ആദ്യ ഷോട്ടെടുത്ത് കഴിഞ്ഞപ്പോൾ കുറച്ച് ഓവറാണോ എന്ന തോന്നലുണ്ടായി’ ; മോഹൻലാലിനോട് പറഞ്ഞപ്പോൾ മറുപടി ഇതായിരുന്നു ; കമൽ പറയുന്നു !

തിരക്കഥകൃത്തും സംവിധായകനുമായ സിദ്ധിഖിന്റെ കഥയിൽ ശ്രീനിവാസൻ തിരക്കഥ എഴുതി കമൽ സംവിധനം ചെയ്ത ചിത്രമാണ് അയാൾ അയാൾ കഥ എഴുതുകയാണ്. മോഹൻലാൽ, ശ്രീനിവാസൻ, നന്ദിനി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ ഇന്നും സിനിമാ പ്രേക്ഷകർക്കിടയിൽ സംസാരമാണ്. സിനിമയുടെ ആദ്യ പകുതി ജനപ്രിയമാണ്.സിനിമയെ പറ്റി മുമ്പൊരിക്കൽ സംവിധായകൻ കമൽ സംസാരിച്ചിരുന്നു. മോഹൻലാൽ സിനിമയിലെ ആദ്യ രം​ഗത്തിൽ അഭിനയിച്ചപ്പോൾ കുറച്ച് ഓവറായിപ്പോയോ എന്ന സംശയം തനിക്കുണ്ടായിരുന്നെന്ന് കമൽ തുറന്ന് പറഞ്ഞു. ജെബി ജം​ഗ്ഷൻ പരിപാടിയിൽ വെച്ചാണ് സംവിധായകൻ ഇതേപറ്റി സംസാരിച്ചത്.

‘സംവിധായകൻ സിദ്ദിഖിന്റെ കഥ ആണത്. ആ കഥ സിദ്ദിഖ് പറഞ്ഞപ്പോൾ തന്നെ ഞാൻ കുറേ നേരം ചിരിച്ചു പോയി. സാ​ഗർ കോട്ടപ്പുറത്തിനെ അപ്പോൾ തന്നെ ഞങ്ങളുടെ മനസ്സിൽ സങ്കൽപ്പിക്കപ്പെട്ടു. പിന്നെ ശ്രീനിയുടെ നർമ്മ ബോധവും. ശ്രീനി ഒരു കഥാപാത്രത്തെ ഏത് തലത്തിലേക്കും കൊണ്ട് പോവാനുള്ള അദ്ദേഹത്തിന്റെ കഴിവ്, ഇതിനേക്കാളുപരിയായി ഈ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോൾ മോഹൻലാൽ അതുൾക്കൊണ്ട രീതി’

‘തഹസിൽ​ദാരുടെ വീടാണോ എന്ന് ചോദിക്കുന്ന സീനാണ് ആദ്യം ഷൂട്ട് ചെയ്തത്. ഷോട്ടെടുത്ത് കഴിഞ്ഞപ്പോൾ കുറച്ച് ഓവറാണോ എന്ന തോന്നലുണ്ടായി’

‘ഞാൻ ശ്രീനിയോട് പറഞ്ഞു, ലാൽ കുറച്ച് ഓവറായി ചെയ്തോ എന്ന്. ഞാൻ ലാലിനോട് കമ്മ്യൂണിക്കേറ്റ് ചെയ്തു. കമലിനങ്ങനെ തോന്നിയോ വേണമെങ്കിൽ വീണ്ടുമെടുക്കാം എന്ന് ലാൽ പറഞ്ഞു. ഞാൻ പറഞ്ഞു, വീണ്ടും എടുക്കേണ്ട, ലാൽ ഈ കഥാപാത്രത്തെ ഇങ്ങനെയാണ് ഉൾക്കൊണ്ടിരിക്കുന്നതെങ്കിൽ ഇത് ഓക്കെ ആയിരിക്കും എന്ന്. എന്റെ മനസ്സിൽ ഇങ്ങനെയാണ് കഥാപാത്രം കയറിയത്’

‘എനിക്ക് ഇങ്ങനെ ചെയ്യുന്നതായിരിക്കും കംഫർട്ടബിൾ ആവുക എന്ന് ലാൽ പറഞ്ഞു. കമലിന് വേണമെങ്കിൽ ഞാൻ കുറയ്ക്കാം. പക്ഷെ സാ​ഗർ കോട്ടപ്പുറം വേറെ ആളായി മാറുമോ എന്ന് ലാൽ ചോദിച്ചു. ആദ്യ ഷോട്ട് കഴിഞ്ഞപ്പോഴാണെന്ന് ആലോചിക്കണം. ലാൽ എത്ര മാത്രം ആ കഥാപാത്രത്തെ ഉൾക്കൊണ്ടു എന്നത് അപ്പോഴാണ് എനിക്ക് മനസ്സിലായത്’

‘അടുത്ത ദിവസമാണ് കോളിം​ഗ് ബെൽ അടിച്ച് ഷോക്കേറ്റ് ലാൽ വീഴുന്ന സീനെടുത്തത്. ലാൽ പറഞ്ഞു റിഹേഴ്സൽ വേണ്ടെന്ന്. ആക്ഷൻ പറഞ്ഞിട്ട് ലാൽ കോളിം​ഗ് ബെൽ അടിച്ച് വീണു. ഞാൻ ചിരിച്ചിട്ട് കട്ട് പറയാൻ മറന്നു. കട്ട് പറഞ്ഞില്ലെന്ന് ലാൽ മനസ്സിലാക്കി. അവിടെ കിടന്ന് ലാൽ വീണ്ടും ഒരു കുടച്ചിൽ കുടഞ്ഞു. അതാണ് തിയറ്ററിൽ ഭയങ്കര ചിരി ഉണ്ടാക്കിയത്,’ കമൽ പറഞ്ഞു.

AJILI ANNAJOHN :