മാമാങ്കത്തിൽ മമ്മൂട്ടിയുടെ നായിക കനിഹ ; വിശേഷങ്ങൾ പങ്കു വച്ച് താരം !

ചരിത്ര സിനിമയായ മാമാങ്കം ഷൂട്ടിങ് അവസാന ഘട്ടത്തിലാണ്. പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടിയുടെ ഇതിഹാസ കഥാപാത്രമായിരിക്കും മാമാങ്കത്തിലുള്ളത്. മെഗാസ്റ്റാര്‍ ഒന്നിലധികം ഗെറ്റപ്പുകളിലെത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. അടുത്തിടെ ലൊക്കേഷനില്‍ മമ്മൂട്ടിയും എത്തിയിരുന്നു.

വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ കനിഹയാണ് നായികമാരില്‍ ഒരാളായി എത്തുന്നത്. നേരത്തെ പഴശ്ശിരാജയിലടക്കം മമ്മൂട്ടിയുടെ നായികയായിട്ടെത്തിയ കനിഹ മാമാങ്കത്തില്‍ അഭിനയിക്കുന്നതിനെ പറ്റിയും വീണ്ടും മമ്മൂട്ടിയ്ക്ക് ഒപ്പം ജോലി ചെയ്യുന്നതിന്റെയും സന്തോഷത്തിലാണ്. ഇക്കാര്യം സൂചിപ്പിച്ച് കൊണ്ട് ഇന്‍സ്റ്റാഗ്രാമിലിട്ട കനിഹയുടെ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

സീനിന് പിന്നില്‍ നിന്നുള്ള കാഴ്ച. അഭിനയിക്കാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. മാമാങ്കത്തിന്റെ ഭാഗമാവാന്‍ തനിക്ക് അനുഗ്രഹം കിട്ടിയതാണ്. തന്റെ കരിയറിലെ ചരിത്രത്തെ ആസ്്പദമാക്കി ഒരുക്കുന്ന രണ്ടാമത്തെ സിനിമയാണിത്. വീണ്ടും മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കുകയാണ്. സംവിധായകന്‍ പത്മകുമാര്‍ സാറിനും അതുപോലെ മാമാങ്കത്തിന്റെ എല്ലാ പിന്നണി പ്രവര്‍ത്തകരോടും നന്ദി പറയുകയാണ്. അനു സിത്താര, ഉണ്ണി മുകുന്ദന്‍, മാലാ പാര്‍വ്വതി എന്നിവരെ എല്ലാം ടാഗ് ചെയ്ത് കൊണ്ടായിരുന്നു കനിഹ പോസ്റ്റ് ഇട്ടത്.

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി പ്രഖ്യാപിക്കപ്പെട്ട മാമാങ്കം നാല് ഷെഡ്യൂളുകളായി ചിത്രീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. മൂന്ന് ഷെഡ്യൂളുകളും വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷം അവസാനഘട്ട ചിത്രീകരണ തിരക്കുകളാണ് ഇപ്പോള്‍ നടക്കുന്നത്. ഒരുപാട് ദിവസങ്ങള്‍ നീണ്ട് നില്‍ക്കുന്ന സിനിമയിലെ പ്രധാനപ്പെട്ട ഷെഡ്യൂളാണിത്. നടന്‍ ധ്രുവനെയും സംവിധായകന്‍ സജീവ് പിള്ളയെയും ചിത്രത്തില്‍ നിന്നും മാറ്റിയതിന്റെ പേരില്‍ നടന്ന വിവാദങ്ങളെല്ലാം അവസാനിച്ചിരിക്കുകയാണ്. ഇപ്പോള്‍ മാമാങ്കത്തെ കുറിച്ച് വരുന്നതെല്ലാം നല്ല വാര്‍ത്തകളാണ്.

kaniha about mamankam movie

Sruthi S :