മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സ്‌ക്രീനിലേക്ക്; ‘മേജർ’ അതിരുകൾക്കപ്പുറമുള്ള ചിത്രമെന്ന് സോണി പിക്ചേഴ്സ്!

മുബൈ ഭീകരാക്രമണത്തില്‍ വീരചരമം പ്രാപിച്ച എന്‍.എസ്.ജി കമാന്റര്‍ മേജര്‍ സന്ദീപ് ഉണ്ണിക്യഷ്ണന്റെ ജീവിത കഥ സിനിമയാകുന്നു.ഹിന്ദിയിലും തെലുങ്കിലുമായി തയ്യാറാവുന്ന ചിത്രത്തിന്റെ പേര് ‘മേജര്‍’ എന്നാണ്. ജി മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റുമായി ചേര്‍ന്ന് സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. പൃഥ്വിരാജ് നായകനായി ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത ‘9’ന് ശേഷം സോണി പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ഇന്ത്യന്‍ ചിത്രമാണ് ‘മേജര്‍’. സോണി നിര്‍മ്മിക്കുന്ന ആദ്യ തെലുങ്ക് ചിത്രവുമാണ് ഇത്.

തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി സെഷ് ആണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ റോളിലെത്തുന്നത്. അദിവി സെഷ് തിരക്കഥയുമൊരുക്കുന്ന ചിത്രത്തിന്റെ സംവിധാനം ശശികിരണ്‍ ടിക്കയാണ്.

‘ആസ്വാദകരുടെ ഹൃദയം തൊടുന്ന, അതേസമയം അവരെ രസിപ്പിക്കുന്ന കഥകളാണ് സോണി പിക്‌ചേഴ്‌സ് നിര്‍മ്മിക്കാനായി തെരഞ്ഞെടുക്കാറ്. ‘മേജറി’ന്റേത് ശക്തമായൊരു കഥയാണ്. അത് ഇന്ത്യക്കാരെ മാത്രം പ്രചോദിപ്പിക്കുന്ന ഒന്നല്ല, മറിച്ച് അതിരുകള്‍ക്കപ്പുറത്തേക്ക് പോകുന്ന ഒന്നാണ്. ഞങ്ങളുടെ ആദ്യ തെലുങ്ക് ചിത്രത്തിനുവേണ്ടി ഇതിലും മികച്ച ഒരു കഥ ഞങ്ങള്‍ക്ക് ചോദിക്കാനാവില്ല’, സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സ് മേധാവി ലെയ്ന്‍ ക്ലൈന്‍ ‘വെറൈറ്റി’യോട് പറഞ്ഞു.

മുംബൈ താജ് മഹല്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് 2008 നവംബര്‍ 26ന് നടന്ന ഭീകരാക്രമണത്തില്‍ ബന്ദികളാക്കപ്പെട്ട നിരവധി പേരുടെ ജീവന്‍ രക്ഷിച്ചയാളാണ് മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. എന്‍എസ്ജി (നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്) കമാന്‍ഡോ ആയിരുന്ന അദ്ദേഹത്തിന്റെ സംഭാവനകള്‍ക്കുള്ള ആദരവെന്ന നിലയില്‍ മരണശേഷം 2009ല്‍ ഭാരത സര്‍ക്കാര്‍ അദ്ദേഹത്തിന് പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര സമ്മാനിച്ചിരുന്നു.

major sandeep unnikrishnan life story came to as a biopic

HariPriya PB :