അന്ന് അച്ഛനെത്ര വേദനിച്ച് കാണുമെന്ന് ഇന്ന് മനസിലാക്കുന്നു!. ആ ഓർമകൾ പങ്കുവെച്ച് കൃഷ്ണകുമാർ

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബങ്ങളില്‍ ഒന്നാണ് നടന്‍ കൃഷ്ണകുമാറിന്റേത്.സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ കുടുംബം ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകളുമായെത്തിയിരിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ ദിവസം യാത്രക്കിടയിൽ, ഫോണിലെ ഫോട്ടോ ഗാലറിയിലൂടെ ഒരു രസത്തിനു ഫോട്ടോകൾ നോക്കി പോയപ്പോൾ അച്ഛന്റെ പാസ്പോർട്ടിന്റെ ഒരു ഫോട്ടോ കണ്ടു.

അതിൽ അച്ഛന്റെ ജനന തീയതി നോക്കിയപ്പോൾ ജൂൺ 19, 1923. അതായത് 100 വർഷങ്ങൾക്കു മുൻപാണ് അച്ഛൻ ജനിച്ചത്. ഇന്നു ജീവിച്ചിരുന്നെങ്കിൽ ഇന്നലെ അച്ഛന് 100 വയസ്സ്. കുറേ ഓർമ്മകൾ മനസ്സിലൂടെ കടന്നു പോയി. ചെറുപ്രായത്തിൽ അച്ഛൻ ഹീറോ ആയിരുന്നു. എല്ലാത്തിനും അച്ഛൻ വേണം. എന്നാൽ കാലം കടന്നുപോയപ്പോൾ ചില സാഹചര്യങ്ങൾ ഞങ്ങൾക്കിടയിൽ കടുത്ത സംഘർഷങ്ങൾ സൃഷ്ടിച്ചു. പലപ്പോഴും ഇരുഭാഗത്തുനിന്നും അതിരുകടന്നു പോയതു ഇപ്പോൾ ദുഖത്തോടെ ഓർക്കുന്നു.

എന്റെ അച്ഛൻ എന്നെ ഇഷ്ടപ്പെട്ടപോലെ എനിക്കു എന്റെ മക്കളെയും ഇഷ്ടമാണ്. ഇന്നു അവരൊക്കെ വളർന്നു വലുതായി അവരുടേതായ ജീവിതം ആരംഭിച്ചു. ഇടക്കൊക്കെ മക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുമ്പോൾ അവർ അവരുടെ വിയോജിപ്പ് ശക്തമായി പ്രകടിപ്പിക്കും. അപ്പോൾ എന്റെ മനസ്സ് പെട്ടെന്ന് എന്നെ ഓർമ്മപ്പെടുത്തും. “

നിന്റെ മക്കൾ ചെറിയ കാര്യങ്ങൾ പറയുമ്പോൾ നിനക്ക് കടുത്ത മാനസിക വേദന തോന്നുന്നുണ്ടെങ്കിൽ അപ്പോൾ ഇതിന്റെ എത്രയോ ഇരട്ടി ശക്തിയിൽ നീ നിന്റെ അച്ഛനോട് പ്രതികരിച്ചപ്പോൾ അതും വളരെ പ്രായം ചെന്ന അച്ഛന് അന്ന് എത്രമാത്രം വേദന ഉണ്ടാക്കി കാണും.”ഇതൊക്കെ അച്ഛനുണ്ടായിരുന്നെങ്കിൽ പറയണമെന്നാഗ്രഹമുണ്ട്. പക്ഷെ ഇന്നു ആഗ്രഹിക്കാൻ മാത്രമേ കഴിയൂ എന്നതാണ് സത്യം. അതൊരു വേദനയാണ്.

സഹോദരങ്ങളേ, മാതാപിതാക്കളുമായി പ്രശ്നങ്ങൾ ഉണ്ടെങ്കിൽ, അത് തീർക്കാൻ പറ്റുന്നതാണെങ്കിൽ നമ്മുടെ ഈഗോ, അഹംഭാവം, ദുരഭിമാനം എന്ത് വേണോ വിളിച്ചോളൂ, അതൊക്കെ മാറ്റിവെച്ചു, എന്തിനു ചിലപ്പോൾ ശരി നമ്മുടെ ഭാഗത്തായിരിക്കാം. എന്നാലും എല്ലാം പറഞ്ഞു തീർത്ത്, ക്ഷമിച്ച്, സ്നേഹത്തിൽ പോകാൻ ശ്രമിക്കുക. ജീവിതത്തിൽ സമാധാനമുണ്ടാകും. ഇല്ലെങ്കിൽ ചില ഓർമ്മകൾ നമ്മളെ ജീവിതാവസാനം വരെ വേട്ടയാടും, വേദനിപ്പിക്കും. ഇതെഴുതിക്കൊണ്ടിരുന്നപ്പോൾ ഒരു തോന്നൽ. അച്ഛൻ ഇത് വേറൊരു ലോകത്തിരുന്നു വായിക്കുന്നുണ്ടാവും. ചിലപ്പോൾ ക്ഷമിച്ചും കാണുമെന്നായിരുന്നു കുറിപ്പ്.

AJILI ANNAJOHN :