കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഉടൻ ;സ്ക്രീനിംഗ് പുരോഗമിക്കുന്നു

2018ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഈ മാസം അവസാനം പ്രഖ്യാപിക്കുമെന്ന് സൂചന.സ്ക്രീനിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.സിനിമാ വിഭാഗം ജൂറി ചെയര്‍മാനായി കുമാര്‍ സാഹ്നിയും രചനാവിഭാഗം ജൂറി ചെയര്‍മാനായി പി കെ പോക്കറുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ടി.വി ചന്ദ്രന്റെ പെങ്ങളില, ഷാജി എന്‍ കരുണിന്റെ ഓള്, ശ്രീകുമാര്‍ മേനോന്റെ ഒടിയന്‍, അമല്‍ നീരദിന്റെ വരത്തന്‍, സത്യന്‍ അന്തിക്കാടിന്റെ ഞാന്‍ പ്രകാശന്‍, പ്രിയനന്ദനന്റെ സൈലന്‍സര്‍, വി.കെ പ്രകാശിന്റെ പ്രാണ തുടങ്ങിയവ അടക്കം 150 സിനിമകളാണ് ഇക്കുറി അവാര്‍ഡിന് മത്സരിക്കുന്നത്.

സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ഛായാഗ്രാഹകന്‍ കെ.ജി ജയന്‍, നിരൂപകനായ വിജയ കൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പി.ജെ ഇഗ്‌നെഷ്യസ്, നടി നവ്യ നായര്‍, സൗണ്ട് എഞ്ചിനീയര്‍ മോഹന്‍ദാസ് എന്നിവരാണ് സിനിമാ വിഭാഗം ജൂറി അംഗങ്ങള്‍. ഡോക്ടര്‍ ജിനേഷ് കുമാര്‍, സരിത വര്‍മ എന്നിവരാണ് രചനാ വിഭാഗം ജൂറി അംഗങ്ങള്‍. ചലച്ചിത്ര അക്കാദമി സെക്രട്ടറി കൂടിയായ മഹേഷ് പഞ്ചുവാണ് രണ്ട് സമിതികളുടെയും മെംബര്‍ സെക്രട്ടറി.

നേരത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനു സമര്‍പ്പിച്ച കമലിന്റെ ‘ആമി’ മത്സരത്തില്‍ ഉള്‍പ്പെടുത്തണമോയെന്ന കാര്യത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു.അക്കാദമി വൈസ് ചെയര്‍പഴ്സന്‍ ബീന പോള്‍ എഡിറ്റിങ് നിര്‍വഹിച്ച ‘കാര്‍ബണ്‍’ എന്ന സിനിമ മത്സരിക്കുന്നതും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ചട്ടപ്രകാരം അക്കാദമി ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, സെക്രട്ടറി, ആറംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ വ്യക്തിഗത അവാര്‍ഡിനു മത്സരിക്കാന്‍ പാടില്ല. എന്നാല്‍ ഈ രണ്ട് സിനിമകളും മറ്റ് അവാര്‍ഡുകള്‍ക്കായി മത്സരിക്കുന്നുണ്ട്.

kerala state filim awards 2019

HariPriya PB :