എന്റെ അമ്മ എന്റെ ഒപ്പം ഇവിടെ തന്നയുണ്ട് ; അമ്മയുടെ ആ വാക്കുകളാണ് എന്റെ ബലം; ശ്രീമയി പറയുന്നു

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് കല്‍പ്പന. 2016 മലയാളികള്‍ക്ക് ഉണ്ടാക്കിയ തീരാ നഷ്ടമാണ് കല്പനയുടെ വിയോഗം. ഹൈദരാബാദില്‍ ഷൂട്ടിങ്ങിനെത്തിയ കല്പന ജനുവരി 25 ന് പുലര്‍ച്ചെയാണ് ഹൃദായാഘാതത്തെ തുടര്‍ന്ന് മരിക്കുന്നത്.’


ഹാസ്യ വേഷങ്ങളിലൂടെയാണ് കല്‍പ്പന മലയാള സിനിമയിൽ സ്വന്തമായൊരു ഇടം കണ്ടെത്തുന്നത്. എന്നാൽ അവസാന കാലങ്ങളിൽ ക്യാരക്ടർ റോളുകളിലൂടെയും കൽപ്പന വിസ്മയിപ്പിച്ചു. പിന്നീടായിരുന്നു നടിയുടെ അപ്രതീക്ഷിത വിയോഗം. ഇപ്പോഴിതാ കൽപ്പനയുടെ പാത പിന്തുടർന്ന് മകളും സിനിമയിലേക്ക് എത്തിയിരിക്കുകയാണ്.

ഏക മകളാണ് കൽപ്പനയ്ക്ക്, ശ്രീമയി എന്ന ശ്രീ സംഖ്യ. ചെറിയമ്മ ഉർവശിയുടെ കൈ പിടിച്ചാണ് ശ്രീമയി അഭിനയത്തിലേക്ക് കടക്കുന്നത്. അതിനിടെ ശ്രീമയിയുടെ പുതിയ അഭിമുഖവും ശ്രദ്ധനേടുകയാണ്. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമയിലേക്കുള്ള കടന്നുവരവിനെ കുറിച്ചും അമ്മയെ കുറിച്ചുമൊക്കെയാണ് ശ്രീമയി സംസാരിക്കുന്നത്. കൽപ്പനയുടെതിന് സാമ്യമായ ശ്രീമയിയുടെ ശബ്ദവും സംസാരത്തിലുള്ള പക്വതയുമെല്ലാം ഇതിനകം ശ്രദ്ധനേടി കഴിഞ്ഞു.

ചെറുപ്പം മുതൽ താൻ കേൾക്കുന്നത് സിനിമയെ കുറിച്ചാണ്. വീട്ടിൽ എപ്പോഴും സംസാരിക്കുന്നത് സിനിമയെ പറ്റിയാണ്. മറ്റൊരു ചർച്ചകളും ഉണ്ടാകാറില്ല. അതുകൊണ്ട് തന്നെ സിനിമയാണ് തനിക്ക് ആകെ അറിയുന്നത്. അങ്ങനെ സിനിമയാണ് തന്റെ വഴിയെന്ന് തീരുമാനിച്ചിരുന്നുവെന്ന് ശ്രീമയി പറയുന്നു. സിനിമയിലേക്ക് വരുന്നതിന് മൂന്ന് വർഷക്കാലം ഡ്രാമയും മറ്റും പഠിച്ചു. അത് തന്നെ കരിയറിൽ സഹായിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ശ്രീമയി പറഞ്ഞു.

ഒരിക്കലും കാത്തുവിന്റെ (കലാ രഞ്ജിനി) മകൾ, മിനുവിന്റെ (കൽപ്പന) മകൾ, പൊടിയുടെ (ഉർവ്വശി) മകൾ എന്നിങ്ങനെയുള്ള വേർതിരിവ് തങ്ങളുടെ കുടുംബത്തിൽ ഉണ്ടായിട്ടില്ലെന്നും ശ്രീമയി പറഞ്ഞു. അതേപോലെയാണ് ശ്രീയ്ക്ക് മൂന്നു അമ്മമാരും, അമ്മമ്മയും. അമ്മ എന്നാണ് ശ്രീമയി കൽപ്പനയുടെ അമ്മയെ വിളിക്കുന്നത്. തന്നെ വളർത്തിയത് അമ്മൂമ്മയാണ്. എന്നും ഇപ്പോഴും അഭിനയമോഹത്തിന് അമ്മമാരെപോലെ അമ്മമ്മയും കൂടെ ഉണ്ടായിരുന്നു എന്നും ശ്രീമയി പറഞ്ഞു.

ഒരിക്കലും ചെന്നൈയിൽ നിന്നും കുടുംബം പറിച്ചു ഇങ്ങോട്ടേക്ക് കൊണ്ട് വരണം എന്ന് താൻ ആഗ്രഹിക്കുന്നില്ല. ബന്ധുക്കളൊക്കെ ഇവിടെയാണ് അതുകൊണ്ട് ഇവിടെ വരണം ഷൂട്ടിനൊക്കെയായി ഇങ്ങോട്ട് എത്തണം. തിരിച്ചു വീട്ടിലേക്ക് പോകണം. അതാണ് ആഗ്രഹമെന്നും ശ്രീമയി വ്യക്തമാക്കി. സിനിമയിലേക്ക് വരുന്നതിനെ ഒരു അമ്മമാരും എതിർത്തിട്ടില്ല. എല്ലാവരും അതിന്റെ പോസിറ്റീവ് വശങ്ങളാണ് പറഞ്ഞു തന്നിട്ടുള്ളതെന്നും ശ്രീമയി പറഞ്ഞു.

അമ്മയുടെ ശബ്ദവും സംസാര ശൈലിയും ഒരുപോലെയുണ്ടല്ലോ, അമ്മ ഇതൊക്കെ കണ്ട് സ്വർഗ്ഗത്തിലിരുന്ന് സന്തോഷിക്കുന്നുണ്ടാകും എന്ന് അവതാരകൻ പറയുമ്പോൾ സ്വർഗ്ഗത്തിൽ അല്ല, എന്റെ അമ്മ എന്റെ ഒപ്പം ഇവിടെ തന്നയുണ്ടെന്നായിരുന്നു ശ്രീമയിയുടെ മറുപടി. ഇവിടെ ഇരുന്ന് അമ്മ കേൾക്കുന്നുണ്ടെന്ന് ശ്രീമയി പറഞ്ഞു. നമുക്ക് എന്തെങ്കിലും ഒന്ന് നഷ്ടപ്പെടുമ്പോൾ, അതിലും വിലപ്പെട്ട ഒന്ന് കിട്ടും എന്ന അമ്മയുടെ വാക്കുകളാണ് തന്റെ ബലമെന്നും ശ്രീ കൂട്ടിച്ചേർത്തു.

അതേസമയം പുതിയ സിനിമയിലേക്ക് എത്തുന്നതിന്റെ ത്രില്ലിലാണ് ശ്രീമയി. വിൻസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജയൻ ചേർത്തല സംവിധാനം ചെയ്യുന്ന ചലച്ചിത്രത്തിൽ ഉർവ്വശിക്കും ഇന്ദ്രൻസിനും ഒപ്പമാണ് ശ്രീമയി അഭിനയിക്കുന്നത്. ഇവർക്കൊപ്പം തുടങ്ങാനാവുന്നതിന്റെ സന്തോഷവും ശ്രീമയി പങ്കുവച്ചു.

AJILI ANNAJOHN :