അച്ഛനല്ല ഞാനാണ് നല്ല നടൻ -കാളിദാസ് ജയറാം

മലയാളികളുടെ പ്രിയപ്പെട്ട താരപുത്രനാണ് കാളിദാസ്. ബാലതാരമായെത്തി മലയാള സിനിമാ പ്രേമികളുടെ ഹൃദയം കവര്‍ന്ന താരമാണ് കാളിദാസ് ജയറാം. ഇപ്പോൾ കൈനിറയെ സിനിമകളുമായി ഓടി നടക്കുകയാണ് താരം. അച്ഛൻ ജയറാമിനെക്കാൾ താരമാകാനുള്ള ഒരുക്കത്തിലാണ് മകൻ കാളിദാസനിപ്പോൾ. ജയറാമിന്റെ മകന്‍ എന്ന സ്‌നേഹം കൂടിയുണ്ട് മലയാളികള്‍ക്ക് കാളിദാസിനോട്. ആ കൊച്ചു പയ്യന്‍ വളര്‍ന്നു വലുതായി മലയാള സിനിമയിലെ നായകനുമായി. അച്ഛനാണോ മകനാണോ നല്ല നടന്‍ എന്ന് ചോദിച്ചാല്‍ ഇപ്പോള്‍ കാളിദാസ് പറയും ‘അത് ഞാന്‍ തന്നെ ആയിരിക്കും,’ എന്ന്.

സിനിമാ പാരഡീസോ ക്ലബ്ബിന്റെ സിപിസി സിനി അവാര്‍ഡ്‌സിന് അതിഥിയായി എത്തിയതായിരുന്നു കാളിദാസ്. പ്രേക്ഷകരോട് സംവദിക്കവെയയായിരുന്നു ഒരു രസികന്‍ കാളിദാസിനോട് ആ ചോദ്യം ചോദിച്ചത്. ‘അച്ഛനാണോ മകനാണോ നല്ല നടന്‍?’
ഒട്ടും ആലോചിക്കാതെ കാളിദാസിന്റെ മറുപടിയെത്തി ‘അതു ഞാന്‍ തന്നെയായിരിക്കും,’ ചിരിച്ചുകൊണ്ടുള്ള കാളിദാസിന്റെ മറുപടി കേട്ട് സദസ്സും പൊട്ടിച്ചിരിച്ചു. ഇരുവരും ഒന്നിച്ചുള്ള സിനിമ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഉണ്ടാകുമായിരിക്കും എന്നും കാളിദാസ് പറഞ്ഞു.

ജയറാമിന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രം ‘കേളി’ ആണെന്നും അദ്ദേഹത്തിന്റെ സിനിമകൾ മോശമാകുമ്പോൾ നന്നായി വിമർശിക്കാറുണ്ടെന്നും കാളിദാസ് പറഞ്ഞു.

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’ ആണ് കാളിദാസിന്റെ പുതിയ ചിത്രം. ചിത്രത്തില്‍ ഒരു അര്‍ജന്റീന ആരാധകനായ വിപിനന്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ താനൊരു അര്‍ജന്റീന ഫാനോ ബ്രസീല്‍ ഫാനോ അല്ലെന്നും, പക്ഷെ ഏതു ടീമിന്റെ ഫാനാണെന്ന് പറയില്ലെന്നും പറഞ്ഞ് കാളിദാസ് വീണ്ടും സദസ്സിനെ ചിരിപ്പിച്ചു. ചിത്രത്തില്‍ നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്.

ഒരു താരത്തിന്റെ മകനായതുകൊണ്ട് മാത്രം സിനിമയില്‍ തിളങ്ങാന്‍ സാധിക്കും എന്ന് കരുതുന്നില്ലെന്ന് കാളിദാസ് അഭിപ്രായപ്പെട്ടു. മലയാളി പ്രേക്ഷകരെ സംതൃപ്തിപ്പെടുത്താനാണ് ഏറ്റവും ബുദ്ധിമുട്ടെന്ന് തോന്നിയിട്ടുണ്ടെന്നും കാളിദാസ് പറഞ്ഞു.

പൂമരത്തില്‍ തന്റെ മുഴുവന്‍ കഴിവും ഉപയോഗപ്പെടുത്താന്‍ സാധിച്ചോ എന്ന ചോദ്യത്തിന് വളരെ രസകരമായിരുന്നു കാളിദാസിന്റെ ഉത്തരം.

‘എനിക്ക് തോന്നുന്നില്ല ലാലേട്ടന്റെ മുഴുവന്‍ കഴിവ് പോലും ഇതുവരെ എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്ന്. പിന്നെയാണോ എന്റെ. വന്നിട്ടല്ലേ ഉള്ളൂ,’ കാളിദാസ് പറഞ്ഞു.

ഫേസ്ബുക്ക് കൂട്ടായ്മയായ സിനിമ പാരഡീസോ ക്ലബ് (സി പി സി )ന്റെ അവാർഡ് വിതരണം. മികച്ച നടനായി ജോസഫിലെ അഭിനയത്തിന് ജോജു ജോർജും മികച്ച നടിക്കുള്ള അവാർഡ് വരത്തനിലെ അഭിനയത്തിന് ഐശ്വര്യ ലക്ഷ്മിക്കും ലഭിച്ചു. മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത് ലിജോ ജോസ് പെല്ലിശ്ശേരി ആണ്.

kalidas jayaram in c p c awards

HariPriya PB :