‘കൽക്കി 2898 എഡി’ വീണ്ടും റീ റിലീസിന്!

ബോക്‌സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ ഭേദിച്ച് മുന്നേറിയ പ്രഭാസ് ചിത്രമായിരുന്നു ‘കൽക്കി 2898 എഡി’. ഈ വർഷം ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ ബോക്സ്ഓഫീസ് ഹിറ്റായിരുന്നു ചിത്രം. ഇപ്പോഴിതാ ചിത്രം റീ റിലീസിന് തയ്യാറെടുക്കുന്നുവെന്നുള്ള വിവരമാണ് പുറത്തെത്തുന്നത്. എന്നാൽ റഷ്യയിലാണ് ചിത്രം വീണ്ടും റീ റിലീസ് ചെയ്യുന്നത്.

നവംബർ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുക. ഈ വർഷം റഷ്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമാണ് കൽക്കി. 1.64 മില്യൺ ഡോളറായിരുന്നു ആദ്യ തവണ റിലീസ് ചെയ്തപ്പോൾ സിനിമ സ്വന്തമാക്കിയത്. ആഗോളതലത്തിൽ ചിത്രം 1000 കോടിയിലധികം കളക്ഷൻ നേടിയിരുന്നു.

ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. മഹാനടിക്ക് ശേഷം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്.

അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുക്കോൺ, ദിഷാ പഠാനി, വിജയ് ദേവരകൊണ്ട തുടങ്ങിയ വമ്പൻ താരങ്ങൾ അണിനിരന്ന ചിത്രത്തിൽ ‘ഭൈരവ’യായ് പ്രഭാസും ‘ക്യാപ്റ്റൻ’ആയി ദുൽഖറും പ്രത്യക്ഷപ്പെട്ടപ്പോൾ നായിക കഥാപാത്രമായ ‘സുമതി’യെ ദീപിക പദുക്കോണും ‘അശ്വത്ഥാമാവ്’ എന്ന കഥാപാത്രത്തെ അമിതാഭ് ബച്ചനും ‘യാസ്കിൻ’ എന്ന കഥാപാത്രത്തെ കമൽ ഹാസനും ‘റോക്സി’യെ ദിഷാ പടാനിയുമാണ് അവതരിപ്പിച്ചത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്താണ് നിർമാണം.

Vijayasree Vijayasree :