പ്രണവിനെ സിനിമയിൽ കൊണ്ടുവന്നത് വലിയൊരു ഉത്തരവാദിത്തമായിരുന്നു – ജീത്തു ജോസഫ്

മലയാള സിനിമക്ക് ഒരുപിടി ത്രില്ലറുകൾ സമ്മാനിച്ച സംവിധായകനാണ് ജിത്തു ജോസഫ്. ദൃശ്യത്തിലും മെമ്മറീസിലും ആദിയിലും എല്ലാം ഇത് തന്നെയാണ് കാണാൻ സാധിച്ചതും. എന്നാൽ അങ്ങനെ ത്രില്ലെർ സംവിധായകൻ എന്ന പേരിൽ ഒതുങ്ങി നിൽക്കാൻ ആഗ്രഹമില്ലെന്നു പറയുകയാണ് ജീത്തു ജോസഫ്.

കോമഡി ചിത്രമായ ‘ലൈഫ് ഓഫ് ജോസൂട്ടി’യുടെ ക്ലൈമാക്‌സില്‍ പോലും ട്വിസ്റ്റ് പ്രതീക്ഷിച്ച വ്യക്തികളുണ്ടെന്ന് അറിഞ്ഞിരുന്നു, അത്തരം സംഭവങ്ങള്‍ ഞെട്ടലുണ്ടാക്കിയതാണെന്നും ‘ദ ഹിന്ദു ഫ്രൈഡേ റിവ്യൂ’വിന് നല്‍കിയ അഭിമുഖത്തില്‍ ജീത്തു ജോസഫ് പ്രതികരിച്ചു.

തന്റെ ചിത്രങ്ങളില്‍ ‘ഡിറ്റക്ടീവ്’ ആണ് ഒരു രഹസ്യാന്വേഷണാത്മക രീതിയിലുള്ള ചിത്രം, ‘മെമ്മറീസ്’ മുഴുവന്‍ സമയ ത്രില്ലറാകുമ്പോള്‍ ‘ദൃശ്യം’ ത്രില്ലര്‍ സ്വഭാവമുള്ള ഒരു കുടുംബ ചിത്രമാണ്. ‘ഊഴ’വും ‘ആദി’യും ആക്ഷന്‍ ചിത്രങ്ങളാണെന്നും ജീത്തു ജോസഫ് പറഞ്ഞു.

ദൃശ്യത്തിന്റെ വിജയത്തിന് ശേഷം പിന്നീട് വന്ന മറ്റ് ചിത്രങ്ങള്‍ അതുമായി താരതമ്യം ചെയ്യുന്ന അവസ്ഥയുണ്ടായിരുന്നു അത് കുറച്ചു കാലം തന്നെ അലട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ഇപ്പോള്‍ ചിത്രത്തിന്റെ കണക്കുകള്‍ ബാധിക്കാറില്ല. സാമാന്യം ലാഭമുണ്ടാക്കുന്ന നല്ല ചിത്രങ്ങളുണ്ടാക്കണമെന്നാണ് ആഗ്രഹമെന്നും അതിനപ്പുറം ലഭിക്കുന്നതെല്ലാം ബോണസാണെന്നും ജീത്തു ജോസഫ് കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാലിന്റെ മകനെന്ന നിലയില്‍ പ്രണവിനെ സിനിമയില്‍ കൊണ്ടു വന്നത് വലിയ ഉത്തരവാദിത്വമാണെന്ന് പറയുന്ന അദ്ദേഹം അത് കുറച്ചധികം ടെന്‍ഷന്‍ ഉണ്ടാക്കിയെന്നും സമ്മതിക്കുന്നു.

മോഹന്‍ലാലിന്റെ മകനെ സിനിമയിലേക്ക് കൊണ്ടു വരുന്നതില്‍ കുറേ പ്രതീക്ഷകളുണ്ടായിരുന്നു.ആ നിലയില്‍ പ്രണവിനെ സിനിമയില്‍ ആദ്യമായി കൊണ്ടു വരുക എന്നത് വലിയൊരു ഉത്തരവാദിത്വമായിരുന്നു. എന്റെ ആദ്യ ചിത്രം ചെയ്യുമ്പോള്‍ പോലും അത്ര ടെന്‍ഷന്‍ ഉണ്ടായിട്ടില്ല. എന്നിരുന്നാല്‍ പോലും അത് എനിക്കൊരു അവസരം കൂടിയായിരുന്നു.

ആദി എന്ന ചിത്രത്തിലൂടെയായിരുന്നു പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റം. ചിത്രത്തിലഭിനയിക്കുന്നതിന് മുന്‍പ് സഹസംവിധായകനായും പ്രണവ് ജീത്തു ജോസഫിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു.

റിഷി കപൂറിനും ഇമ്രാന്‍ ഹാഷ്മിക്കുമൊപ്പം ചേര്‍ന്നൊരുക്കുന്ന ബോളിവുഡ് ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടതിലാണെന്നും ജീത്തു പറയുന്നു. അടുത്ത ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ നടന്നു കൊണ്ടിരിക്കുന്നു. അതിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഒരു മലയാള ചിത്രമൊരുക്കുമെന്നും ജീത്തു പറഞ്ഞു.

jeethu joseph about pranav mohanlal

Sruthi S :