കുടുംബനാഥനെന്ന നിലയില്‍ അദ്ദേഹം നല്ലതാണെന്ന് ഞാനൊരിക്കലും പറയില്ല; സല്‍മ

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മലയാള സിനിമയെ നവഭാവുകത്വത്തിലേയ്ക്ക് കൈപിടിച്ച് നടത്തിയ തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന കെ ജി ജോര്‍ജ് വിടവാങ്ങിയത്. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് സല്‍മ മുമ്പ് പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലായി മാറുന്നത്. മികച്ച സംവിധായകനാണ് കെജി ജോര്‍ജ് എന്നതില്‍ എനിക്ക് തര്‍ക്കമില്ല. ചെയ്തിരിക്കുന്ന സിനിമകളെല്ലാം എക്കാലത്തും ഓര്‍മ്മിക്കപ്പെടുന്നതുമാണ്. ഭര്‍ത്താവായത് കൊണ്ടല്ല ഓരോ സിനിമയും വ്യത്യസ്തമായാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. സിനിമാജീവിതത്തിന് നൂറ് മാര്‍ക്ക് കൊടുക്കുമ്പോള്‍ ഫാമിലി ലൈഫില്‍ അദ്ദേഹം പരാജിതനാണെന്നും സല്‍മ പറയുന്നുണ്ടായിരുന്നു.

കെജി ജോര്‍ജിന്റെ ജീവിതത്തെക്കുറിച്ചും സിനിമകളെക്കുറിച്ചുമുള്ള ഡോക്യുമെന്ററി സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഭര്‍ത്താവിനെക്കുറിച്ച് ഭാര്യ സല്‍മ പറഞ്ഞ കാര്യങ്ങളാണ് ചര്‍ച്ചയായത്. കുടുംബജീവിതത്തെക്കുറിച്ച് സല്‍മ പറയുമ്പോള്‍ നിറചിരിയോടെ കേട്ട് നില്‍ക്കുന്ന ജോര്‍ജിനെയാണ് വീഡിയോയില്‍ കാണുന്നത്. ഭര്‍ത്താവിന്റെ കൂടെയിരുന്ന് അദ്ദേഹത്തിന്റെ പോരായ്മകളെക്കുറിച്ച് പറയുകയായിരുന്നു സല്‍മ.

ഇവരുടെ കുടുംബ ജീവിതത്തില്‍ അന്നേ താളപ്പിഴകളുണ്ടായിരുന്നുവെന്നായിരുന്നു ചിലരുടെ വിലയിരുത്തല്‍. ആ ഡോക്യുമെന്ററിയെക്കുറിച്ച് ഇത്രയധികം വിമര്‍ശിക്കാനെന്തിരിക്കുന്നു, അതിനെ പോസിറ്റീവായി മാത്രം കണ്ടാല്‍ മതിയെന്നായിരുന്നു മകള്‍ പ്രതികരിച്ചത്. അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുന്ന സമയത്താണ് സല്‍മയെ കാണുന്നത്.

ചെന്നൈയില്‍ കുടുംബസമേതമായി താമസിക്കുകയായിരുന്നു അവര്‍. നല്ലൊരു ഗായികയാവുക എന്നതായിരുന്നു സല്‍മയുടെ ആഗ്രഹം. റെക്കോര്‍ഡിംഗുകളിലൊക്കെ സല്‍മയെ കണ്ടിട്ടുണ്ട്. വിവാഹിതനാവാമെന്ന് തോന്നിയപ്പോഴാണ് സല്‍മയോട് ഇഷ്ടം അറിയിച്ചത്. അങ്ങനെയാണ് ഞങ്ങളുടെ വിവാഹം നടന്നതെന്നുമായിരുന്നു കെജി ജോര്‍ജ് പറഞ്ഞത്. എന്റെ ഭര്‍ത്താവ് നല്ലൊരു സംവിധായകനാണ്. കുടുംബനാഥനെന്ന നിലയില്‍ അദ്ദേഹം നല്ലതാണെന്ന് ഞാനൊരിക്കലും പറയില്ലെന്ന് സല്‍മ പറയുമ്പോള്‍ ചിരിക്കുകയായിരുന്നു ജോര്‍ജ്.

ചിരിച്ച മുഖത്തോടെയാണ് സല്‍മയും സംസാരിക്കുന്നത്. ജീവിതത്തില്‍ അദ്ദേഹത്തിന് സെന്റിമെന്‍സില്ല. സ്വന്തം പേരന്‍സിനോടോ, എന്നോടോ, മക്കളോടോ, എന്റെ പേരന്‍സിനോടോ ആരോടും ഒരു സെന്റിമെന്‍സില്ല. സ്വന്തക്കാര്‍ ആരുവന്നാലും അദ്ദേഹം സംസാരിക്കില്ല. സുഹൃത്തുക്കളൊക്കെയാണ് വന്നതെങ്കില്‍ ആള്‍ നന്നായി മിണ്ടുകയും ചെയ്യും.

പരിചയപ്പെട്ട കാലത്ത് ഞാന്‍ അദ്ദേഹത്തോട് പാടാന്‍ അവസരം ചോദിച്ചിരുന്നു. സിനിമയില്‍ നിലനിന്ന് പോവണമെങ്കില്‍ ആരുടെയെങ്കിലും സപ്പോര്‍ട്ട് വേണം. എല്ലാവരോടും ചോദിക്കുന്ന പോലെ ഞാന്‍ അദ്ദേഹത്തോടും ചാന്‍സ് ചോദിച്ചിരുന്നു. ഒന്നുമല്ലെങ്കിലും അദ്ദേഹമൊരു തിരുവല്ലക്കാരനല്ലേ, അദ്ദേഹത്തെ കല്യാണം കഴിച്ചാല്‍ അദ്ദേഹത്തിന്റെ സിനിമകളിലെങ്കിലും നിനക്ക് പാട്ട് പാടാമെന്നായിരുന്നു അമ്മ പറഞ്ഞത്. അമ്മയും തിരുവല്ലക്കാരിയാണ്.

കലയെ ആസ്വദിക്കുന്നൊരാള്‍ ജീവിതപങ്കാളിയായി വരണമെന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. കലാകാരനെ ഭര്‍ത്താവാക്കാന്‍ ഇഷ്ടമില്ലായിരുന്നു. എനിക്ക് കലാകാരന്‍ വേണ്ടെന്ന് പറയുമ്പോള്‍ എന്നാല്‍ നീ ഇവിടെ ഇരിക്കത്തേയുള്ളൂ എന്നായിരുന്നു അമ്മ പറഞ്ഞിരുന്നത്. ജോര്‍ജിനെ വിവാഹം ചെയ്താല്‍ അദ്ദേഹത്തിന്റെ സിനിമകളിലെങ്കിലും പാടാം. അങ്ങനെയാണ് ഞാന്‍ അദ്ദേഹവുമായുള്ള വിവാഹത്തിന് സമ്മതിക്കുന്നതെന്നും സല്‍മ പറയുന്നുണ്ട്.

സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന തരത്തിലുള്ള സിനിമകളാണ് അദ്ദേഹം ചെയ്തത്. സിനിമകളില്‍ അങ്ങനെയാണെങ്കിലും ജീവിതത്തില്‍ ഭാര്യയുടെയും അമ്മയുടെയും മനസ് കാണാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നും സല്‍മ ജോര്‍ജിനോട് പറയുന്നുണ്ട്. അതിനുള്ള മറുപടിയും ഉറക്കെയുള്ള ചിരിയായിരുന്നു. സെക്‌സും വേണം, നല്ല ഭക്ഷണവും വേണം. ജീവിതത്തോടൊരു ആത്മാര്‍ത്ഥതയില്ല. യാതൊരുവിധ സെന്റിമെന്‍സുമില്ലാത്ത ജീവിതം. എങ്ങനെയാണ് ഇങ്ങനെ സ്ത്രീകളെ പോത്സാഹിപ്പിച്ച് അദ്ദേഹം സിനിമയെടുക്കുന്നതെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്.

സിനിമകളിലെ സെന്റി സീന്‍ കാണുമ്പോള്‍ അദ്ദേഹം കരയുന്നതും മൂക്ക് തുടക്കുന്നതുമൊക്കെ കാണാം. അത് സ്വന്തം ഭാര്യയുടെ അടുത്ത് ഉണ്ടാവാറില്ല. നമ്മള്‍ സങ്കടപ്പെട്ടാലും പുള്ളിയെ അത് ബാധിക്കില്ല. പെണ്ണും സിനിമയുമാണ് പുള്ളിയുടെ ജീവിതത്തില്‍ പ്രധാനം. ഇത് രണ്ടുമായിട്ട് എങ്ങനെ വേണമെങ്കിലും നിങ്ങള്‍ക്ക് ജീവിക്കാം. അങ്ങനെയുള്ളവര്‍ കല്യാണം കഴിക്കാന്‍ പാടില്ലെന്നും സല്‍മ പറഞ്ഞപ്പോള്‍ ഞാനിങ്ങനെയായിപ്പോയി സല്‍മേയെന്നായിരുന്നു ജോര്‍ജിന്റെ മറുപടി.

കെട്ടുക്കാഴ്ചകള്‍ക്കപ്പുറം സിനിമ എന്ന മാധ്യമത്തിന്റെ സാധ്യതകളിലേക്കുള്ള സര്‍ഗാത്മക സഞ്ചാരമായിരുന്നു 1976 ലെ ആദ്യ ചിത്രമായ ‘സ്വപ്നാടനം’ മുതലുള്ള ജോര്‍ജിന്റെ സിനിമാ ജീവിതം. മലയാളത്തിലെ സാമ്പ്രദായിക ചലച്ചിത്ര സമീപനങ്ങളെ കൈയൊഴിഞ്ഞ് പുതിയ ലോകത്തിലേക്കുള്ള യവനിക ഉയര്‍ത്തിയ ചിത്രമായിരുന്നു ‘സ്വപ്നാടനം’. നിലനിന്നിരുന്ന സിനിമാ ഭാവനകളെ ഒരു തരത്തില്‍ തിരുത്തിയെഴുതുകയായിരുന്നു ‘സ്വപ്നാടനം’.

മലയാളത്തിലെ അടിയുറച്ച സിനിമാ വീക്ഷണങ്ങളെയൊക്കെ അട്ടിമറിച്ച് കാഴ്ചയ്ക്ക് പുതിയൊരു സൗന്ദര്യം പകര്‍ന്ന് നല്‍കിയ സിനിമകളായിരുന്നു ജോര്‍ജ് മലയാളികള്‍ക്ക് സമ്മാനിച്ചത്. കാഴ്ചയില്‍ മാത്രമല്ല, ഉള്ളടക്കത്തിലും അതുവരെ നിലനിന്നിരുന്ന ആവര്‍ത്തനവിരസത നിറഞ്ഞതും ഉള്‍ക്കാമ്പ് ഇല്ലാത്തതുമായ മലയാള സിനിമകളുടെ കോലത്തിലായിരുന്നില്ല ജോര്‍ജ്ജിന്റെ സിനിമകള്‍. 1976 മുതല്‍ 1998 വരെയുള്ള കാലയളവില്‍ എടുത്ത 19 സിനിമകളില്‍ ഓരോന്നും പ്രേക്ഷകന് നല്‍കിയത് പുതിയൊരു അനുഭവമായിരുന്നു.

Vijayasree Vijayasree :