“ഒരു സ്ത്രീക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമോ” ? – ലക്ഷ്മി പ്രിയ

മലയാള സിനിമയിലെ സ്ത്രീകൾ ഇപ്പോൾ എല്ലാ വിഷയങ്ങളെ കുറിച്ചും പ്രതികരിക്കാൻ ആരംഭിച്ചു. മുൻപ് സിനിമയ്ക്കുള്ളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന സ്ത്രീകൾ പൊതുമേഖലയിലേക്ക് ഇറങ്ങി തുടങ്ങി. സ്ത്രീകളുടെ മനോവ്യാപാരത്തെ കുറിച്ച് സംസാരിക്കുകയാണ് നടി ലക്ഷ്മി പ്രിയ.

“ഇപ്പോഴത്തെ കാലത്ത് സ്ത്രീകള്‍ ധാരാളം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ഈയിടെ നമ്മുടെ നാട്ടില്‍ നടന്ന പല സംഭവങ്ങളും പരിശോധിച്ചു നോക്കിയാല്‍ അറിയാം. ഒരു സ്ത്രീയ്ക്ക് ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുമോ എന്ന് ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്. എന്നെ വേദനിപ്പിക്കുന്ന ഒരുപാട് സംഭവങ്ങള്‍ സമീപകാലത്ത് കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. ഒരു സ്ത്രീയെന്ന നിലയില്‍ അഭിമാനം തോന്നുന്ന അതേ സാഹചര്യത്തില്‍ അപമാനവും തോന്നുന്ന സംഭവങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്.

രണ്ട് വര്‍ഷം ഞാന്‍ സിനിമയില്‍ നിന്ന് മാറി നിന്നു. എനിക്കൊരു പെണ്‍കുഞ്ഞു പിറന്നു. കുഞ്ഞിന്റെ വളര്‍ച്ച കാണാന്‍ വേണ്ടി ഞാന്‍ ഒരു ഇടവേളയെടുത്തു. അങ്ങനെയിരിക്കെയാണ് തീരുമാനം എന്ന സിനിമ എന്നെ തേടിയെത്തിയത്. ഒരു നടി എന്ന നിലയില്‍ എനിക്ക് സമൂഹത്തിന് വേണ്ടി ഒരു നല്ല സന്ദേശം നല്‍കാന്‍ ഈ ചിത്രത്തിലൂടെ എനിക്ക് സാധിക്കുമെന്ന് തോന്നി. കഥ തുടങ്ങുന്നത് 14 വയസ്സുള്ള പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ്. പെണ്‍കുഞ്ഞുങ്ങളോട് സമൂഹം എങ്ങനെ പെരുമാറണം എന്ന സന്ദേശമാണ് ഈ ചിത്രത്തിലൂടെ ഞങ്ങള്‍ നല്‍കുന്നത്. ഒരു പെണ്‍കുട്ടിയുടെ അമ്മ എന്ന നിലയില്‍ അത് അനിവാര്യമാണെന്ന് തോന്നുന്നു.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ മകള്‍ക്കൊപ്പം നടക്കാന്‍ പോയപ്പോള്‍ ആയുഷ് ശര്‍മ എന്ന വ്യക്തിയെ പരിചയപ്പെട്ടു. അദ്ദേഹം കുട്ടികളെ ഭിക്ഷാടനത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള ക്യാമ്പയിനുമായി 17000 കിലോ മീറ്ററോളം കാല്‍നടയായി യാത്ര ചെയ്യുകയാണ്. അദ്ദേഹം മകളെ കണ്ടപ്പോള്‍ എന്നോട് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. നമ്മുടെ രാജ്യത്ത് പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന ചൂഷണങ്ങളെക്കുറിച്ച് സംസാരിച്ചു. അദ്ദേഹത്തെപ്പോലുള്ളവര്‍ ഇത്രയും വലിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ നമ്മളും എന്തെങ്കിലും ചെയ്യേണ്ടതല്ലേ? – ലക്ഷ്മി പ്രിയ പറയുന്നു.

lakshmipriya about social issues

Sruthi S :