അങ്ങോട്ട് എഴുന്നള്ളാതെ തന്നെ കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സ്വന്തം വിയര്‍പ്പ് വിറ്റ് പണമായും സാധനങ്ങളായും സഹായങ്ങള്‍ എത്തിക്കുന്നുണ്ട്…. പിന്നെ എന്തിനാണ് ജനങ്ങളുടെ ചിലവില്‍ ഈ സര്‍ക്കീട്ട്?

അങ്ങോട്ട് എഴുന്നള്ളാതെ തന്നെ കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സ്വന്തം വിയര്‍പ്പ് വിറ്റ് പണമായും സാധനങ്ങളായും സഹായങ്ങള്‍ എത്തിക്കുന്നുണ്ട്…. പിന്നെ എന്തിനാണ് ജനങ്ങളുടെ ചിലവില്‍ ഈ സര്‍ക്കീട്ട്?

വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്ത് സ്വന്തം നാടിനെ പുലര്‍ത്തുന്ന മലയാളികള്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് സ്വന്തം വിയര്‍പ്പ് വിറ്റ് പണമായും സാധനങ്ങളായും സഹായങ്ങള്‍ എത്തിക്കുമ്പോള്‍ എന്തിനാണ് ജനങ്ങളുടെ ചിലവില്‍ ഈ സര്‍ക്കീട്ടെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു ചോദിക്കുന്നു. പ്രളയ ദുരിതാശ്വാസത്തിനും പുനര്‍നിര്‍മ്മാണത്തിനുമായി പണം സമാഹരിക്കുന്നതിന് മന്ത്രിമാര്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനെ വിമര്‍ശിച്ചാണ് ജോയ് മാത്യു രംഗത്തെത്തിയിരിക്കുന്നത്.

ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

എന്തിനു?
പ്രളയ ദുരിതാശ്വാസ ഫണ്ട് പിരിക്കുവാന്‍ മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത്രേ. എന്തിനു? വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്ത് സ്വന്തം നാടിനെ പുലര്‍ത്തിപ്പോരുന്ന മലയാളികള്‍, മന്ത്രിമാര്‍ അങ്ങോട്ട് എഴുന്നള്ളാതെ തന്നെ കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സ്വന്തം വിയര്‍പ്പ് വിറ്റ് പണമായും സാധനങ്ങളായും സഹായിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. വിദേശത്തുള്ള വ്യവസായികളും അക്കാര്യത്തില്‍ പിന്നിലല്ല. പിന്നെയും എന്തിനാണ് ജനങ്ങളുടെ ചിലവില്‍ ഈ സര്‍ക്കീട്ട്?

ഇനി അങ്ങിനെയൊരു പൂതി ഉണ്ടെങ്കില്‍ത്തന്നെ നവകേരളം സൃഷ്ടിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം എന്ന് പറയുന്നവര്‍ വിദേശ രാജ്യപണപ്പിരിവ് സര്‍ക്കീട്ടുകളില്‍ പ്രതിപക്ഷത്തിലുള്ളവരെക്കൂടി ഉള്‍പ്പെടുത്തി നവകേരള സൃഷ്ടിയില്‍ യോജിപ്പിന്റെ മാതൃക കാണിക്കാത്തതെന്ത്? ഇനി ജനങ്ങള്‍ സമ്മതിച്ചില്ലെങ്കിലും ഞങ്ങള്‍ പോകും എന്നുതന്നെയാണ് വാശിയെങ്കില്‍, ഇപ്രാവശ്യമെങ്കിലും നക്ഷത്ര ഹോട്ടലുകളില്‍ താമസിച്ച് വെടിവട്ടം പറഞ്ഞു സമയം കളയാതെ പുറത്തിറങ്ങി നടന്നു വിദേശരാജ്യങ്ങള്‍ എങ്ങനെയാണ് പ്രകൃതിയെ ദ്രോഹിക്കാതെ രാജ്യത്തിന്റെ വികസനം നിര്‍വഹിക്കുന്നതെന്ന് കണ്ടു പഠിക്കുകയെങ്കിലും വേണം എന്നൊരപേക്ഷയുണ്ട്.

Joy Mathew reacts Ministers foreign visits Kerala flood

Farsana Jaleel :