തലകുത്തി കൈകൂപ്പി നില്‍ക്കുന്ന വ്യായാമ മുറയുമായി ആലിയ ഭട്ട്; സോഷ്യല്‍ മീഡിയില്‍ വൈറലായി ചിത്രങ്ങള്‍

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ആലിയ ഭട്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട് അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ മാസമായിരുന്നു താരദമ്പതികളായ ആലിയ ഭട്ടിനും രണ്‍ബീര്‍ കപൂറിനും പെണ്‍കുഞ്ഞ് പിറന്നത്.

ഇപ്പോഴിതാ പ്രസവശേഷമുള്ള ദിനങ്ങളെക്കുറിച്ചും വ്യായാമത്തിലൂടെ ശരീരത്തെയും മനസിനെയും പഴയപടിയാക്കുന്നതിനെക്കുറിച്ചും കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടി. തലകുത്തി കൈകൂപ്പി നില്‍ക്കുന്ന വ്യായാമ മുറയുടെ ചിത്രങ്ങള്‍ പങ്കുവച്ചാണ് ആലിയ മനസ് തുറന്നത്. വളരെപ്പെട്ടെന്നാണ് ആലിയയുടെ വാക്കുകള്‍ വൈറലായി മാറിയിരിക്കുന്നത്.

‘ഒന്നര മാസത്തെ പോസ്റ്റ്പാര്‍ട്ടത്തിന് ശേഷം പതിയെ തിരിച്ചുവരികയാണ്. ഗുരു അനുഷ്‌കയാണ് വഴികാട്ടുന്നത്. ഈയടുത്ത് അമ്മയായി മാറിയ എല്ലാ സ്ത്രീകളോടും പറയാനുള്ളത് ഇതാണ്. പ്രസവ ശേഷം നിങ്ങളുടെ ശരീരത്തെ ‘കേള്‍ക്കണം’. ശരീരത്തിന് പറയാനുള്ളത് മനസിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

ചെയ്യരുതെന്ന് തോന്നുന്ന ഒന്നും തന്നെ ചെയ്യാന്‍ ശ്രമിക്കരുത്. വ്യായാമം ചെയ്യാന്‍ ആരംഭിച്ച ആദ്യത്തെ രണ്ടാഴ്ച ഞാന്‍ ചെയ്തത് വെറും ബ്രീത്തിങ് മാത്രമാണ്. വെറുതെ നടക്കുകയും ചെയ്യും. ബാലന്‍സ് തിരികെ ലഭിക്കുന്നത് വരെ അത് തുടര്‍ന്നു.. നിങ്ങള്‍ സമയമെടുത്ത്, നിങ്ങളുടെ ശരീരത്തിന് വേണ്ടുവോളം സമയം കൊടുത്താണിതെല്ലാം ചെയ്യേണ്ടത്.

നിങ്ങളുടെ ശരീരത്തിന് സാധിച്ച പ്രവൃത്തി ചെറിയ കാര്യമല്ല. അതിനാല്‍ ശരീരത്തെ സ്വയം അഭിനന്ദിക്കുക. ഈ വര്‍ഷം എന്റെ ശരീരം ചെയ്ത കാര്യത്തിന് ശേഷം ഒന്ന് ഞാന്‍ ഉറപ്പിച്ചു. ഒരിക്കലും ശരീരത്തെ നോവിക്കുന്ന രീതിയില്‍ ഒന്നും ചെയ്യില്ല. ഏത് രീതിയില്‍ ചിന്തിച്ചാലും പ്രസവമെന്നത് ഒരു അത്ഭുതം തന്നെയാണ്.

അതിനാല്‍ ആ ശരീരത്തിന് സ്‌നേഹവും പരിചരണവും പിന്തുണയും വേണ്ടുവോളം നല്‍കണം. ഓരോ ശരീരവും വ്യത്യസ്തമാണ്. അതിനാല്‍ വ്യായാമം ഉള്‍പ്പെടുന്ന എന്തുചെയ്യുന്നതിന് മുമ്പും ആദ്യം ഡോക്ടറെ സമീപിക്കുക. ‘ ഇതായിരുന്നു ആലിയാ ഭട്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

Vijayasree Vijayasree :