ട്രോളുകൾ കാരണം അവസരങ്ങൾ നഷ്ടമായിട്ടുണ്ട് ; നമ്മളൊന്ന് മോശമായാൽ നീ ചെയ്തത് വർക്കായില്ല എന്ന് മാത്രമേ പറയൂ; കൈലാഷ്

ലാല്‍ജോസിന്റെ നീലത്താമര എന്ന ചിത്രത്തേക്കുറിച്ച് സംസാരിച്ചുതുടങ്ങിയാല്‍ ആദ്യം മനസിലേക്ക് വരുന്ന ഒരുമുഖമുണ്ട്. നീട്ടിയ കൃതാവുള്ള, മെലിഞ്ഞ അനുരാഗവിലോചനനായ ഒരു ചെറുപ്പക്കാരന്‍, കൈലാഷ്. . എംടിയുടെ തിരക്കഥയിൽ പിറന്ന നീലത്താമരയുടെ യഥാർത്ഥ പതിപ്പ് 1979 ലാണ് പുറത്തിറങ്ങുന്നത്. 2009 ൽ ഈ സിനിമ ലാൽ ജോസ് റീമേക്ക് ചെയ്യുകയായിരുന്നു. സിനിമ ശ്രദ്ധിക്കപ്പെട്ടെങ്കിലും നായികാ നായകൻമാരായ കൈലാഷിനും അർച്ചനയ്ക്കും പിന്നീട് തുടരെ അവസരങ്ങൾ ലഭിച്ചില്ല.

കൈലാഷ് സഹ നായക വേഷങ്ങളിലേക്ക് മാറി. നടനെന്നതിനൊപ്പം കൈലാഷ് ഇന്ന് തന്റെ ഡബ്ബിം​ഗ് കൊണ്ടും ശ്രദ്ധ നേടുന്നു പൊന്നിയിൻ സെൽവൻ എന്ന സിനിമയുടെ മലയാളം പതിപ്പിൽ കൈലാഷ് ശബ്ദം നൽകിയിട്ടുണ്ട്. മൈൽ സ്റ്റോൺ മേക്കർസിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ കരിയറിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് കൈലാഷ്. കരിയറിൽ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് ഇദ്ദേഹം സംസാരിച്ചു.

കോളേജൊക്കെ കഴിഞ്ഞാണ് കൊച്ചിയിലേക്ക് ചാൻസ് ചോദിച്ച് വരുന്നത്. ആ സമയത്ത് ഞാൻ ഇവന്റ് മാനേജ്മെന്റ് ബിസിനസ് ചെയ്യുന്നുണ്ടായിരുന്നു. എന്തെങ്കിലും വരുമാനം വേണമെന്നുണ്ടായിരുന്നു. ചെറുപ്പം മുതലേ സിനിമയിലേക്ക് വരണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു. നീലത്താമരയ്ക്ക് മുൻപ് ഒരുപാട് ഓഡിഷനുകൾ അറ്റൻഡ് ചെയ്തിട്ടുണ്ട്. അന്ന് ഇമെയിൽ അയക്കുകയാണ്’

പലരും എന്നോട് പറഞ്ഞിട്ടുണ്ട്. അഭിനയം നിർത്ത്, നിന്റെ പണിയല്ല സിനിമയെന്ന്. എനിക്കും തോന്നിത്തുടങ്ങി. ആത്മവിശ്വാസം പോയിത്തുടങ്ങിയ സമയത്താണ് ഭൂമിയുടെ അവകാശികൾ എന്ന സിനിമയിലേക്ക് ടിവി ചന്ദ്രന്റെ കോൾ വരുന്നത്. ഒന്നുമല്ലെങ്കിൽ നീ എംടിയുടെ സിനിമ ചെയ്ത ആളല്ലേ. അത്രയേയുള്ളൂ എന്ന്. ആ സിനിമ ചെയ്യുന്നത് വലിയ ആത്മവിശ്വാസം നൽകിയെന്നും കൈലാഷ് ഓർത്തു.

ട്രോളുകൾ കാരണം കുറച്ചൊക്കെ അവസരങ്ങൾ നഷ്ടമായിട്ടുണ്ടെന്നും കൈലാഷ് വ്യക്തമാക്കി. ‘അയാളെ സിനിമയിലെടുക്കുമ്പോൾ അത്രയും ട്രോളുകൽ നമ്മുടെ പടത്തിന് വരില്ലേ എന്ന ചിന്ത വന്നാൽ തെറ്റ് പറയാൻ പറ്റില്ല. സാധാരണക്കാരനായ ഒരാൾ, അയാൾ നടനാവുന്നു. ആ സമയത്ത് അയാൾ ഒരു നടന് വേണ്ട എല്ലാ കഴിവുകളോടെയുമല്ല ഉള്ളത്. ക്രമേണ വരേണ്ടതാണ്. ട്രോളുകളിൽ ആദ്യമൊക്കെ വിഷമം ഉണ്ടായിട്ടുണ്ട്’

‘ഞാൻ സൂപ്പർ സെൻസിറ്റീവായ ആളാണ്. നമ്മുടെ സന്തോഷങ്ങളുടെ ക്രെഡിറ്റെഡുക്കാൻ ഒരുപാട് പേരുണ്ടാവും. ഞാനുള്ളതും കൂടി കൊണ്ടാണ് ആ പടം കിട്ടിയത്, ഞാൻ ക്യാമറ വെച്ചത് കൊണ്ടാണ് നീ നന്നായത് എന്നൊക്കെ. നമ്മളൊന്ന് മോശമായാൽ നീ ചെയ്തത് വർക്കായില്ല എന്ന് മാത്രമേ പറയൂ. സങ്കടങ്ങളും വിഷമങ്ങളും പരാതികളും നമ്മളെടുത്തേക്കുക. ബാക്കി എല്ലാവരും എടുത്തോട്ടെ’

‘ഇത് തന്നെയാണോ എന്റെ മേഖലയെന്ന് പല തവണ സംശയം തോന്നിയിട്ടുണ്ട്. പക്ഷെ അതിനെ ബാലൻസ് ചെയ്യാൻ വേണ്ടി എപ്പോഴും എന്തെങ്കിലുമൊക്കെ ​ദൈവം ഇട്ട് തന്നിട്ടുണ്ട്,’ കൈലാഷ് പറഞ്ഞു. കൈലാഷിന്റെ ചില സിനിമകളിലെ സീനുകൾ നേരത്തെ വ്യാപക ട്രോളുകൾക്കിരയായിരുന്നു. കൈലാഷിന് അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞായിരുന്നു പരിഹാസം. രൂക്ഷമായ പരിഹാസങ്ങൾക്കിടെ കൈലാഷിന് പിന്തുണയുമായി സംവിധായകൻ വിനോദ് ​ഗുരുവായൂർ രം​ഗത്തെത്തിയിരുന്നു.

ഒരാളെ വ്യക്തിഹത്യ ചെചെയ്യുന്നതിന് പരിധിയുണ്ടെന്നും ട്രോളുകളെന്ന രൂപേണ ആളുകൾക്ക് എന്തും പറയാമെന്ന അവസ്ഥയായെന്നും വ്യക്തിഹത്യാണ് ഇപ്പോൾ നടക്കുന്നതെന്നും വിനോദ് ​ഗുരുവായൂർ വ്യക്തമാക്കി. ഒരു സാധാരണ കുടുംബത്തിൽ വളർന്ന് അധ്വാനിച്ച് ചാൻസ് ചോദിച്ച്, സംവിധായകരുടെ പിറകെ നടന്ന് ഈ നിലയിൽ എത്തിയ താരമാണ് കൈലാഷെന്നും സംവിധായകൻ അന്ന് പറഞ്ഞു.

AJILI ANNAJOHN :