ആ അനുഭവത്തോടെ ഇനി സിനിമയ്ക്കും ഇല്ല ഡബ്ബിങ്ങിനും ഇല്ലെന്ന് തീരുമാനിച്ചിരുന്നു; തുറന്ന് പറഞ്ഞ് ലെന

വർഷങ്ങളായി അമ്മയായും നായകന്റെ പെങ്ങളായും ചേച്ചിയായും നായികയായുമെല്ലാം മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടിമാരിലൊരാളാണ് ലെന. ഇടയ്ക്ക് തന്റെ ലുക്ക് മാറ്റിയും ലെന മലയാളികളെ അമ്പരപ്പിച്ചു. സുരാജ് നായകനായെത്തിയ എന്നാലും ന്റെ അളിയാ എന്ന ചിത്രമാണ് ലെനയുടേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം.

ജയരാജ് സംവിധാനം ചെയ്ത് 1998 ൽ പുറത്തിറങ്ങിയ സ്‌നേഹം എന്ന സിനിമയിലൂടെയാണ് ലെന മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് കുറച്ചു സിനിമകളിൽ അഭിനയിച്ചെങ്കിലും നടി കൂടുതൽ സജീവമാകുന്നത് 2009 ഓടെയാണ്. ഇന്ന് കൈനിറയെ സിനിമകളുമായി തിരക്കുള്ള നടിമാരിൽ ഒരാളാണ് ലെന.

തുടക്കകാലത്ത് ലെന അഭിനയിച്ച സിനിമകളിൽ ഒന്നാണ് രണ്ടാം ഭാവം. ലാൽ ജോസ് സംവിധാനം ചെയ്ത ഈ ചിത്രത്തിലാണ് ലെന ആദ്യമായി നായികയാകുന്നത്. ചിത്രം തിയേറ്ററുകളിൽ പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ലെന സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്തിരുന്നു. ഇപ്പോഴിതാ, ചിത്രത്തെ കുറിച്ചും അതിൽ ആദ്യമായി ഡബ്ബ് ചെയ്തതിനെ കുറിച്ചും മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് ലെന.൨

23 വർഷം മുൻപ് ഇറങ്ങിയ സിനിമയാണ് രണ്ടാം ഭാവം. അതിന്റെ 4 കെ റീ മാസ്റ്ററിങ് കഴിഞ്ഞിരുന്നു. സ്‌ഫടികം പോലെ ഇതും വരുമോ എന്ന് ഞാൻ ചോദിക്കുന്നുണ്ട്. കാലത്തിന് മുന്നേ വന്ന സിനിമയാണെന്ന് പറഞ്ഞിട്ടുണ്ട് പലരും. ലാൽ ജോസ് സാറും സാറിന്റെ ഇഷ്ട സിനിമകളിൽ ഒന്നാണെന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ കാലത്ത് റിലീസ് ചെയ്താൽ ചിലപ്പോൾ വിജയിച്ചേനെ,’

‘ഒരു വ്യാജ ശബ്ദത്തിൽ ആണ് ഞാൻ ആ പടം മുഴുവൻ ഡബ്ബ് ചെയ്തത്. അതിന്റെ ഒരു കാര്യവും ഉണ്ടായിരുന്നില്ല. ഉള്ള ശബ്ദത്തിൽ ഡബ്ബ് ചെയ്യാനാണ് ലാൽ ജോസ് സാർ പറഞ്ഞത്. പണ്ട് ആളുകൾ പറയുമായിരുന്നു, പാറ പുറത്ത് ചിരട്ട ഇട്ടുരക്കുന്ന സൗണ്ടാണ് എന്റെയെന്ന്. ഇത് എന്റെ തലയിൽ എപ്പോഴോ കേറിയിട്ടുണ്ട്. അന്ന് ഡബ്ബ് ചെയ്യാൻ കൊണ്ടുപോയപ്പോൾ ഞാൻ ചെയ്യുന്നില്ല എന്ന് പറഞ്ഞതാണ്,’

‘അന്ന് ഡബ്ബ് ചെയ്യാൻ മദ്രാസിൽ പോകണം. അവിടെ പോയി, അവിടെ വലിയൊരു സ്‌ക്രീനിൽ ഫിലിം റോൾ ചെയ്യും നമ്മൾ ഗ്ലാസ്സിലൂടെ കണ്ടാണ് ഡബ്ബ് ചെയ്യേണ്ടത്. ഇന്നത്തെ പോലെ എളുപ്പമല്ല. വെള്ളം കുടിച്ചു പോയി. ഞാൻ നല്ല കുട്ടിയാവാൻ നോക്കിയിട്ട് ലൈറ്റ് ആയ ഒരു വോയ്‌സിൽ ഡബ്ബ് ചെയ്യാൻ നോക്കി. നമ്മൾ എന്ത് കള്ളത്തരം കാണിച്ചാലും അത് മറ്റുള്ളവർക്ക് മനസിലാവും,’

‘ഞാൻ ഡബ്ബിങ് ഒക്കെ തീർത്ത് ആദ്യ ദിവസം രാഗം തിയേറ്ററിൽ പടം കാണാൻ പോയി. ആദ്യമായി നായിക ആയ പടം. ഞാൻ തന്നെ ഡബ്ബ് ചെയ്തത്. ലാൽ ജോസ് സാർ നന്നായെന്ന് പറഞ്ഞത്. സാർ എന്നെ പ്രോത്സാഹിപ്പിക്കാൻ എന്തോ പറഞ്ഞതാണെന്ന് തോന്നുന്നു. എന്തായാലും തിയേറ്ററിൽ നല്ല കൂവൽ ആയിരുന്നു,

‘അന്ന് തൃശ്ശൂർക്കാർ എനിക്ക് തന്ന പണിയാണോ അതോ കേരളം മുഴുവൻ കൂവൽ ആയിരുന്നോ എന്നൊന്നും എനിക്ക് അറിയില്ല.ആ അനുഭവത്തോടെ ഇനി സിനിമയ്ക്കും ഇല്ല ഡബ്ബിങ്ങിനും ഇല്ലെന്ന് തീരുമാനിച്ചിരുന്നു. അതിനു ശേഷമാണ് ക്ലിനിക്കൽ സൈക്കോളജി പഠിക്കാൻ പോയത്. ഇപ്പോൾ എന്ത് ശബ്ദം ഒക്കെയാണ്. കെജിഎഫിൽ വരെ ഡബ്ബ് ചെയ്തു. അടുത്ത പാർട്ടിനായി കാത്തിരിക്കുകയാണ്,’ ലെന പറഞ്ഞു.

വിവാഹമോചിതരായ രീതി തന്നെ സംബന്ധിച്ച് രസകരമായാണ് തോന്നിയത്. അതുകൊണ്ടാണ് അത് അഭിമുഖങ്ങളിൽ രസകരമായി അവതരിപ്പിച്ചതെന്നും ലെന പറയുന്നുണ്ട്. ‘എന്റെ നല്ല മെമ്മറീസിൽ ഉള്ളൊരു കാര്യമാണ് അത്. ഞാൻ ആ സമയത്ത് ഹാപ്പി ആയിരുന്നോ എന്ന് ചോദിച്ചാൽ ആലോചിച്ചെടുത്ത തീരുമാനമാണ്. തല്ലുകൂടി രണ്ടുപേർ പിരിഞ്ഞത് ആയിരുന്നില്ല,’

ഞങ്ങൾ ഇരുന്ന് സംസാരിച്ചു അതല്ലേ നല്ലതെന്ന് ചോദിച്ച് പിരിഞ്ഞതാണ്. പലരും ഡിവോഴ്സിനെ നെഗറ്റീവ് ആയിട്ടാണ് എടുക്കുന്നത്. ഞങ്ങളുടേത് വളരെ ബഹുമാനപൂർവമുള്ള തീരുമാനം ആയിരുന്നു. എത്രയോ ആളുകൾ ഇഷ്ടമില്ലാതെ വിവാഹത്തിൽ തുടരാറുണ്ട്. അത് ചിലപ്പോൾ വളരെ ടോക്സിക്കായി മാറും. ടോക്സിക്ക് ബന്ധമായി മാറി ഒരുതരം വീർപ്പുമുട്ടലിൽ ജീവിക്കുന്ന സിറ്റുവേഷൻ ആയി മാറും. അതാണ് ഹെവി നെഗറ്റീവിറ്റി. അത് നമ്മുടെ എല്ലാ കാര്യത്തെയും ബാധിക്കും,’ ലെന പറഞ്ഞു.

AJILI ANNAJOHN :