വാക്കുകളെ മനോഹരമായ ഈണങ്ങളായും നിമിഷങ്ങളെ മായാജാലങ്ങളായും മാറ്റുന്നവന് ജന്മദിനാശംസകള്‍; എംജി ശ്രീകുമാറിന് പിറന്നാള്‍ ആശംസകളുമായി ലേഖ, പതിവ് തെറ്റിക്കാതെ ഗുരുവായൂരില്‍ ദര്‍ശനം!

മലയാളത്തിലെ എക്കാലത്തെയും മികച്ച ഗായകരില്‍ ഒരാളാണ് എംജി ശ്രീകുമാര്‍. വ്യത്യസ്തമായ ഗാനങ്ങളിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറാന്‍ അദ്ദേഹത്തിന് അധികം കാലതാമസം വേണ്ടി വന്നില്ല. സംഗീത കുടുംബത്തില്‍ ജനിച്ച അദ്ദേഹം ചെറുപ്പത്തില്‍ തന്നെ പിന്നണി ഗാന രംഗത്തേക്കെത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ പ്രിയ ഗായകന്റെ 67ാം പിറന്നാള്‍.

ഈ വേളയില്‍ ആഘോഷങ്ങള്‍ക്കൊപ്പം പ്രിയപ്പെട്ടവന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ നല്ല പാതി ലേഖ ശ്രീകുമാര്‍. വാക്കുകളെ മനോഹരമായ ഈണങ്ങളായും നിമിഷങ്ങളെ മായാജാലങ്ങളായും മാറ്റുന്നവന് ജന്മദിനാശംസകള്‍. പാടുന്നത് തുടരുക, തിളങ്ങുക! ഓരോ വര്‍ഷം കഴിയുമ്പോഴും നിങ്ങളുടെ കല ഇനിയും വളരട്ടെ ശ്രീക്കുട്ടാ എന്നാണ് ജന്മദിനത്തില്‍ ലേഖ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

പിന്നാലെ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളുമായി എത്തിയത്. 67 വയസായി എന്ന് കണ്ടാല്‍ പറയില്ല. രണ്ട് പേരും നല്ല ജോഡികളാണ്. എന്താണ് നിങ്ങളുടെ സൗന്ദര്യ രഹസ്യം എന്ന് തുടങ്ങി നിരവധി കമന്റുകള്‍ വരുന്നുണ്ട്. 2000ലാണ് എംജി ശ്രീകുമാറും ലേഖയും വിവാഹിതരാകുന്നത്. ഏറെ വര്‍ഷങ്ങളായി ലിവിങ് റിലേഷനില്‍ ആയിരുന്ന ശേഷമായിരുന്നു ഇവരുടെ വിവാഹം.

തന്റെ എല്ലാ ജന്മദിനത്തിനും എംജി ശ്രീകുമാര്‍ പതിവായി അമ്പലത്തില്‍ പോകാറുണ്ട്. ഇത്തവണയും പതിവ് തെറ്റിക്കാതെ താനും ഭാര്യയും ഏറെ ഇഷ്ടപ്പെടുന്ന ഗുരുവായൂരപ്പനെ കാണാന്‍ എംജിയും ഭാര്യയും എത്തിയിരുന്നു. ഗുരുവായൂര്‍ അമ്പല നടയില്‍ എന്ന കാപ്ഷനോടെ ചിത്രവും പങ്കിട്ടു. ഗുരുവായൂര്‍ അമ്പലം എംജി ശ്രീകുമാറിന് ഏറെ വിശ്വസമുള്ള ക്ഷേത്രമാണ്. മാസത്തില്‍ രണ്ട് പ്രാവശ്യം ഗുരുവായൂരപ്പനെ കാണാനായി പോവാറുണ്ട് എന്നാണ് അദ്ദേഹം അടുത്തിടെയും പറഞ്ഞത്.

കൃഷ്ണന്റെ അനുഗ്രഹം ജീവിതത്തില്‍ ശരിക്കും അനുഭവിച്ചവരാണ് ഞങ്ങള്‍ എന്നാണ് അദ്ദേഹം പറയുന്നത്. ഗുരുവായൂരില്‍ ഒരു വില്ല വാങ്ങിയത് കണ്ണന്റെ അനുഗ്രഹത്തിലൂടെയാണ്. ചെന്നൈയിലുണ്ടായിരുന്ന ഒരു ഫഌറ്റ് വില്‍ക്കാനായി വല്ലാതെ ബുദ്ധിമുട്ടിപ്പോയിരുന്നു. പരസ്യങ്ങളൊക്കെ കൊടുത്തെങ്കിലും വാങ്ങാനായി ആരും വന്നിരുന്നില്ല.

ഗുരുവായൂരില്‍ തൊഴാന്‍ വന്നപ്പോള്‍ ഇവിടെ എവിടെയെങ്കിലും ഒരു വീടോ, ഫഌറ്റോ ഉണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചിരുന്നു. പ്രാര്‍ത്ഥിക്കുമ്പോള്‍ ഇക്കാര്യവും മനസിലുണ്ടായിരുന്നു. ക്ഷേത്രത്തില്‍ നിന്നും പുറത്തിറങ്ങുന്നതിനിടയിലാണ് ചെന്നൈയിലെ ഫഌറ്റിനെക്കുറിച്ച് ചോദിച്ച് ഒരാള്‍ വിളിച്ചത്. ആ കച്ചവടം നടക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ 4 പതിറ്റാണ്ടായി മലയാളസിനിമ പിന്നണിഗാന രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ഗായകനാണ് എംജി.ശ്രീകുമാര്‍. സംഗീതജ്ഞനായിരുന്ന മലബാര്‍ ഗോപാലന്‍ നായരുടേയും ഹരികഥ കലാകാരിയായിരുന്ന കമലാക്ഷിയമ്മയുടേയും മകനായി 1957 മെയ് 25നാണ് എംജി ശ്രീകുമാര്‍ ജനിക്കുന്നത്. ശ്രീകുമാറിനെ സംബന്ധിച്ച് സംഗീതം അപ്രാപ്യമായ ഒന്നായിരുന്നില്ല. സഹോദരന്‍ എം.ജി.രാധാകൃഷ്ണന്റെ കൂടെ കച്ചേരികള്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു ശ്രീകുമാര്‍ സംഗീതത്തില്‍ അരങ്ങേറ്റം കുറിച്ചത്.

ചേര്‍ത്തല ഗോപാലന്‍ നായരുടെ കീഴിലും നെയ്യാറ്റിന്‍കര വാസുദേവന്റെ കീഴിലും സംഗീതം അഭ്യസിച്ചിട്ടുണ്ടെങ്കിലും ഗുരു, ജ്യേഷ്ഠനായ എം.ജി.രാധാകൃഷ്ണന്‍ തന്നെയായിരുന്നു. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഹിന്ദിയിലും നിന്നുമായി ഏകദേശം 35000ത്തോളം ഗാനങ്ങള്‍ ഇതിനോടകം എംജി ശ്രീകുമാര്‍ പാടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 1983ല്‍ കൂലി എന്ന ചിത്രത്തില്‍ പാടി കൊണ്ട് പിന്നണി ഗായകനായി തുടങ്ങിയ എംജി പിന്നീട് മലയാളത്തിലെ അറിയപ്പെടുന്ന ഗായകനായ മാറി.

രണ്ട് തവണ നാഷണല്‍ അവാര്‍ഡും നേടി. മൂന്ന് തവണ കേരള സംസ്ഥാന അവാര്‍ഡിനും എംജി ശ്രീകുമാര്‍ അര്‍ഹനായി. എംജിയുടെ ഫാസ്റ്റ് നമ്പര്‍ ഗാനങ്ങള്‍ കേള്‍ക്കാന്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. മോഹന്‍ലാലിന്റെ ശബ്ദത്തിന്റെ സാമ്യമുള്ള ഒരു ശബ്ദം ആയതുകൊണ്ട് തന്നെ മോഹന്‍ലാലിന്റെ ഒരുപാട് സിനിമകളില്‍ എംജി ശ്രീകുമാര്‍ പാടിയിട്ടുണ്ട്.

Vijayasree Vijayasree :