കോപ്പിയടിച്ചതിനെ ന്യായീകരിച്ചവർ രണ്ടു നരബലി നടന്നിട്ടും ഒന്നും ഉരിയാടാത്തതെന്താണ്; സംവിധായകൻ ജോയ് മാത്യു

കോപ്പിയടിയെ ന്യായീകരിച്ച് രംഗത്ത് വന്നവർ രണ്ടു നരബലി നടന്നിട്ടും മിണ്ടാത്തതെന്താണെന്ന് സംവിധായകൻ ജോയ് മാത്യു. കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തില്‍ മൗനം പാലിച്ച സാഹിത്യകാരന്മാര്‍ക്കെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുകയാണ് ജോയ് മാത്യു. കവിത കോപ്പിയടിച്ചതിനെ ന്യായീകരിക്കാന്‍ വന്ന സാഹിത്യ അക്കാദമി ജീവികളൊന്നും നാട്ടില്‍ രണ്ടു നരബലി നടന്നിട്ടും ഒന്നും ഉരിയാടാത്തതെന്താണെന്ന് സംവിധായകന്‍ ജോയ് മാത്യു ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് താരം പ്രതികരിച്ചത്.

‘കവിത കോപ്പിയടിച്ചതിനെ ന്യായീകരിക്കാൻ വന്ന സാഹിത്യ അക്കാദമി ജീവികളൊന്നും നാട്ടിൽ രണ്ടു നരബലി നടന്നിട്ടും ഒന്നും ഉരിയാടാത്തതെന്താണ്? ഇവർ സാഹിത്യത്തിൽ മാത്രമേ ഇടപെടൂ എന്നാണോ? സാഹിത്യത്തെക്കാൾ വലുതാണ് മനുഷ്യജീവൻ എന്ന് എന്നാണു ഈ പരാന്നഭോജികൾ തിരിച്ചറിയുക?’–ജോയ് മാത്യു കുറിച്ചു.

കൊലവിളികള്‍ ഉള്ളില്‍ ഒളിപ്പിച്ച ഘോഷയാത്രകളാണ് നടക്കുന്നതെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ അപരനെ പോരിനു വിളിക്കുകയാണെന്നും അദ്ദേഹം പറയുന്നു.‌‌

ജോയ് മാത്യുവിന്റെ വാക്കുകൾ

‘ഘോഷയാത്രകൾ ജനങ്ങളെ പേടിപ്പിക്കാനുള്ളതാണ് .അത് ജനസമ്പർക്കമായാലും ജനമൈത്രി ആയാലും ജനസംരക്ഷണമായാലും ഇനി മറ്റുവല്ല പേരിലായാലും എല്ലാം കൊലവിളികൾ ഉള്ളിൽ ഒളിപ്പിച്ച് വെച്ചുള്ള ആഘോഷയാത്രകളാണ് .

അപരനെ പോരിന് വിളിക്കുകയാണ് ഓരോ പാർട്ടിക്കാരനും. ബലിയാകുന്നതോ സാധാരണക്കാരായ ജനങ്ങളും. ഇന്നു കാസർകോഡ് രണ്ടു ചെറുപ്പക്കാരാണ് കൊലക്കത്തിക്കിരയായത്. നാളെ സർവ്വകക്ഷി യോഗം ചേരും ,നേതാക്കൾപരസ്പരം കൈകൊടുത്തും കെട്ടിപ്പിടിച്ചും പിന്നെ ചായകുടിച്ചും പിരിയും. കൊല്ലപ്പെട്ടവരുടെ വേർപാട് സൃഷ്ടിക്കുന്ന ദുഃഖം അവരുടെ സ്വന്തക്കാർക്കും ബന്ധുക്കൾക്കും മാത്രം.

ഒരു ഹർത്തൽ പ്രഖ്യാപിച്ചാൽ മരിച്ചവർ തിരിച്ചു വരുമോ ? പുതിയൊരു സമരരൂപം പോലും വിഭാവനം ചെയ്യാൻ കഴിയാത്ത, ഒരു പണിയും ചെയ്തു ശീലമില്ലാത്ത ഘോഷയാത്രികരായ ഈ വാഴപ്പിണ്ടി രാഷ്ട്രീയക്കാരെ തിരസ്കരിക്കാൻ കഴിയുന്ന ഒരു തലമുറയ്ക്കെ ഇനി ഈ നാടിനെ രക്ഷിക്കാനാകൂ.

എല്ലാ പാർട്ടിക്കാരും അവരുടെ (ആ)ഘോഷയാത്രകൾ തുടങ്ങുന്നത് കാസർകോട് നിന്നുമാണ് . ഇമ്മാതിരി ശവഘോഷയാത്രകൾ ഇനി ഈ ജില്ലയിൽ നിന്നും തുടങ്ങേണ്ട എന്ന് കാസര്‍കോട്ടുള്ളവർ ഒന്ന് മനസ്സ് വെച്ചാ മതി , അങ്ങനെ ഓരോ ജില്ലക്കാരും ഇതുപോലെ തീരുമാനിക്കുന്ന കാലം വരുമെന്ന് നമുക്ക് സ്വപ്നം കാണാനെങ്കിലും കഴിയട്ടെ…’–ജോയ് മാത്യു പറഞ്ഞു.

joy mathew facebook post

HariPriya PB :