അമ്മയുടെ കാലം കഴിയുന്നത് വരെ എനിക്ക് 16 വയസാണ്, എങ്ങനെയെങ്കിലും ജോലി ചെയ്ത് ഞാന്‍ എന്റെ അമ്മയെ നോക്കും;കുളപ്പുള്ളി ലീല പറയുന്നു

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് വളരെ പരിചിതയായ താരമാണ് കുളപ്പുള്ളി ലീല. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ പിടിച്ച് പറ്റിയ അഭിനയത്രി .
സിനിമയില്‍ ചിരിപ്പിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളെയാണ് കൂടുതലും അവതരിപ്പിച്ചിട്ടുള്ളതെങ്കിലും ജീവിതത്തില്‍ അത്ര നല്ല അനുഭവങ്ങളിലൂടെയല്ല താൻ കടന്നുവന്നതെന്ന് കുളപ്പുള്ളി ലീല പറയുന്നു. കൗമുദി മൂവീസ് ഡേ വിത്ത് എ സ്റ്റാറില്‍ പങ്കെടുത്തപ്പോഴായിരുന്നു അവര്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. ഞാന്‍ മരിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകളൊക്കെ നേരത്തെ പ്രചരിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസം അമ്പലത്തില്‍ പോയപ്പോള്‍ നടക്കാനൊക്കെ തുടങ്ങിയോ എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. കിടപ്പിലായിരുന്നില്ലേ, തീരെ വയ്യെന്നൊക്കെ കേട്ടിരുന്നു. ഇന്‍ഡസ്ട്രിയിലുള്ളവരും ഇത്തരത്തിലുള്ള കഥകളൊക്കെ ഉണ്ടാക്കുന്നുണ്ട്. അങ്ങനെയുള്ളൊരു തെളിവ് എനിക്ക് കിട്ടിയിരുന്നു.

ഒരു ഡയറക്ടറും പ്രൊഡ്യൂസറും വിളിച്ചിരുന്നു. ഞങ്ങള്‍ക്കൊന്ന് കാണാന്‍ പറ്റുമോയെന്ന് ചോദിച്ചിരുന്നു. അതെയല്ലോ എന്നായിരുന്നു ഞാന്‍ പറഞ്ഞത്. ഞാന്‍ വീട്ടിലെ കാര്യങ്ങളെല്ലാം ചെയ്ത് നില്‍ക്കുകയായിരുന്നു. ഈ അമ്മയെക്കുറിച്ചാണോ അവര്‍ അങ്ങനെയൊക്കെ പറഞ്ഞത്. ഏതോ ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എനിക്ക് തീരെ വയ്യെന്നായിരുന്നു അവരോട് പറഞ്ഞത്. അതേപോലെ പൂജയ്‌ക്കൊക്കെ വിളിച്ച് ക്യാരക്ടറിനെക്കുറിച്ചൊക്കെ പറയും. പിന്നെ ഒരു വിവരമുണ്ടാവില്ല, അങ്ങനെയുള്ള അവസ്ഥകളിലൂടെയും കടന്നുപോയിട്ടുണ്ട്. പൂജയ്ക്ക് വരണമെങ്കില്‍ അഡ്വാന്‍സ് തരണമെന്ന് ഇപ്പോള്‍ ഞാന്‍ പറയാറുണ്ട്

കസ്തൂരിമാന്‍ റീമേക്കിലൂടെയാണ് തമിഴില്‍ നിന്നും കൂടുതല്‍ അവസരങ്ങള്‍ വന്നുതുടങ്ങിയത്. കസ്തൂരിമാനിലെ ക്യാരക്ടര്‍ ചെയ്ത ആളെ അന്വേഷിച്ച് എല്ലാവരും കുറേ അലഞ്ഞിട്ടുണ്ട്. മലയാളത്തില്‍ വന്നതുകൊണ്ടല്ലേ തമിഴ് ചെയ്യാന്‍ പറ്റിയത്. ആ നന്ദിയും കടപ്പാടും എന്നുമുണ്ട്. ഒരുവിധമുള്ള ആള്‍ക്കാര്‍ക്കൊക്കെ എന്റെ ജീവിതത്തെക്കുറിച്ച് അറിയാം. ഞാനും 94 വയസുള്ള അമ്മയുമേ വീട്ടിലുള്ളൂ, ഈയൊരു വരുമാനമാര്‍ഗമേ എനിക്കുള്ളൂ. ആരോടെങ്കിലും അവസരമുണ്ടോയെന്ന് ചോദിച്ചാല് ചേച്ചിക്ക് പറ്റിയ വേഷമില്ലെന്നാണ് മറുപടി. അമ്മയുടെ കാലം കഴിയുന്നത് വരെ എനിക്ക് 16 വയസാണ്, എങ്ങനെയെങ്കിലും ജോലി ചെയ്ത് ഞാന്‍ എന്റെ അമ്മയെ നോക്കും. അതുകഴിഞ്ഞാല്‍ പിന്നെ ആരുമില്ല. ഇന്നെല്ലാവരും എന്നെ അറിയും, നാല് ദിവസം കിടന്ന് പോയാല്‍ ആരറിയാന്‍. ഇതൊക്കെ അറിഞ്ഞ് തന്നെയാണ് ജീവിക്കുന്നതെന്നുമായിരുന്നു കുളപ്പുള്ളി ലീല പറഞ്ഞത്.

AJILI ANNAJOHN :