ദുൽഖർ സൽമാന്റെ ആദ്യ നൂറു കോടി ചിത്രം പിറന്നിട്ട് ഒരു വർഷം !

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനായി സിനിമയിലെത്തിയ ദുല്‍ഖര്‍ ഇന്ന് ഇന്ത്യയില്‍ അറിയപ്പെടുന്ന യുവതാരങ്ങളില്‍ ഒരാളാണ്. മലയാളത്തിലും തമിഴിലും അഭിനയിച്ച്‌ കൊണ്ടിരുന്ന ദുല്‍ഖര്‍ കഴിഞ്ഞ വര്‍ഷമാണ് തെലുങ്കിലേക്കും ബോളിവുഡിലേക്കും നായകനായി അരങ്ങേറ്റം നടത്തിയത്.

മുന്‍കാല നടി സാവിത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം റിലീസിനെത്തിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. 2018 മേയ് എട്ടിനായിരുന്നു മഹാനടി തിയറ്ററുകളിലേക്ക് എത്തുന്നത്. തെലുങ്കിലേക്കുള്ള അരങ്ങേറ്റ ചിത്രം തന്നെ സൂപ്പര്‍ ഹിറ്റാക്കിയ ദുല്‍ഖര്‍ അവിടെ വലിയൊരു നിര ആരാധകരെ സ്വന്തമാക്കിയിരിക്കുകയാണ്.

കീര്‍ത്തി സുരേഷ് ആയിരുന്നു ചിത്രത്തില്‍ സാവിത്രിയായി അഭിനയിച്ചത്. മലയാളത്തിന്റെ കുഞ്ഞിക്കയായ ദുല്‍ഖര്‍ ജെമിനി ഗണേശനെയായിരുന്നു അവതരിപ്പിച്ചത്. ഇരുവരുടെയും കരിയര്‍ ബെസ്റ്റ് കഥാപാത്രങ്ങള്‍ മഹാനടിയിലെ ആണെന്ന കാര്യം വ്യക്തമായിരുന്നു. രൂപം കൊണ്ട് വലിയ സാമ്യമില്ലെങ്കിലും ദുല്‍ഖറിന്റെ മിന്നുന്ന പ്രകടനമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. റോമാന്റിക് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന കീര്‍ത്തിയുടെ ഏറ്റവും ശക്തമായ വേഷമായിരുന്നിത്. മഹാനടിയിലൂടെയാണ് കീര്‍ത്തിയിലെ അഭിനേതാവിനെ ലോകം തിരിച്ചറിയുന്നത്. ഇതിന് ശേഷം കൈനിറയെ സിനിമകളുമായി തിരക്കോട് തിരക്കിലാണ് നടിയിപ്പോള്‍.

2018 ല്‍ തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നും ഏറ്റവുമധികം പണം വാരിക്കൂട്ടിയ സിനിമകളില്‍ മഹാനടിയും ഉണ്ടായിരുന്നു. ആറാം സ്ഥാനമായിരുന്നു ആ സമയത്ത് ചിത്രം സ്വന്തമാക്കിയിരുന്നത്. തെലുങ്കിലെ സൂപ്പര്‍താര സിനിമകള്‍ക്കൊപ്പമാണ് ദുല്‍ഖറിന്റെ മാസ് പ്രകടനം. അതിവേഗം നൂറ് കോടി സ്വന്തമാക്കാനും സിനിമയ്ക്ക് കഴിഞ്ഞിരുന്നു. ദുല്‍ഖറിന്റെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രമായിരുന്നിത്. കേരളത്തിലും തകര്‍ത്തുവാരിയ പ്രകടനമായിരുന്നു സിനിമ കാഴ്ച വെച്ചത്. മേയ് 9 ന് തെലുങ്കില്‍ റിലീസ് ചെയ്തപ്പോള്‍ രണ്ട് ദിവസം കഴിഞ്ഞ് മേയ് പതിനൊന്നിനായിരുന്നു കേരളത്തിലേക്ക് എത്തിയത്. എങ്കിലും തിയറ്ററുകളില്‍ അതിശയിപ്പിക്കുന്ന സ്വീകരണമായിരുന്നു ലഭിച്ചത്.

mahanati movie turns one year

Sruthi S :