ഒരു സംവിധായകന്‍ എന്നെ മുഖത്തടിച്ചു; ലൈംഗിക ചൂഷണം അടക്കമുള്ള പ്രശ്‌നങ്ങള്‍ എന്തുകൊണ്ട് പുറത്തുവരുന്നില്ല എന്നുള്ളത് സര്‍ക്കാരിനോട് ആണ് ചോദിക്കേണ്ടത്, സര്‍ക്കാര്‍ ആണ് ഇതിനെല്ലാം മറുപടി പറയേണ്ടതെന്ന് പത്മപ്രിയ

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് പത്മപ്രിയ. ഇപ്പോഴിതാ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടണമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പത്മപ്രിയ. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടേണ്ട എന്ന് ഡബ്ല്യുസിസി പറഞ്ഞു എന്ന് മന്ത്രി പി രാജീവ് പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും പത്മപ്രിയ ഒരു ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

ലൈംഗിക ചൂഷണം അടക്കമുള്ള പ്രശ്‌നങ്ങള്‍ എന്തുകൊണ്ട് പുറത്തുവരുന്നില്ല എന്നുള്ളത് സര്‍ക്കാരിനോട് ആണ് ചോദിക്കേണ്ടത്. സര്‍ക്കാര്‍ ആണ് ഇതിനെല്ലാം മറുപടി പറയേണ്ടതെന്നും പത്മപ്രിയ പറഞ്ഞു.

‘ലൈംഗിക ചൂഷണം എല്ലാ പ്രശ്ങ്ങളില്‍ നിന്നുമുള്ള ഒരു പ്രശ്‌നം മാത്രമാണ്. എന്റെ കേസില്‍ ഒരു സംവിധായകന്‍ എന്നെ മുഖത്തടിച്ചു. ഇത് ഒരു തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടയിലാണ്. ‘അമ്മ’ എന്നെ ഈ വിഷയത്തില്‍ പിന്തുണച്ചിരുന്നു. ഞാന്‍ പരാതി നല്‍കി, സംവിധായകനെ ഒരു വര്‍ഷത്തേക്ക് വിലക്കി.

പക്ഷെ സത്യം എന്താണ് എന്നാല്‍, ആ സംഭവത്തിന് ശേഷം തമിഴ് മേഖലയില്‍ എനിക്ക് ഒരു സിനിമ കിട്ടാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. അതാണ് പറഞ്ഞത് ഇത് ലൈംഗിക പ്രശ്ങ്ങള്‍ മാത്രമല്ല. അതുകൊണ്ട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് വിലയില്ല എന്ന് പറയാന്‍ കഴിയില്ല.അവസരങ്ങള്‍ നഷ്ടപ്പെടും എന്നുള്ളതുകൊണ്ടാണ് പരാതികള്‍ പലതും പുറത്തു വരാത്തത്.

എന്തുകൊണ്ട് ഇതൊക്കെ പുറത്തുവരുന്നില്ല എന്നുള്ളത് സര്‍ക്കാരിനോട് തന്നെയാണ് ചോദിക്കേണ്ടത്. അവരാണ് ഉത്തരം പറയേണ്ടത്. ഞങ്ങള്‍ ഇനിയും ശ്രമിച്ചുകൊണ്ടിരിക്കും, ഇരയില്‍ നിന്ന് അതിജീവതയിലേക്ക് ഞങ്ങള്‍ നാല് വര്‍ഷം കൊണ്ട് വന്നില്ലേ. അതുകൊണ്ട് തന്നെ നമ്മുടെ അവകാശങ്ങള്‍ക്ക് വേണ്ടി നില്‍ക്കും.

എനിക്കുറപ്പുണ്ട് ഇതിനു ഒരു ഫലം ഉണ്ടാകും. ഇത് ഒരു ഫൈറ്റ് ഒന്നുമല്ല. പക്ഷെ മാറ്റമുണ്ടാകും. അത് പതുക്കെ മാത്രമേ ഉണ്ടാകു. ‘അമ്മ’യുടെ ഇടപെടലില്‍ വിഷമമുണ്ട്, പക്ഷെ ഞങ്ങള്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. അമ്മയെ ഇല്ലാതാക്കാന്‍ വേണ്ടിയല്ല എല്ലാം ഒരു മാറ്റത്തിനു വേണ്ടിയാണ്. മാറ്റം ഉണ്ടാകും പക്ഷെ എത്ര വേഗം ഉണ്ടാകും എന്നതില്‍ ഉറപ്പ് പറയാന്‍ കഴിയില്ല’, എന്നും പത്മപ്രിയ വ്യക്തമാക്കി.

Vijayasree Vijayasree :