ആയിഷയായി മഞ്ജു ജീവിച്ചു; ‘ആയിഷ’യെ പ്രശംസിച്ച് കെകെ ഷൈലജ

നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനത്തില്‍ പുറത്തെത്തിയ മഞ്ജു വാര്യര്‍ നായികയായി എത്തിയ ചിത്രമായിരുന്നു ‘ആയിഷ’. ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ആറ് ഭാഷകളിലായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം ഗള്‍ഫ് രാജ്യങ്ങളിലാണ് ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. തിരസ്‌കാരങ്ങളും പ്രാരാബ്ധങ്ങളും കാരണം പ്രവാസിയാകേണ്ടി വന്ന നിലമ്പൂര്‍ ആയിഷ എന്ന കലാകാരിക്കുള്ള ആദരമാണ് ഈ സിനിമ.

ഇപ്പോഴിതാ മുന്‍ ആരോഗ്യമന്ത്രിയും എം.എല്‍.എയുമായ കെ.കെ.ഷൈലജ ചിത്രത്തിന് അഭിനന്ദനം അറിയിച്ചിരിക്കുകയാണ്. ആള്‍ക്കൂട്ടത്തിലും ഒറ്റപ്പെട്ടുപോകുന്ന ധനിക കുടുംബാംഗമായ മാമ്മയും ഗദ്ദാമയായ ആയിഷയും തമ്മിലുള്ള ഹൃദയഹാരിയായ ബന്ധത്തിന്റെ കഥ പറയുകയാണ് ‘ആയിഷ’യെന്ന് എം.എല്‍.എ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എം.എല്‍.എയുടെ പ്രതികരണം.

കെ.കെ. ഷൈലജയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം;

‘ആയിഷ’ കേരളത്തിന്റെ അഭിമാനമായ കലാകാരി നിലമ്പൂര്‍ ആയിഷയുടെ ജീവിതാനുഭവങ്ങള്‍ ഉള്‍ ചേര്‍ന്ന സിനിമയാണെന്ന് അറിഞ്ഞപ്പോള്‍ തീര്‍ച്ചയായും കാണണമെന്ന് ആഗ്രഹിച്ചിരുന്നു. മാത്രമല്ല മഞ്ജുവാര്യര്‍ ആ കഥാപാത്രമായി പകര്‍ന്നാടുന്നത് കാണാനും അതീവ താല്പര്യമുണ്ടായിരുന്നു. സിനിമ കണ്ടു. ഒട്ടും നിരാശപ്പെടുത്തിയില്ല.

ഫ്യൂഡല്‍ യാഥാസ്ഥിതിക സമൂഹത്തോട് പടപൊരുതി അരങ്ങിലേക്ക് തലയുയര്‍ത്തി കടന്നുവന്ന അയിഷാത്തയുടെ ജീവിതകഥ പൂര്‍ണ്ണമായും പായുകയല്ല ആമിര്‍ പള്ളിക്കലും ആസിഫും ഉദ്ദേശിച്ചതെന്ന് മനസ്സിലായി. ഗദ്ദാമമാരായി ഗള്‍ഫ്‌നാടുകളില്‍ എത്തുന്ന പെണ്‍കുട്ടികളുടെ ദുരിതകഥകള്‍ നേരത്തെ പല സിനിമകളിലും വരച്ചുകാട്ടിയിട്ടുണ്ട്.

ആള്‍കൂട്ടത്തിലും ഒറ്റപ്പെട്ടുപോകുന്ന ധനിക കുടുംബാംഗമായ മാമ്മയും ഗദ്ദാമയായ ആയിഷയും തമ്മിലുള്ള ഹൃദയഹാരിയായ ബന്ധത്തിന്റെ കഥ പറയുകയാണ് ‘ആയിഷ’. എന്നാല്‍ അതോടൊപ്പം ആരുടെയും മുന്നില്‍ തലകുനിക്കാത്ത നിലമ്പൂര്‍ ആയിഷയുടെ വ്യക്തിത്വം വരച്ചുകാട്ടുകയും ചെയ്യുന്നു.

ആയിഷയായി മഞ്ജു ജീവിച്ചു, മാമ്മയായി അഭിനയിച്ച ഡോണ അത്ഭുതകരമായ പകര്‍ന്നാട്ടമാണ് നടത്തിയത്. യാഥാസ്ഥിതിക കേരളീയ സമൂഹത്തോട് അയിഷാത്ത നടത്തിയ വെല്ലുവിളികള്‍ കുറച്ചുകൂടി പ്രകടമാക്കാന്‍ സമയക്കുറവ് മൂലമാകാം കഴിയാതിരുന്നത്. പക്ഷേ അത് ഒരു കുറവായി തോന്നാത്തവിധം ആയിഷയെ ശക്തമാക്കാന്‍ സംവിധായകന് കഴിഞ്ഞു. ആയിഷ ടീമിന് അഭിനന്ദനങ്ങള്‍.

Vijayasree Vijayasree :