നന്‍പകല്‍ നേരത്ത് മയക്കത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്; പോസ്റ്റുമായി ലിജോ ജോസ് പെല്ലിശേരി

മലയാളി പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന സിനിമയാണ് മമ്മൂട്ടി-ലിജോ ജോസ് പെല്ലിശേരി കോംമ്പോയില്‍ എത്തിയ നന്‍പകല്‍ നേരത്ത് മയക്കം’. ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് ഗംഭീര പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തെയും ലിജോയെയും പ്രശംസിച്ച് കൊണ്ടാണ് നിരവധി പേരാണ് രംഗത്ത് എത്തിയത്

ഇപ്പോഴിതാ ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലിജോ ജോസ് പെല്ലിശേരി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നു. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.

”നന്‍പകല്‍ നേരത്ത് മയക്കം ഒരു ക്ലീന്‍ യു ചലച്ചിത്രം ഇതാ സര്‍ക്കാര്‍ സാക്ഷിപത്രം” എന്ന കുറിപ്പോടെയാണ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലിജോ ജോസ് പെല്ലിശേരി പങ്കുവച്ചിരിക്കുന്നത്. 108.33 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

ഗംഭീര പ്രതികരണങ്ങള്‍ ലഭിച്ച ചിത്രം എപ്പോഴാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുക എന്ന ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി എന്ന പോലെയാണ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലിജോ പങ്കുവച്ചിരിക്കുന്നത്. ഇതോടെ ഉടന്‍ തന്നെ സിനിമയുടെ റിലീസ് പ്രഖ്യാപിക്കും എന്ന ആകാംഷയിലാണ് പ്രേക്ഷകര്‍.

മൂവാറ്റുപ്പുഴക്കാരനായ ജെയിംസ് അടക്കമുള്ള ഒരു പ്രൊഫഷണല്‍ നാടകസംഘം പുതിയ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് വേളാങ്കണ്ണി യാത്ര നടത്തി മടങ്ങുകയാണ്. ജെയിംസ് ആണ് ട്രൂപ്പിന്റെ സാരഥി. യാത്രക്കിടെ ഇടയ്ക്ക് വാഹനം നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെടുന്ന ജെയിംസ് അടുത്തുള്ള ഗ്രാമത്തിലേക്ക് പരിചയമുള്ള ഒരാളെപ്പോലെ കയറി ചെല്ലുകയാണ്.

തമിഴ് ഗ്രാമത്തിലെ ഒരു വീട്ടിലേക്ക് ഏറെ പരിചയത്തോടെ കയറുന്ന ജെയിംസ്, രണ്ട് വര്‍ഷം മുമ്പ് അവിടെ നിന്ന് കാണാതായ സുന്ദരത്തെ പോലെ പെരുമാറാനും തുടങ്ങി. ഈ അസാധാരണ സാഹചര്യം ജെയിംസിന്റെ കൂടെയുള്ള കുടുംബാംഗങ്ങളിലും, നാടക സമിതി അംഗങ്ങളിലും, ചെന്നു കയറുന്ന ഗ്രാമത്തിലും, വീട്ടിലുമൊക്കെ സൃഷ്ടിക്കുന്ന പ്രതികരണങ്ങളില്‍ നിന്നാണ് ലിജോ നന്‍പകല്‍ നേരത്ത് മയക്കം അണിയിച്ചൊരുക്കിയിരിക്കുന്നത്.

Noora T Noora T :