പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ടമാര്‍ പഠാറിലും സ്റ്റാര്‍ മാജിക്കിലൂടെയുമായി ആരാധകരുടെ സ്വന്തമായി മാറുകയായിരുന്നു ലക്ഷ്മി. ചിന്നു എന്നാണ് ആരാധകരും ലക്ഷ്മിയെ വിളിക്കുന്നത്. സ്റ്റാർ മാജിക്കിൽ എത്തുന്ന താരങ്ങൾക്കുള്ള പോലെ, അല്ലെങ്കിൽ അവരെക്കാൾ ഏറെ ആരാധകരുണ്ട് ലക്ഷ്മിയ്ക്ക്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമൊക്കെ ലക്ഷ്മി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
മുൻപ് നിരവധി ചാനൽ പരിപാടികളിലും റേഡിയോയിലും ഒക്കെ ജോലി ചെയ്തിട്ടുണ്ടെങ്കിലും അവതാരക എന്ന രീതിയിൽ ലക്ഷ്മി ശോഭിച്ചത് ടമാർ പഠാറിന്റെ ഭാഗമായ ശേഷമാണ്. സ്റ്റാർ മാജിക്കിൽ എത്തിയതോടെ ലക്ഷ്മിയുടെ തലവര മാറി. സിനിമാ-സീരിയൽ താരങ്ങൾക്ക് ലഭിക്കുന്ന അതേ സ്വീകാര്യതയാണ് ലക്ഷ്മിക്കും ഇന്നുള്ളത്. വിശേഷങ്ങൾ പങ്കിടാൻ ലക്ഷ്മി ആരംഭിച്ച യുട്യൂബ് ചാനലും ഹിറ്റാണ്. ഒരു മില്യണിലധികം സബ്സ്ക്രൈബേഴ്സുള്ള ചാനലിൽ ലക്ഷ്‌മി പങ്കുവയ്ക്കുന്ന വീഡിയോകളെല്ലാം വൈറലായി മാറാറുണ്ട്.
പൊതുവെ തമാശ നിറഞ്ഞ, രസകരമായ വീഡിയോകളുമായാണ് താരം എത്താറുള്ളത്. എന്നാൽ പതിവില്‍ നിന്നും വ്യത്യസ്തമായൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ലക്ഷ്മി നക്ഷത്ര ഇപ്പോൾ. എപ്പോഴും കാണുന്ന പോലെയൊരു വീഡിയോ അല്ല ഇത്തവണ പോസ്റ്റ് ചെയ്യുന്നതെന്ന് ലക്ഷ്മി ആദ്യമേ വ്യക്തമാക്കിയിരുന്നു. വീഡിയോ ശ്രദ്ധനേടുകയാണ്.
ഞാനടക്കം കുറേ പേര്‍ അഭിമുഖീകരിച്ചിട്ടുള്ള പ്രശ്‌നങ്ങളുടെ പരിഹാരമാണ് ഈ വീഡിയോ എന്ന് പറഞ്ഞാണ് ലക്ഷ്‌മി ആരംഭിച്ചത്. ആര്‍ടിസ്റ്റായത് കൊണ്ട് ഒരു പ്രശ്‌നങ്ങളുമില്ലാത്ത ഹൈഫൈ ജീവിതമാണ് ഞങ്ങളുടേതെന്നായിരിക്കും പലരും കരുതുന്നത്. അങ്ങനെയല്ല, നമ്മുടേതായ രീതിയില്‍ നമുക്കും പ്രശ്‌നങ്ങളുണ്ട്. ഡിപ്രഷന്‍ സ്റ്റേജിലൂടെയൊക്കെ കടന്നുപോയ വ്യക്തിയാണ് ഞാന്‍.
ചെറുതായിരുന്നപ്പോള്‍ ഏകാഗ്രത കിട്ടാതെ അമ്മ എന്നെക്കൊണ്ട് ശരിക്കും ബുദ്ധിമുട്ടിയിട്ടുണ്ട്. ഒരുകാര്യത്തില്‍ മാത്രമായി ശ്രദ്ധിക്കാനൊന്നും പറ്റിയിരുന്നില്ല അന്ന്. എന്റെ മനസ് ചെറുതായൊന്ന് ഡൗണായി എന്ന് തോന്നിക്കഴിഞ്ഞാല്‍ ഞാന്‍ നേരെ ഇങ്ങോട്ടേക്ക് വരും. ഒരാളെ കണ്ട് സംസാരിച്ചാല്‍ എന്റെ പ്രശ്‌നങ്ങളെല്ലാം മാറും. അങ്ങനെയായിരുന്നു താനെന്ന് ലക്ഷ്മി പറയുന്നു. തുടർന്ന് തന്റെ തെറാപ്പിസ്റ്റിന്റെ താരം പരിചയപ്പെടുത്തി.
തിരക്കിട്ട ഷെഡ്യൂളൊക്കെ കഴിഞ്ഞ് മനസ് ചെറുതായി ഡൗണാവുന്നു എന്ന് തോന്നുമ്പോള്‍ ഞാന്‍ നേരെ ഡോക്ടറിനെ വിളിക്കും. ഒരുപാട് സ്‌നേഹത്തോടെ എന്നെ വിളിച്ച് മോട്ടിവേറ്റ് ചെയ്യും. നിസാര കാര്യങ്ങള്‍ക്ക് പോലും ടെന്‍ഷനടിച്ചിരുന്ന ബാല്യമായിരുന്നു എന്റേത്. ഒരു ഉറുമ്പിനെ ചവിട്ടിപ്പോയാല്‍ ഞാന്‍ കൊലപാതകിയായി, എനിക്ക് ദൈവശിക്ഷ കിട്ടുമെന്ന് ചിന്തിച്ച് ടെന്‍ഷനടിക്കുമായിരുന്നു.
ഈ പ്രശ്‌നം പരിഹരിക്കാനായി അച്ഛനും അമ്മയും എന്നെ ഒരുപാട് ഡോക്ടർമാരുടെ അടുത്ത് കൊണ്ടുപോയിട്ടുണ്ട്. ഇത് ഞാൻ സ്റ്റാര്‍ മാജിക്കില്‍ ബിനുച്ചേട്ടന്റെ അടുത്ത് പറയുന്ന പോലൊരു കഥയല്ല. എന്റെ ജീവിതാനുഭവമാണ്, ലക്ഷ്മി പറഞ്ഞു.ലക്ഷ്മിയുടെ രക്ഷിതാക്കളെ ഞാന്‍ ശരിക്കും അഭിനന്ദിക്കും. കാരണം ലക്ഷ്മിയുടെ അനാവശ്യ ടെന്‍ഷന്‍ മനസിലാക്കി അച്ഛനും അമ്മയും അത് പരിഹരിച്ചിരുന്നു. അങ്ങനെയാണ് ഇന്ന് കാണുന്ന ലക്ഷ്മി നക്ഷത്രയെ നമുക്ക് ലഭിച്ചത് എന്നാൽ ഇന്നത്തെ പല മാതാപിതാക്കളും മക്കളുടെ പ്രശ്നങ്ങൾ മനസിലാക്കിയാലും അതിനെ അഡ്രസ് ചെയ്യില്ലെന്ന് ഡോക്ടർ പറഞ്ഞു. തുടർന്ന് ഇരുവരും നീണ്ടൊരു അഭിമുഖത്തിലേക്ക് കടക്കുകയായിരുന്നു. മാനസികാരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചും അതിനെ മറികടക്കുന്നതിന് കുറിച്ചുമൊക്കെയാണ് അഭിമുഖത്തിൽ സംസാരിച്ചത്.
നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ ലക്ഷ്മിയെ അഭിനന്ദിച്ച് കമന്റുകളുമായി എത്തിയത്. കൃത്യമായ ചോദ്യങ്ങളാണ് ലക്ഷ്മി ചോദിച്ചത്. കാലഘട്ടത്തിന് ആവശ്യമായ ഒരുപാട് വിവരങ്ങള്‍ തന്നതിന് നന്ദി. ചിന്നുവിനോട് ഒരുപാട് സ്‌നേഹം തോന്നുന്നു. ഇനിയും ഇതുപോലുള്ള വീഡിയോകള്‍ ചെയ്യണം എന്നൊക്കെയായിരുന്നു ആരാധകരുടെ കമന്റുകൾ.