ജനാധിപത്യം ഐസിയുവില്‍; വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം അടിച്ചമര്‍ത്താനുള്ള നീക്കം അനുവദിക്കില്ലെന്ന് കമല്‍ഹാസന്‍..

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തിൽ ജാമിയ മിലയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് ആക്രമം അഴിച്ചുവിട്ട നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമലഹാസന്‍. ജനാധിപത്യം ഐസിയുവില്‍ ആണെന്നാണ് കമല്‍ ഹാസന്റെ വിമർശനം. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം അടിച്ചമര്‍ത്താനുള്ള നീക്കം അനുവദിക്കില്ലെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.

രാജ്യത്ത് ജനാധിപത്യം അപകടത്തിലായെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ചോദ്യങ്ങള്‍ ഉയര്‍ത്തിയ വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്താനുള്ള നീക്കം അപമാനകരമാണ്. നിയമപരമായ പരിഹാരം ഉണ്ടാകുന്നത് വരെ പൗരത്വ ബില്ലില്‍ പ്രതിഷേധം തുടരും. ജാമിയ മിലിയ ഇസ്ലാമിയ, അലിഗഢ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ പിന്തുണയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മക്കള്‍ നീതിമയ്യം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. പൗരത്വം മതത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്നത് രാജ്യത്തിന്റെ മതനിരപേക്ഷതയെ ബാധിക്കുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

അതേസമയം ക്യാംപസുകളിലെ പൊലീസ് നടപടിയില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതികളെ സമീപിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇതൊരു ക്രമസമാധാന പ്രശ്നമാണ്. ഓരോ സംസ്ഥാനങ്ങളിലെയും പ്രശ്നങ്ങള്‍ പഠിക്കുന്നതിന് കമ്മിറ്റികള്‍ രൂപീകരിക്കാമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ ജാമിയ മില്ലിയ, അലിഗഡ് സര്‍വകലാശാലകളിലെ പൊലീസ് നടപടികള്‍ക്കെതിരെയായിരുന്നു ഹര്‍ജികള്‍.

പൊലീസിനെതിരെ സ്വയമേ കേസെടുക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ഥികളാണെന്നു കരുതി നിയമം കയ്യിലെടുക്കാന്‍ ആകില്ല. ആദ്യം കലാപം അവസാനിക്കട്ടെ എന്നിട്ടാകാം നടപടിയെന്നാണ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.

kamal hassan

Noora T Noora T :