ഷൂട്ടിംഗ് അവസാനിച്ചതോടെ ഞാനും ബിജുവുമടക്കം എല്ലാവരും പനിക്കാരായി – ലാൽ ജോസ്

ബിജു മേനോൻ – ലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് നാൽപത്തിയൊന്ന് . ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ഒരു യാത്രയുടെ കഥ പറയുന്ന ചിത്രം മടിക്കേരി, വാഗമണ്‍, തലശ്ശേരി എന്നിവിടങ്ങളില്‍ വച്ചാണ് പ്രധാനമായും ചിത്രീകരിച്ചത്.

സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതിന്റെ സന്തോഷം പങ്കിടുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. ചിത്രീകരണം എത്രമാത്രം സാഹസികമായിരുന്നെന്നും അതിനുവേണ്ടി അണിയറ പ്രവര്‍ത്തകര്‍ സഹിച്ച യാതനകളും പ്രകൃതിയുടെ അനുഗ്രഹവുമെല്ലാം ഫെയ്‌സ്ബുക്ക് പേജില്‍ ലാല്‍ ജോസ് പറയുന്നുണ്ട്.

ലാല്‍ ജോസിന്റെ പോസ്റ്റ് വായിക്കാം

‘പ്രിയപ്പെട്ടവരേ, നാല്‍പ്പത്തിയൊന്നിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ഒരു യാത്രയുടെ കഥ പറയുന്ന സിനിമയായതുകൊണ്ട് തന്നെ ഒരു പാട് സ്ഥലങ്ങളില്‍ ഷൂട്ടുണ്ടായിരുന്നു. കര്‍ണ്ണാടകത്തിലെ മടിക്കേരിയിലും വാഗമണ്ണിലും വച്ച് ഇടയ്ക്കിടെ കോടമഞ്ഞ് ഇറങ്ങി വന്ന് ഒന്ന് വിരട്ടി. മാര്‍ച്ച് , ഏപ്രില്‍ മാസങ്ങളുടെ ചൂട് തലശ്ശേരിയിലെ ചെമ്മണ്‍ പാതകളെ പതിവുപോലെ പൊളളിച്ചു. ചൂടും പൊടിയും ഷൂട്ടും സമാസമം ചേര്‍ന്നതിന്റെ ഫലമായി ഞാനും ബിജുമേനോനും എന്നുവേണ്ട യൂണിറ്റിലെ മിക്കവരും പനിക്കാരായി. എങ്കിലും എല്ലാവരും ഒറ്റമനസ്സോടെ ഉറച്ചു നിന്നതു കണ്ടിട്ടാകണം ഒരു നല്ല സിനിമയെ വല്ലാതെ വലക്കണ്ടെന്ന് പ്രകൃതി തീരുമാനമെടുത്തിരുന്നുവെന്ന് തോന്നുന്നു. അറിഞ്ഞ് അനുഗ്രഹിച്ച് കൂടെനിന്ന പ്രകൃതിക്ക് , കുമാര്‍ജിയുടെ ക്യാമറയിലേക്ക് കനിഞ്ഞിറങ്ങിവന്നു നിഴലും നിലാവും തീര്‍ത്തതിന് പ്രകൃതിയോട് ആദ്യമേ നന്ദി പറയട്ടെ. സാന്നിദ്ധ്യം കൊണ്ടും പ്രാര്‍ത്ഥനകൊണ്ടും മനസ്സുകൊണ്ടും ഒപ്പം നിന്ന ഏവര്‍ക്കും നന്ദി. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കാം.’

നിമിഷ സജയനാണ് ചിത്രത്തിലെ നായിക. സിഗ്‌നേച്ചര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജി പ്രജിത്ത്, അനുമോദ് ബോസ്, ആദര്‍ശ് നാരായണന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. നവാഗതനായ പി.ജി.പ്രഗീഷിന്റേതാണ് തിരക്കഥ.

lal jose about 41 movie shooting

Sruthi S :