തന്റെ ജീവിതം സിനിമയില്‍ തുടങ്ങി സിനിമയില്‍ തന്നെ അവസാനിക്കുന്നു, തന്റെ ശരീരത്തിലെ അവസാനത്തെ തുള്ളി രക്തം വരെ സിനിമയ്ക്ക് വേണ്ടിയാണ്; പരാജയം വിജയം പോലെ തന്നെ അനിവാര്യമാണെന്ന് കമല്‍ ഹസന്‍

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിരവധി ആരാധകരോടെ, ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂടെ തിളങ്ങി നില്‍ക്കുന്ന നടനാണ് ഉലകനായകന്‍ കമല്‍ ഹസന്‍. സിനിമയില്‍ തുടങ്ങി അവിടെ തന്നെ അവസാനിക്കുന്നതാണ് ജീവിതമെന്നും, സിനിമയ്ക്കപ്പുറം മറ്റൊന്നും സ്വപ്നം കണ്ടിട്ടില്ലെന്നും പറയുകയാണ് കമല്‍ ഹസന്‍.

‘സിനിമയ്ക്കപ്പുറം ജീവിതത്തില്‍ ഞാന്‍ മറ്റൊന്നും സ്വപ്നം കണ്ടിരുന്നില്ലെന്ന് കൃത്യമായി പറയാന്‍ എനിക്കാകും. കാരണം സിനിമയില്‍ തുടങ്ങി സിനിമയില്‍ തന്നെ അവസാനിക്കുന്നൊരു ജീവിതമാണ് എന്റേതെന്ന് കാലം എന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ട്, പലവട്ടം. മറ്റേതെല്ലാം മേഖലകളിലൂടെ ഞാന്‍ സഞ്ചരിച്ചാലും എന്റെ അവസാനയിടം സിനിമ തന്നെയാണ്. എന്റെ ശരീരത്തിലെ അവസാനത്തെ ഒരു തുള്ളി രക്തം വരെ സിനിമയ്ക്ക് വേണ്ടിയുള്ളതാണ്.

പരാജയങ്ങള്‍ സിനിമയെ സംബന്ധിച്ചിടത്തോളം, വിജയം പോലെ തന്നെ അനിവാര്യമാണ്. ഞാന്‍ അതിനെക്കുറിച്ച് ആശങ്കപ്പെടാറില്ല. സിനിമയില്‍ കാലെടുത്തുവക്കുമ്പോള്‍ എന്റെ ഇന്‍വെസ്റ്റ്‌മെന്റ് എന്തായിരുന്നുവെന്ന് എനിക്കറിയാം. ഒരു രൂപപോലും ചെലവാക്കി സിനിമയുടെ സ്‌പേസിലേക്ക് കടന്നുവന്നവനല്ല ഞാന്‍. ‘കളത്തൂര്‍ കണ്ണമ്മ’യില്‍ നിന്നും ‘ഇന്ത്യന്‍’വരെ നീണ്ട അറുപത്തിരണ്ടുവര്‍ഷങ്ങള്‍, ഞാനൊഴുക്കിയ വിയര്‍പ്പില്‍നിന്നും കഠിനാധ്വാനത്തില്‍നിന്നും നേടിയതാണെല്ലാം. അത് ചിലപ്പോള്‍ ഒന്നായി സിനിമ തിരിച്ചെടുത്താലും എനിക്ക് വേദനയില്ല.

അപ്പോഴും ഞാന്‍ സിനിമയെ സ്‌നേഹിക്കും. സിനിമയില്‍ തന്നെ ജോലി ചെയ്യും. ഒന്നുമില്ലെങ്കില്‍ കൊറിയോഗ്രാഫറായോ സ്റ്റണ്ട് മാസ്റ്ററുടെ അസിസ്റ്റന്റായോ ഞാന്‍ ജോലി ചെയ്‌തെന്നുവരാം. കാരണം സിനിമയ്ക്കപ്പുറം കമല്‍ ഹാസന് മറ്റൊരു ജീവിതമില്ലെന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കുമറിയാമല്ലോ.

അഭിനയമായാലും സംവിധാനമായാലും നിര്‍മ്മാണമായാലും ഞാന്‍ ആദ്യം ചിന്തിക്കുന്നത് പ്രേക്ഷകന്റെ ഭാഗത്തുനിന്നാണ്. എന്റെ മുപ്പതാമത്തെ വയസില്‍ അറുപതുകാരന്റെ വേഷത്തില്‍ ഞാനഭിനയിച്ചിട്ടുണ്ട്. ഈ അറുപത്തിയെട്ടാം വയസ്സില്‍ ഞാന്‍ മുപ്പത്തുകാരനായും അഭിനയിച്ചേക്കാം. അതിന് മനസുമാത്രം പോര, പഠനവും വേണം. അല്ലാതെ ചെയ്താല്‍ അത് ഫാന്‍സി ഡ്രസ്സായി മാറും.

വിദേശത്ത് നടന്ന പല ശില്പശാലകളിലും പങ്കെടുത്തതിലൂടെ സിനിമയെക്കുറിച്ച് പുതിയ പല കാര്യങ്ങളും പഠിക്കാനായിട്ടുണ്ട്. അതെല്ലാം അഭിനയത്തിന് ഒരുപാട് ഗുണവും ചെയ്തിട്ടുണ്ട്. എങ്കിലും സിനിമയെ സംബന്ധിച്ചിടത്തോളം ഞാന്‍ നേരത്തേ പറഞ്ഞതു പോലെ പ്രേക്ഷകന്റെ മനസ്സോടെ ചിന്തിച്ചശേഷം മാത്രമേ പഠിച്ച കാര്യങ്ങള്‍ സിനിമയില്‍ ഉപയോഗിക്കാറുള്ളൂ,’ എന്നും കമല്‍ ഹാസന്‍ പറഞ്ഞു.

Vijayasree Vijayasree :