കാശ് കൊടുത്ത് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് സിനിമയെ വിമര്‍ശിക്കാന്‍ അവകാശമുണ്ട്; തുറന്ന് പറഞ്ഞ് ‘വാരിസി’ന്റെ സംവിധായകന്‍ വംശി പൈഡിപ്പള്ളി

പൊങ്കല്‍ റിലീസായി വിജയുടേതായി പുറത്തെത്തിയ ചിത്രമായിരുന്നു വാരിസ്. ഇപ്പോഴിതാ ‘വാരിസി’ന്റെ സംവിധായകന്‍ വംശി പൈഡിപ്പള്ളിയുടെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. കാശ് കൊടുത്ത് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് സിനിമയെ വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്നാണ് സംവിധായകന്‍ പറയുന്നത്.

‘എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമയും ഉണ്ടാകില്ല. കൂടുതല്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ള സിനിമ എന്ന് മാത്രമേ പറയാനാകൂ. അതുപോലെ തന്നെ ക്രീയേറ്റര്‍ക്കും പൂര്‍ണ തൃപ്തി നല്‍കുന്ന സിനിമകള്‍ ഉണ്ടാകില്ല. നല്ല കലാകാരന് എപ്പോഴും കുറച്ചും കൂടി നന്നാക്കാമായിരുന്നു എന്നാകും ഓരോ സിനിമ കഴിയുമ്പോഴും തോന്നുക.

ശ്രദ്ധ നേടാനായി മാത്രം വിമര്‍ശിക്കുന്നവരുണ്ട്. അങ്ങനെയുള്ളവര്‍ ചില മുന്‍വിധികളോടെയാണ് തിയേറ്ററിലേക്ക് വരുന്നത്. അവരുടെ വാക്കുകള്‍ കണക്കിലെടുക്കുന്നില്ല. പക്ഷെ സിനിമയെ ആസ്വദിക്കാന്‍ വരുന്നവരെയാണ് ഞാന്‍ പ്രേക്ഷകരായി കാണുന്നത്’ എന്നും വംശി പറഞ്ഞു.

വിജയ് നായകനായ ‘വാരിസ്’ 275 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് സിനിമാ ട്രാക്കേഴ്‌സായ സിനിട്രാക്ക് ട്വീറ്റ് ചെയ്തിരിക്കുന്നത്. വിജയ്‌യുടെ നായികയായി രശ്മിക മന്ദാനയാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്.

ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാര്‍ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വന്‍ താരനിരയും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്. എസ് തമന്റെ ആണ് സംഗീതം. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

Vijayasree Vijayasree :