സ്ത്രീധനത്തിന്റെ പിടിയില്‍ നിന്ന് പുതുതലമുറയും സ്വതന്ത്രമല്ല, സ്ത്രീധനം കൊടുക്കില്ലെന്ന് പറയാന്‍ സമൂഹം ആര്‍ജവം കാട്ടണം എന്ന് ഖുഷ്ബു സുന്ദര്‍

സ്ത്രീധനത്തിന്റെ പിടിയില്‍ നിന്ന് പുതുതലമുറയും സ്വതന്ത്രമല്ലെന്ന് നടി ഖുശ്ബു സുന്ദര്‍. സ്ത്രീധനം കൊടുക്കില്ലെന്ന് പറയാന്‍ സമൂഹം ആര്‍ജവം കാട്ടണം എന്നും ഖുശ്ബു പറഞ്ഞു. ബിനാലെയുടെ ഫോര്‍ട്ടി കൊച്ചി കബ്രാള്‍യാര്‍ഡ് പവലിയനില്‍ സ്ത്രീധന വിരുദ്ധ പ്രചാരണ സംഗീത വീഡിയോ രസികപ്രിയ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഖുശ്ബു.

സമൂഹത്തെ ആഴത്തില്‍ ബാധിച്ച ദുര്‍ഭൂതമാണ് സത്രീധനമെന്ന് ചടങ്ങില്‍ മുഖ്യ അതിഥിയായി എത്തിയ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന രാഗം സൊസൈറ്റിയാണ് സ്ത്രീധനവിരുദ്ധ സംഗീത പ്രചരണ പരിപാടി സംഘടിപ്പിച്ചത്. മുന്‍ ഡിജിപിയും കെഎംആര്‍എല്‍ എംഡിയുമായ ലോക്‌നാഥ് ബെഹ്‌റ എന്നിവരും വിഷയത്തെ കുറിച്ച് സംസാരിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം തനിക്ക് എയര്‍ ഇന്ത്യയില്‍ നിന്ന് നേരിട്ട ദുരനുഭവത്തെ കുറിച്ച് ഖുശ്ബു ട്വീറ്റ് ചെയ്തത് ഏറെ ചര്‍ച്ചയായിരുന്നു. കാല്‍മുട്ടിന് പരിക്കേറ്റതിനാല്‍ തനിക്ക് വീല്‍ചെയര്‍ ആവശ്യമായിരുന്നെന്നും എന്നാല്‍ അത് ലഭിക്കാനായി വിമാനത്താവളത്തില്‍ 30 മിനിറ്റാണ് കാത്തിരിക്കേണ്ടിവന്നതെന്നും ഖുശ്ബു ട്വീറ്റ് ചെയ്തു.

അടിസ്ഥാനപരമായി വേണ്ട വീല്‍ചെയര്‍ പോലും ലഭ്യമാക്കാന്‍ എയര്‍ ഇന്ത്യക്ക് കഴിഞ്ഞില്ല എന്നും മറ്റൊരു എയര്‍ലൈനില്‍ നിന്ന് വീല്‍ചെയര്‍ കടം വാങ്ങിയാണ് തനിക്ക് നല്‍കിയതെന്നും ഖുശ്ബു കുറിച്ചു. നടിയുടെ ട്വീറ്റ് വലിയ രീതിയില്‍ വാര്‍ത്തയായതിന് പിന്നാലെ മാപ്പുപറഞ്ഞ് എയര്‍ ഇന്ത്യയും രംഗത്തെത്തിയിരുന്നു.

Vijayasree Vijayasree :