മലയാളിയാണെന്ന് പറയാതെ യേശുദാസിനെക്കൊണ്ട് ഇംഗ്ലീഷിൽ സാമ്പാർ ചോദിപ്പിച്ച മധു വാര്യർ!

സിനിമയിൽ സജീവമാകാൻ സാധിച്ചല്ലെങ്കിലും ഒട്ടേറെ സിനിമാനുഭവങ്ങളുള്ള നടനാണ് മധു വാര്യർ . താൻ മുംബൈ ലീല ഹോട്ടലിൽ ജോലി ചെയ്യുന്ന കാലത്തുണ്ടായ ഒരു സംഭവം പറയുകയാണ് മധു വാര്യർ . മലയാളി ആണെന്ന് അറിയിക്കാതെ യേശുദാസിനെ പറ്റിച്ച അനുഭവമാണ് മധു പങ്കുവച്ചത്.

മധു വാര്യരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

മുംബൈയില്‍ ലീലയില്‍ ഉപജീവനം നടത്തുന്ന കാലം.

ഗാനഗന്ധര്‍വന്‍ ദാസേട്ടനും ഭാര്യ പ്രഭച്ചേച്ചിയും അതിഥികളായി എത്തിയപ്പോള്‍ അവരുടെ എല്ലാ സൗകര്യങ്ങളും നോക്കി നടത്താനുള്ള ഉത്തവാദിത്തം ലീലയുടെ ഉടമ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ എന്നെയേല്‍പ്പിച്ചു.

ഉച്ചയൂണിന് അവരുടെ മുറിയിലേക്ക് അന്തരിച്ച ഗായിക രാധികാ തിലകും അവരുടെ ഭര്‍ത്താവ് ശ്രീ സുരേഷും എത്തി. അവരുടെ സ്വകാര്യതയ്ക്ക് ഭ്രംശം വരുത്താതെ വളരെ പ്രൊഫഷണലായി തന്നെ ഭക്ഷണം വിളമ്പി.

ദാസേട്ടന്‍: കുറച്ച് സാമ്പാര്‍ തരൂ

പ്രഭച്ചേച്ചി: ഇത് ബോംബെയല്ലേ? മലയാളത്തില്‍ പറഞ്ഞാല്‍ ആ കുട്ടിക്ക് മനസിലാവുമോ?

ദാസേട്ടന്‍: ഓ! സോറി! പ്ലീസ് ഗിവ് മി സം സാമ്പാര്‍

ചിരി പൊട്ടിയെങ്കിലും പ്രൊഫഷണലിസം വിടാതെ തന്നെ സാമ്പാര്‍ വിളമ്പി. രണ്ടാമത് ചോറ് വിളമ്പിക്കഴിഞ്ഞ് …

ദാസേട്ടന്‍: എനിക്ക് കുറച്ച് കൂടി സാമ്പാര്‍ വേണം

പ്രഭച്ചേച്ചി: ഇംഗ്ലീഷില്‍ പറയൂന്നേ

ദാസേട്ടന്‍: സോറി എഗെയിന്‍! സം മോര്‍ സാമ്പാര്‍ പ്ലീസ്

ഊണ് കഴിഞ്ഞ് ടേബിള്‍ ക്ലിയര്‍ ചെയ്ത് പോകാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ പറഞ്ഞു, വരട്ടെ സര്‍, എന്താവശ്യമുണ്ടെങ്കിലും റൂം സര്‍വീസില്‍ വിളിച്ചാല്‍ മതി. ഞാന്‍ വന്നോളാം.

ദാസേട്ടന്‍: അമ്പട! മലയാളിയായിരുന്നോ എന്നിട്ടാണോ എന്നെക്കൊണ്ട് ഈ ഇംഗ്ലീഷൊക്കെ പറയിച്ചത്?

madhu warrier about yesudas

Sruthi S :