ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ടര്‍ബോയുടെ വ്യാജപതിപ്പ് ഓണ്‍ലൈനില്‍!

കഴിഞ്ഞ ദിവസമായിരുന്നു മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ചിത്രമായ ടര്‍ബോ പുറത്തെത്തിയത്. ഇപ്പോഴിതാ ഈ സിനിമയുടെ വ്യാജപതിപ്പ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നതായി പരാതി ഉയര്‍ന്നിരിക്കുകയാണ്.

ഒരു ഓണ്‍ലൈന്‍ വെബ്‌സൈറ്റില്‍ ചിത്രത്തിന്റെ തിയേറ്റര്‍ പ്രിന്റായാണ് മുഴുനീള ചിത്രം പ്രചരിക്കുന്നത്. അടുത്തിടെ റിലീസ് ചെയ്ത ഗുരുവായൂര്‍ അമ്പലനടയില്‍, ആവേശം, മഞ്ഞുമ്മല്‍ ബോയ്‌സ്, മലയാളി ഫ്രം ഇന്ത്യ തുടങ്ങിയ ചിത്രങ്ങളും വെബ്‌സൈറ്റില്‍ ഉണ്ട്.

പൃഥ്വിരാജ്, ബേസില്‍, അനശ്വര രാജന്‍, നിഖില വിമല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രം മെയ് 16നാണ് റിലീസ് ചെയ്തത്. തിയേറ്ററില്‍ റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തിന്റെ വ്യാജന്‍ സമൂഹമാദ്ധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. ചിത്രത്തിന്റെ വ്യാജപതിപ്പ് ട്രെയിനിലിരുന്ന് കാണുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

അതേസമയം, മമ്മൂട്ടിയുടെ ടര്‍ബോയ്ക്ക് വമ്പന്‍ ഓപ്പണിംഗ് ലഭിച്ചത്. കേരളത്തില്‍ റെക്കോര്‍ഡ് ഓപ്പണിംഗ് കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. 2024ല്‍ കേരളത്തില്‍ നിന്നുള്ള റിലീസ് കളക്ഷനില്‍ ടര്‍ബോ ഒന്നാമതായിരിക്കുകയാണ്. മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനെ വീഴ്ത്തി ആറ് കോടി രൂപയിലധികം കേരള ബോക്‌സ് ഓഫീസ് കളക്ഷന്‍ ടര്‍ബോ നേടി.

മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്‍ 5.85 കോടിയുമായി റിലീസിന് കേരളത്തില്‍ രണ്ടാം സ്ഥാനത്തായി.

പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83 കോടി രൂപ നേടി കേരളത്തില്‍ മൂന്നാമതുണ്ടെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വൈശാഖാണ് ടര്‍ബോയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തുമ്പോള്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലുമാണ് ഉള്ളത്. ആക്ഷന് ഏറെ പ്രാധാന്യം നല്‍കിയാണ് മമ്മൂട്ടിയുടെ ചിത്രം ഒരുക്കുന്നത്. വിയറ്റ്‌നാം ഫൈറ്റേര്‍സാണ് നിര്‍ണായകമായ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. നിര്‍മാണം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ്.

Vijayasree Vijayasree :