കുഞ്ഞബ്ദുള്ളയായി ഇന്ദ്രൻസ് എത്തി അബ്‌ദുള്ളയുടെ അനുവാദം വാങ്ങാൻ!!!

”ഈ സിനിമ ഏറെ പ്രതീക്ഷയോടെയാണ് ബാപ്പ കണ്ടിരുന്നത്. ഷൂട്ടിങ് മുടങ്ങി ഹോസ്പിറ്റലില്‍ കിടക്കുമ്പോള്‍ ഈ സിനിമയെക്കുറിച്ച് തന്നെയായിരുന്നു ചിന്ത.”  കെ.ടി.സി. അബ്ദുള്ളയുടെ മകൻ ഗഫൂറിന്റെ വാക്കുകളാണിത്. അബ്ദുള്ള തുടക്കംകുറിച്ച മുഹബ്ബത്തില്‍ കുഞ്ഞബ്ദുള്ള  എന്ന കഥാപാത്രം പൂർത്തിയാക്കുന്നതിനു മുൻപേ മണ്മറഞ്ഞ അദ്ദേഹത്തെ കാണാനും ആ കഥാപാത്രത്തെ ഏറ്റെടുക്കാനുമായി ഇന്ദ്രൻസ് എത്തിയപ്പോൾ ബാപ്പയുടെ ചിന്തകളിൽ കണ്ണീരണിയുകയായിരുന്നു മകൻ ഗഫൂർ.

ചിത്രത്തിന്റെ പുനര്‍ചിത്രീകരണത്തിന് തുടക്കം കുറിച്ചു.  തന്റെ ഇഷ്ടകഥാപാത്രത്തെ അഭിനയിച്ച് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വിടവാങ്ങിയ അബ്ദുള്ളക്ക അന്ത്യനിദ്രകൊള്ളുന്ന ഖബര്‍സ്ഥാനില്‍ കുഞ്ഞബ്ദുള്ള എന്ന കഥാപാത്രത്തിന്റെ വേഷത്തില്‍തന്നെയായിരുന്നു ഇന്ദ്രന്‍സ് എത്തിയത്. ഒപ്പം ബാലു വര്‍ഗീസ്, സംവിധായകന്‍ ഷാനു സമദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര, മേക്കപ്പ്മാന്‍ അമല്‍ചന്ദ്, ക്യാമറാമാന്‍ അന്‍സര്‍, ഫോട്ടോഗ്രാഫര്‍ അനില്‍ പേരാമ്പ്ര, ജെ.പി. കോങ്ങാട് എന്നിവര്‍ സംബന്ധിച്ചു. അബ്ദുള്ളക്കയുടെ സ്മരണകള്‍ അലയടിക്കുന്ന അന്തരീക്ഷത്തില്‍ ഷാജി പട്ടിക്കര യാസീന്‍ ഓതി പ്രാര്‍ഥിച്ചു. എല്ലാവരും പ്രാര്‍ഥനാനിരതരായി നിന്നു.

”ഈ സിനിമ ഏറെ പ്രതീക്ഷയോടെയാണ് ബാപ്പ കണ്ടിരുന്നത്. ഷൂട്ടിങ് മുടങ്ങി ഹോസ്പിറ്റലില്‍ കിടക്കുമ്പോള്‍ ഈ സിനിമയെക്കുറിച്ച് തന്നെയായിരുന്നു ചിന്ത.” ഗഫൂര്‍ പറഞ്ഞു. സുഡാനി കണ്ടപ്പോഴാണ് ഇങ്ങനെയൊരു സിനിമയെക്കുറിച്ചാലോചിച്ചതെന്ന് സംവിധായകന്‍ ഷാനു പറഞ്ഞു. ആ ചിത്രത്തിലെ അബ്ദുള്ളക്കയുടെ കഥാപാത്രം സിനിമ കണ്ടിറങ്ങിയിട്ടും മനസ്സില്‍നിന്ന് മാഞ്ഞുപോവുന്നുണ്ടായിരുന്നില്ല. ഒരു മനുഷ്യന്റെ ജീവിതയാത്രയായാണ് ഈ സിനിമ ആവിഷ്‌കരിക്കുന്നത്. അയാളുടെ യാത്രയില്‍ കൂടെ കടന്നുവരുന്ന കഥാപാത്രങ്ങള്‍. സംഭവങ്ങള്‍ അങ്ങനെ… അബ്ദുള്ളക്കയുടെ മരണം ഞങ്ങളെ ഒരു ശൂന്യതയിലെത്തിച്ചെങ്കിലും ഈ കഥാപാത്രത്തെയും സിനിമയെയും പറ്റി കേട്ട് അതേറ്റെടുക്കാന്‍ ഇന്ദ്രന്‍സ് ചേട്ടന്‍ മുന്നോട്ട് വന്നു. ആ നല്ല മനസ്സിനും അബ്ദുള്ളക്കയുടെ മനസ്സിനും നന്ദി പറഞ്ഞുകൊണ്ടാണ് ഈ ഖബര്‍സ്ഥാനില്‍ നില്‍ക്കുന്നതെന്ന് ഷാനു കൂട്ടിച്ചേര്‍ത്തു. 

 ഉട്ട്യോപ്യയിലെ രാജാവ് എന്ന ചിത്രത്തില്‍ ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചിരുന്നു. അതിനു മുന്‍പുതന്നെ പല സെറ്റുകളില്‍നിന്ന് കണ്ടും ഇടപഴകിയും പല ചടങ്ങുകളിലും ഒന്നിച്ച് പങ്കെടുത്തുമെല്ലാം അബ്ദുള്ളക്കയെ നന്നായി അറിയാം. മനുഷ്യസ്‌നേഹിയായ നല്ലൊരു സുഹൃത്തായിരുന്നു അദ്ദേഹം. ഇപ്പോള്‍ ഈ കഥാപാത്രത്തെ ഏറ്റെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മകള്‍ പകരുന്ന ഊര്‍ജം തുണയാവുമെന്നു വിശ്വസിക്കുന്നു ഇന്ദ്രന്‍സ് പറഞ്ഞു.

 ktc abdullah death

HariPriya PB :