രതിയാവുക.

തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റം ചുമത്തിയാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. തുടർ അന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്. കേസിലെ ‘വിഐപി’ ശരത് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ വീട്ടിലെത്തിച്ചത് ശരത്താണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

അതേ സമയം, ദിലീപ് പ്രതിയായ വധ ഗൂഢാലോചന കേസിൽ നെയ്യാറ്റിൻകര ബിഷപ്പ് ഡോ.വിൻസൻ്റ് സാമുവൽ അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകി. തനിക്ക് ജാമ്യം കിട്ടുന്നതിനായി ബിഷപ്പിനെ ഇടപെടുവിച്ചു എന്ന് കാട്ടി ബാലചന്ദ്രകുമാർ 10 ലക്ഷം തട്ടിച്ചുവെന്ന ദിലിപ് ആരോപിച്ചിരുന്നു. കോട്ടയത്ത് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായ ബിഷപ്പ് ഇക്കാര്യങ്ങൾ നിഷേധിച്ചു. ബാലചന്ദ്രകുമാറിനെ അറിയാമെന്നും എന്നാൽ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്നും ബിഷപ്പ് മൊഴി നൽകി. ബാലചന്ദ്രകുമാറിനെ ബിഷപ്പിന് അറിയില്ലെന്നായിരുന്നു നേരത്തെ നെയ്യാറ്റിൻക രൂപത വ്യക്തമാക്കിയത്.ദിലീപിൻ്റെ ആരോപണം ബാലചന്ദ്രകുമാറും നിഷേധിച്ചിരുന്നു.

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ദിലീപിനെതിരെ വധ ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തത്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപും മറ്റു പ്രതികളും ചേര്‍ന്ന് ഗൂഢാലോചന നടത്തി എന്നാണ് കേസ്. ഈ കേസില്‍ ഇന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ. വിന്‍സന്റ് സാമുവലിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.

അതേസമയം മൊബൈലിലെ തെളിവുകള്‍ ദിലീപ് നശിപ്പിച്ചതായി പ്രോസിക്യൂഷന്‍ കോടതിയിൽ വാദത്തിനിടെ ആരോപിച്ചു. അതിനിടെ കോടതി പ്രോസിക്യൂഷനോട് ചില ഗൗരവകരമായ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്. ദിലീപിന്റെ ജാമ്യം പരിഗണിക്കവേയാണ് കോടതി ചോദ്യം ഉന്നയിച്ചത് .

വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ഫോണുകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചതിന് പിന്നാലെ ദിലീപ് തെളിവുകള്‍ നശിപ്പിച്ചു എന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. തെളിവുകള്‍ നശിപ്പിക്കുന്നതിന് വേണ്ടി അഭിഭാഷകന്‍ മുംബൈയിലേക്ക് പോയതിനുളള തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. വിമാന ടിക്കറ്റും മുംബൈ വിമാനത്താവളത്തില്‍ നിന്നുളള സിസിടിവി ദൃശ്യങ്ങളും ലഭിച്ചതായും പ്രോസിക്യൂഷന്‍ അറിയിച്ചു.ദിലീപിന്റെ ഫോണിലെ 12 പേരുമായുളള വാട്‌സ്ആപ്പ് ചാറ്റുകള്‍ ആണ് നശിപ്പിച്ചിരിക്കുന്നത്. ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ച ജനുവരി 29, 30 തിയ്യതികള്‍ നിര്‍ണായകമാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു.

എന്നാല്‍ 12 വാട്‌സ്ആപ്പ് ചാറ്റുകളായിക്കോട്ടെ, 1200 വാട്‌സ്ആപ്പ് ചാറ്റുകള്‍ ആയിക്കോട്ടെ, നശിപ്പിച്ച ചാറ്റുകള്‍ക്ക് കേസുമായി ബന്ധമുണ്ട് എന്ന് തെളിയിക്കേണ്ടതല്ലേ എന്ന് കോടതി ചോദിച്ചു.ആരുമായുളള വാട്‌സ്ആപ്പ് ചാറ്റുകള്‍ ആണ് ദിലീപ് ഡിലീറ്റ് ചെയ്തിരിക്കുന്നത് എന്ന് പ്രോസിക്യൂഷന്‍ അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. എന്തുകൊണ്ടാണ് തുറന്ന കോടതിയില്‍ കാര്യങ്ങള്‍ പറയാന്‍ മടിക്കുന്നത് എന്നും കോടതി ചോദിച്ചു. അഭിഭാഷകരുടെ ശബ്ദരേഖ അല്ലാതെ എന്തെങ്കിലും തെളിവുകള്‍ ഈ കേസില്‍ ദിലീപിന് എതിരെ ഉണ്ടോ എന്ന് കോടതി ചോദിച്ചു..

AJILI ANNAJOHN :