‘കഠിന കഠോരമീ അണ്ഡകടാഹം’ ഒടിടിയിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

‘കഠിന കഠോരമീ അണ്ഡകടാഹം’ ഒടിടിയിലേക്ക്. മെയ് 19 മുതൽ ‘കഠിന കഠോരമീ അണ്ഡകടാഹം’ സോണി ലീവിൽ സ്ട്രീം ചെയ്യാൻ ആരംഭിക്കും. ഏപ്രിൽ 21 നാണ് ചിത്രം തീയേറ്ററിൽ എത്തിയത്.

മുഹസിൻ സംവിധാനം ചെയ്യുന്ന ചിത്രം മനുഷ്യബന്ധങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്. ബേസിൽ ജോസഫ് ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പാർവതി ആർ കൃഷ്ണൻ, ശ്രീജ രവി, ഷിബില ഫറ, ബിനു പപ്പു, ഇന്ദ്രൻസ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്.

ബച്ചു എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന ബഷീറുദ്ദീൻ (ബേസിൽ ജോസഫ്) വലിയ ബിസിനസ്സ് സ്വപ്നങ്ങളുള്ള ഒരു യുവാവാണ്. എത്രയോ വർഷമായി പ്രവാസ ജീവിതം നയിക്കുന്ന കമറുദ്ദീൻ്റെ മകൻ. മകന് ഗൾഫിലൊരു ജോലി നേടി കൊടുക്കാൻ കമറുദ്ദീൻ ശ്രമിക്കുന്നുണ്ടെങ്കിലും ബച്ചുവിന് പ്രവാസജീവിതത്തിലേക്ക് പോവാൻ താൽപ്പര്യമില്ല.

പന്തല്‍, ഡെക്കറേഷന്‍, ലൈറ്റ് ആന്റ് സൗണ്ടുമൊക്കെ വാടകയ്ക്ക് കൊടുക്കുന്ന ബച്ചുവിന്റെ ബിസിനസ്സ് ഒന്നു പച്ച പിടിച്ചു വരുന്നതിനിടയിലാണ് കോവിഡ് എത്തുന്നത്. ആഘോഷങ്ങളും ആൾക്കൂട്ട ഒത്തുച്ചേരലുകൾക്കുമൊക്കെ കോവിഡ് തടയിട്ടതോടെ ബച്ചുവിന്റെ ബിസിനസ്സിനെയും അതു ബാധിക്കുന്നു. തോറ്റുപോയാൽ ഇഷ്ടമില്ലാത്ത പ്രവാസജീവിതം തിരഞ്ഞെടുക്കേണ്ടി വരുമെന്ന് അറിയുന്നതിനാൽ മറ്റു പല ബിസിനസ്സുകളിലേക്കും ബച്ചു തിരിയുകയാണ്. ജീവിക്കാനറിയാവുന്ന ആളാണെന്ന് എങ്ങനെയെങ്കിലും ബാപ്പയ്ക്കും കുടുംബത്തിനും മുന്നിൽ തെളിയിക്കണമെന്ന ബച്ചുവിന്റെ വാശിയാണ് ആ ചെറുപ്പക്കാരനെ മുന്നോട്ടു നടത്തുന്നത്. പ്രശ്നങ്ങളിലൂടെയും കടക്കെണിയിലൂടെയുമുള്ള ബച്ചുവിന്റെ യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായൊരു വേർപാട് കൂടി തേടിയെത്തുന്നതോടെ ആ യുവാവിനു മുന്നിൽ ലോകം കഠിന കഠോരമായി മാറുകയാണ്.

Noora T Noora T :